വാണിമേലില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റികള്‍ കൂട്ടിച്ചേര്‍ത്തു
വാണിമേല്‍: സി.പി.എം വാണിമേല്‍ ലോക്കലിലെ രണ്ടു ബ്രാഞ്ചുകള്‍ പിരിച്ചുവിട്ട് ഒരു കമ്മിറ്റിയാക്കി രൂപീകരിച്ചു. കോക്രി, ചിറ്റാരി ബ്രാഞ്ച് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. ലോക്കല്‍ സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വാണിമേലില്‍ ഇതാദ്യമായാണ് സി.പി.എമ്മിനെതിരേ പ്രദേശത്തു അനുയായികള്‍ പ്രകടനം നടത്തുന്നത്.
നിലവിലെ ചിറ്റാരി ബ്രാഞ്ച് സെക്രട്ടറി ഐ. അനില്‍, കോക്രി ബ്രാഞ്ച് സെക്രട്ടറി പി.ബി ബൈജു എന്നിവരെ അറിയിക്കാതെയാണ് കമ്മിറ്റി പിരിച്ചുവിട്ടതെന്ന ആക്ഷേപം അണികള്‍ക്കിടയില്‍ ശക്തമാണ്. പുതിയ സംയുക്ത ബ്രാഞ്ചിന്റെ സെക്രട്ടറിയായി എ.കെ കുഞ്ഞിരാമനെയാണ് നിയമിച്ചത്.
ഒരു വര്‍ഷത്തിനുള്ളില്‍ ലോക്കല്‍ കമ്മിറ്റി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടല്‍ എന്നാണ് ഒരുവിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം വര്‍ഷങ്ങളായി അണികള്‍ ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് ബ്രാഞ്ചുകള്‍ പിരിച്ചുവിട്ടതെന്നാണ് പാര്‍ട്ടി നല്കുന്ന വിശദീകരണം. പാര്‍ട്ടിയില്‍ നിലവിലുള്ള ലോക്കല്‍ സെക്രട്ടറിയെ അനുകൂലിക്കുന്ന വിഭാഗത്തിന് വേണ്ടിയാണ് ബ്രാഞ്ചുകള്‍ പിരിച്ചുവിട്ടതെന്നാണ് എതിര്‍പക്ഷം പറയുന്നത്. ലോക്കല്‍ സെക്രട്ടറിക്ക് സ്വാധീനം കുറഞ്ഞ കൊമ്മിയോട് ബ്രാഞ്ച് വിഭജിച്ച് അനുകൂലിക്കുന്നവരെ ഉള്‍പ്പെടുത്തി മറ്റൊരു ബ്രാഞ്ച് കൂടി പ്രദേശത്ത് രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."