ഈ ക്ഷേത്രമെങ്ങനെ ഐക്യപ്രതീകമാകും?
പതിറ്റാണ്ടുകളായി വിവാദഭൂമിയായ, രാജ്യം മുഴുവന്‍ അക്രമം വിതയ്ക്കാന്‍ നിമിത്തമായ അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു: ദേശീയവികാരത്തിന്റെയും ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തിന്റെയും പ്രതീകമാകും ഈ ക്ഷേത്രം. ക്ഷേത്രനിര്‍മാണത്തിന് സ്വാതന്ത്ര്യസമരത്തിലെന്ന പോലെ ജനം കൈകോര്‍ക്കും. കാരണം, രാജ്യത്തിന്റെ ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും കണ്ണിയാണ് രാമന്‍.
മോദി വിശേഷിപ്പിച്ചപോലെ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുതന്നെ സമ്പന്നമായ സംസ്‌കാരം നിലനിന്ന ഭൂപ്രദേശമാണ് ഇന്ത്യ. പക്ഷേ, അതു മോദിയും അനുയായികളും വിശ്വസിക്കുന്ന തരത്തിലായിരുന്നില്ല. ലോകത്തിലെ ഏതു വിശ്വാസത്തെയും ആചാരത്തെയും സംസ്‌കാരത്തെയും പൗരാണികകാലം മുതല്‍ ഒരേപോലെ ആദരിച്ച നാടാണ് ഇന്ത്യ. അത് ആരുടെയെങ്കിലും ഔദാര്യമായിരുന്നില്ല. കാരണം, ഇന്ത്യ ഏതെങ്കിലും സമുദായത്തിന്റെയോ സംസ്‌കാരത്തിന്റെയോ വിശ്വാസസംഹിതയുടെയോ സ്വകാര്യസ്വത്തായിരുന്നില്ല.
പില്‍ക്കാലത്തു നമ്മള്‍ ഭരണഘടനയുടെ ഭാഗമാക്കിയ മതേതരത്വമെന്ന മഹനീയ ആശയം ഭരണഘടനയുടെ അനുശാസനമോ ഭരണാധികാരിയുടെ ആജ്ഞയോ ഇല്ലാതെ തന്നെ നെഞ്ചേറ്റിയ നാടാണിത്. ഇവിടെ എല്ലാതരം വിശ്വാസങ്ങള്‍ക്കും സ്ഥാനമുണ്ടായിരുന്നു. ശൈവരും വൈഷ്ണവരും അഘോരികളും കാളിയെയും കൂളിയെയും മാടനെയും ചാത്തനെയും ആരാധിക്കുന്നവരും ഇവിടെ ഉണ്ടായിരുന്നു. ഇവിടെ ദൈവാരാധന നടത്താത്ത ബുദ്ധ, ജൈന മതവിശ്വാസികളും ദൈവനിഷേധികളായ ചാര്‍വാകന്മാരുണ്ടായിരുന്നു.
ആയിരക്കണക്കിനു രാജാക്കന്മാരും നാടുവാഴികളും കൊടിയശത്രുതയോടെ അടരാടിയ അക്കാലത്തും ഇവിടെ എല്ലാ മതവിഭാഗങ്ങളും മതരഹിതരും സഹവര്‍ത്തിത്വം നിലനിര്‍ത്തി. രാജ്യത്തിനു മതമില്ല, അതേസമയം എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന എന്ന നമ്മുടെ മതേതരസിദ്ധാന്തത്തിന് ഇക്കാലത്ത് കടലാസില്‍ മാത്രമാണു സ്ഥാനമെങ്കില്‍, അന്നത് ഭരണാധികാരികള്‍ യാഥാര്‍ഥ്യമാക്കിയിരുന്നു. അതാണ്, ഇന്ത്യയുടെ മഹത്തായ പാരമ്പര്യം.
