വിദ്യാഭ്യാസ വായ്പ നല്കാന് ബാങ്കുകള്‍ തയാറാകുന്നില്ല; വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
പുല്‍പ്പള്ളി: മേഖലയിലെ ദേശസാല്‍കൃത, ഷെഡ്യൂള്‍ ബാങ്കുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് വിദ്യാഭ്യാസ വായ്പ നല്കാന് തയാറാകുന്നില്ലെന്ന് കര്‍ഷക രക്ഷാസമിതിയോഗം.
കേന്ദ്ര സര്‍ക്കാര്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് സെക്യൂരിറ്റിയില്ലാതെ ലോണ്‍ നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും വായ്പ നല്കാന് ബാങ്കുകള്‍ തയാറാകുന്നില്ല.
ഇത് കാരണം വിവിധ കോളജുകളില്‍ ബാങ്കുകളില്‍നിന്ന് ലോണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അഡ്മിഷന് നേടിയ വിദ്യാര്‍ഥികള്‍ വായ്പ ലഭിക്കാത്തത് കാരണം തിരിച്ച് പോരേണ്ട അവസ്ഥയിലാണ്. 90 ശതമാനത്തിന് മുകളില്‍ മാര്‍ക്കുള്ളവര്‍ക്കും ലോണിന് സെക്യൂരിറ്റി നല്കുന്നവര്ക്കും മാത്രമേ ലോണ്‍ നല്കാന് കഴിയുകയുള്ളൂവെന്ന ബാങ്കുകളുടെ നിലപാടാണ് വിദ്യാര്‍ഥികളെ വലയ്ക്കുന്നത്.
വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് അതാത് ഏരിയകളിലുള്ള ബാങ്കുകളില്‍ ലോണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ലോണിന് അപേക്ഷ നല്കിയ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ബാങ്കുകളുടെ ഈ നിഷേധാത്മക സമീപനം കാരണം ദുരിതത്തിലായിരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്കാന് ബാങ്കുകള്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.ജെ മാത്യു അധ്യക്ഷനായി. കെ.ജെ ജോസ്, ടി.എം ജോര്‍ജ്, പി.എ ഡീവന്‍സ്, കെ.ആര് ജയരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."