പറമ്പിച്ചേരി കോളനിക്കാര്‍ കുടിവെള്ളമില്ലാതെ വലയുന്നു
ബാലുശ്ശേരി: നന്മണ്ട പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കേളോത്ത് പറമ്പിച്ചേരി ജവഹര്‍ കോളനി വാസികള്‍ കുടിവെള്ളമില്ലാതെ വലയുന്നു. കുടിവെള്ളക്ഷാമം നേരിടുന്നതിനാല്‍ കോളനിയിലെ കുടുംബങ്ങള്‍ താമസം മാറ്റേണ്ട സ്ഥിതിയിലാണ്. നേരത്തെ പത്തു കുടുംബങ്ങള്‍ താമസിച്ചിരുന്ന കോളനിയില്‍ ഇപ്പോള്‍ ആറു കുടുംബങ്ങള്‍ മാത്രമാണ് കഴിയുന്നത്.
കോളനിവാസികള്‍ക്ക് ഏക ആശ്രയമായിരുന്ന ഇരുപത്തി അഞ്ചടിയോളം താഴ്ചയുള്ള കിണര്‍ വറ്റിയതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മൂന്നു മഴവെള്ള സംഭരണികള്‍ സ്ഥാപിച്ചുവെങ്കിലും സ്ഥലപരിമിതി കാരണം ഒരു സംഭരണി പൊളിച്ചുമാറ്റി. ബാക്കിയുള്ള രണ്ടു സംഭരണികളുടെയും പൈപ്പ് പൊട്ടിയ അവസ്ഥയിലാണ്. ഇതു മാറ്റിസ്ഥാപിക്കാത്തതിനാല്‍ രണ്ടു സംഭരണികളും നോക്കുകുത്തിയായി മാറി. ഇവര്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് പണമടച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് റവന്യൂ വകുപ്പ് താല്‍ക്കാലികമായി നിര്‍മിച്ച ടാങ്കില്‍ നിന്ന് അല്‍പ്പം വെള്ളം മാത്രമാണ് ലഭിക്കുന്നത്. കുടിവെള്ളത്തിന് സാശ്വത പരിഹാരം കാണണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."