നഷ്ടപ്പെട്ടുപോയ, അല്ല ബോധപൂര്‍വം തകര്‍ത്തെറിഞ്ഞ, ആ പാരമ്പര്യം തിരികെ പിടിക്കാന്‍ അയോധ്യയിലെ രാമക്ഷേത്രനിര്‍മാണത്തിനു കഴിയുമെന്നാണോ നരേന്ദ്രമോദി പറയുന്നത്. മോദിയുടെ നേതൃത്വത്തില്‍ രാമക്ഷേത്രത്തിനു വെള്ളിയില്‍ പൊതിഞ്ഞ തറക്കല്ലിട്ട അതേ ദിവസവും അതിനു മുമ്പും സംഘ്പരിവാര്‍ നേതാക്കള്‍ പലരും നടത്തിയ പരാമര്‍ശങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ക്കുകയും അവയുമായി മോദിയുടെ നേരത്തേ ഉദ്ധരിച്ച വാക്കുകള്‍ കൂട്ടിവായിക്കുകയും ചെയ്താലേ മോദി ഉദ്ദേശിച്ച ഐക്യപ്രതീകത്തിന്റെ അര്‍ഥം ബോധ്യമാകൂ.
അടുത്തലക്ഷ്യം രാമരാജ്യനിര്‍മ്മിതിയാണെന്നാണ് സംഘ്പരിവാര്‍ പറയുന്നത്. രാമരാജ്യമെന്ന സങ്കല്‍പ്പം നേരത്തേ മറ്റൊരാള്‍ ഇവിടെ അവതരിപ്പിച്ചിരുന്നു. അതു മഹാത്മാഗാന്ധിയായിരുന്നു. ഗാന്ധിയുടെ രാമരാജ്യം ഹിന്ദുരാഷ്ട്രമായിരുന്നില്ല. രാമനെ വാല്‍മീകി അവതരിപ്പിച്ചപോലെ മര്യാദാപുരുഷനായാണു ഗാന്ധി കണ്ടത്. അധികാരതാല്‍പ്പര്യമില്ലാതെ, ജാതി, മതവിവേചനമില്ലാതെ, നീതിക്കൊപ്പം നില്‍ക്കുകയും അനീതിക്കെതിരേ പൊരുതുകയും ചെയ്ത, ഭരണാധികാരിയും ഭരണാധികാരിയുടെ ബന്ധുക്കളും കളങ്കരഹിതരാണെന്ന വിശ്വാസം ജനഹൃദയത്തില്‍ ഉണ്ടാകണമെന്നു ശഠിച്ച, ജനക്ഷേമം മാത്രം ലക്ഷ്യമാക്കി പ്രവൃത്തിച്ച ഭരണാധികാരിയായിരുന്നു വാല്‍മീകിയുടെ രാമന്‍. ആ രാമന്‍ ഭരിച്ചപോലൊരു ക്ഷേമരാഷ്ട്രമായിരുന്നു ഗാന്ധിയുടെ മനസിലെ രാമരാജ്യം.
അതാണോ, അതല്ല ഹിന്ദുരാഷ്ട്രമാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് സംഘ്പരിവാര്‍ നേതാക്കളുടെ മറുപടി, ഇന്ത്യ അനാദികാലം മുതല്‍ ഹിന്ദുരാഷ്ട്രമാണല്ലോ എന്നാണ്. പൗരാണികഹിന്ദുക്കളുടെ ഹൃദയവിശാലത കൊണ്ടാണ് മറ്റെല്ലാ മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഇവിടെ അഭയം ലഭിച്ചതെന്നും അവര്‍ പറയുന്നു. മോദിയുടെ പ്രസംഗത്തിലെ, ഇന്ത്യയുടെ മഹത്തായ പാരമ്പര്യമെന്നും ദേശീയവികാരമെന്നും മറ്റുമുള്ള വാക്കുകളുടെ ആന്തരാര്‍ഥം ഈ പശ്ചാത്തലത്തിലാണു വ്യക്തമാകുക. ഇനി, ഇതു ഞങ്ങളുടെ രാജ്യമാണ്, ഞങ്ങളുടെ മഹാമനസ്‌കതയില്‍ (ഔദാര്യത്തില്‍) നിങ്ങള്‍ക്കിവിടെ കഴിയാം എന്നര്‍ഥം. ഇതു തന്നെയാണല്ലോ പണ്ടു സാക്ഷി മഹാരാജും മറ്റും, കടന്നുപോകൂ പാകിസ്താനിലേയ്ക്ക് എന്നു പറഞ്ഞതിന്റെയും പൊരുള്‍.
ഹിന്ദുരാഷ്ട്രമെന്ന വാക്ക് വര്‍ഗീയമല്ലെന്നു സ്ഥാപിച്ചെടുക്കാന്‍ ചിലര്‍ നടത്തിയ സാഹസം കൗതുകകരമാണ്. ഹിന്ദു എന്ന വാക്ക് മതപ്രതീകമല്ലെന്നും സംസ്‌കാരപ്രതീകമാണെന്നുമാണ് അവര്‍ പറയുന്നത്. ഇന്ത്യയില്‍ ജനിച്ചവരും ഇവിടത്തെ പൗരാണിക സംസ്‌കൃതിയെ അംഗീകരിക്കുന്നവരുമെല്ലാം, അവര്‍ ഏതു മതത്തില്‍പ്പെട്ടാലും, ഹിന്ദുക്കളാണ്. (മുസ്‌ലിംരാഷ്ട്രങ്ങളില്‍പ്പോലും രാമന്‍ ആരാധിക്കപ്പെടുന്നുണ്ട് എന്ന മോദിയുടെ പ്രസംഗപരാമര്‍ശം ഇവിടെ ചേര്‍ത്തുവായിക്കാം.)
ഹിന്ദുമതം എന്നൊരു മതം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല എന്നതു സത്യം. നൂറുകണക്കിനു ജാതി, ഉപജാതികളില്‍പ്പെട്ടവര്‍ ഒരിക്കലും പരസ്പരം അംഗീകരിക്കുകയോ കൂടിക്കഴിയുകയോ ചെയ്തിരുന്നില്ല. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അതിശക്തമായിരുന്ന ഇടത്ത് അവര്‍ക്കു ഒരു മതമായി ജീവിക്കാന്‍ കഴിയില്ലല്ലോ. പിന്നെ ഉണ്ടായിരുന്നത് സവര്‍ണന് അധികാരവും സമ്പത്തും ഉറപ്പുവരുത്തിയ ചാതുര്‍വര്‍ണ്യസംവിധാനമായിരുന്നു.
ബ്രിട്ടിഷുകാരാണ് ഒരു മതത്തിലും പെടാത്ത സവര്‍ണരെയും അവര്‍ണരെയുമെല്ലാം ഒന്നിച്ചുകൂട്ടി ഹിന്ദുമതമെന്ന നാമകരണം ചെയ്തത്. അപ്പോഴും സവര്‍ണന്‍ അവര്‍ണനെ തന്റെ മതത്തില്‍പ്പെട്ടവനായി അംഗീകരിച്ചിരുന്നില്ല.
ബ്രിട്ടിഷ് ഭരണം പോയി ജനാധിപത്യം വന്നപ്പോള്‍ അധികാരം പിടിച്ചെടുക്കാന്‍ ഹിന്ദു ആയുധം അനിവാര്യമാണെന്ന് അവര്‍ക്കു തോന്നി. പൊതുശത്രുവിനെ സൃഷ്ടിച്ച് അതു നേടിയെടുക്കാമെന്ന ചരിത്രപാഠവും അവര്‍ ഉള്‍ക്കൊണ്ടു. അതിനവര്‍ക്കു പറ്റിയൊരു സാഹചര്യവും ഒത്തു കിട്ടി, ഇന്ത്യാവിഭജനം. അതോടെ മുസ്‌ലിം ഹിന്ദുവിന്റെ പൊതുശത്രുവാണെന്ന വിശ്വാസത്തിനു ശിലപാകപ്പെട്ടു.
തൊട്ടുപിന്നാലെ കൈവന്ന ആയുധമായിരുന്നു ബാബരി മസ്ജിദ്. ആരാധനാലയ തര്‍ക്കമുണ്ടായപ്പോള്‍ ബ്രിട്ടിഷുകാരുടെ മേല്‍ക്കൈയില്‍ ഉണ്ടാക്കിയതും ഇരുവിഭാഗവും അനുസരണയോടെ നടപ്പാക്കി വന്നതുമായ ഒത്തുതീര്‍പ്പ് സ്വാതന്ത്ര്യലബ്ധിയുടെ തൊട്ടുപിന്നാലെ തകര്‍ക്കപ്പെട്ടു. വളരെ നിഗൂഢമായി പള്ളിക്കുള്ളില്‍ രാമവിഗ്രഹമെത്തി.
അപ്പോഴും അക്കാലത്തെ മതേതര ഭരണകൂടം ഇടപെട്ടു ചോരച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ താല്‍ക്കാലിക പരിഹാരമുണ്ടാക്കി. പക്ഷേ, അതു പില്‍ക്കാല ഭരണാധികാരികളുടെ ഒത്താശയോടെ അട്ടിമറിക്കപ്പെട്ടു. ഒടുവില്‍, പകല്‍വെളിച്ചത്തില്‍ അന്നു ടെലിവിഷന്‍ വീക്ഷിച്ച മനുഷ്യസ്‌നേഹികളെ മുഴുവന്‍ ഞെട്ടിപ്പിച്ചുകൊണ്ട്, ഒരു സമുദായത്തിന്റെ മുഴുവന്‍ നെഞ്ചുപിളര്‍ത്തിക്കൊണ്ട് ബാബരി മസ്ജിദ് ധൂളിയാക്കപ്പെട്ടു. ഇപ്പോള്‍ കോടതി വിധിയുടെ ബലത്തില്‍ അവിടെ ക്ഷേത്രം പണിതുയര്‍ത്തുകയാണ്. ഇതെങ്ങനെ ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന്റെ തിരിച്ചുവരവാകും.
മോദിയും സംഘ്പരിവാറും ഉദ്ദേശിച്ചതും ആ പൗരാണിക പാരമ്പര്യത്തിന്റെയോ മഹാത്മജി ഉദ്ദേശിച്ച രാമരാജ്യത്തിന്റെയോ സംസ്ഥാപനമല്ലെന്നു വ്യക്തം. തീര്‍ച്ചയായും ഒരു ഐക്യതാല്‍പ്പര്യം അതിനു പിന്നിലുണ്ട്. അത് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ഐക്യമല്ല, ഇപ്പോള്‍ ഹിന്ദു എന്നു പറയപ്പെടുന്ന മതത്തിന്റെ പട്ടികയിലുള്ള സവര്‍ണ, അവര്‍ണസമുദായങ്ങളുടെ ഐക്യമാണ്. അവര്‍ണനോടുള്ള സ്‌നേഹമല്ല, അധികാരം നിലനിര്‍ത്തല്‍ മാത്രമാണ്, അതിനു പിന്നിലെ താല്‍പ്പര്യം.
രാമക്ഷേത്രനിര്‍മാണത്തെക്കുറിച്ച് അതിന്റെ സംഘാടകര്‍ പറഞ്ഞ വാക്കുകളില്‍ ആ താല്‍പ്പര്യം ഒളിഞ്ഞിരിപ്പുണ്ട്. നാലുവര്‍ഷം കൊണ്ട് ക്ഷേത്രത്തിന്റെ ആദ്യനിര്‍മാണം പൂര്‍ത്തിയാകും. (അതൊരു വന്‍ ആഘോഷമാക്കും. അപ്പോഴേയ്ക്കും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പു വരും.) സമ്പൂര്‍ണപൂര്‍ത്തീകരണം 10 വര്‍ഷത്തിനുള്ളില്‍ നടക്കും. അപ്പോള്‍, അടുത്ത തെരഞ്ഞെടുപ്പ്. ഹിന്ദു വികാരം ഏതു പെട്ടിയില്‍ വീഴുമെന്നു പറയേണ്ടതില്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."