അങ്കണവാടി പുനരുദ്ധാരണം വിനയായി; കുട്ടികളെ അയക്കാന്‍ തയാറാകാതെ രക്ഷിതാക്കള്‍
പേരാമ്പ്ര: ലക്ഷങ്ങള്‍ ചെലവഴിച്ച് പുനര്‍നിര്‍മിച്ച അങ്കണവാടിയിലേക്ക് കുട്ടികളെ പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ തയാറാകുന്നില്ല. ചക്കിട്ടപാറ പഞ്ചായത്ത് അണ്ണക്കുട്ടന്‍ചാലിലെ 15-ാം നമ്പര്‍ അങ്കണവാടി ഏഴു ലക്ഷത്തോളം രൂപ വകയിരുത്തി പുനരുദ്ധരിച്ചെങ്കിലും കുട്ടികളുടെ സുരക്ഷയെ ചൊല്ലിരക്ഷിതാക്കള്‍ ആശങ്കയിലാണ്. കെട്ടിടം എപ്പോഴും തകര്‍ന്നുവീഴുമെന്ന ഭയത്തിലാണ് രക്ഷിതാക്കള്‍.
2001-02 കാലഘട്ടത്തിലാണ് കെട്ടിടത്തിന്റെ ഒന്നാംഘട്ടമായി ഹാള്‍ നിര്‍മിച്ചത്. 15 വര്‍ഷത്തിനുശേഷം ഇതിന്റെ മേല്‍ഭാഗത്ത് മറ്റൊരു ഹാള്‍ നിര്‍മിച്ചതോടെയാണ് സുരക്ഷാ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. അടിനില ഭിത്തിക്കും തറക്കും വിള്ളല്‍ സംഭവിച്ചതോടെ കെട്ടിടത്തിന്റെ ഉറപ്പും സുരക്ഷയും സംബന്ധിച്ച ആശങ്ക ഏറെയായി. രക്ഷിതാക്കളും വെല്‍ഫെയര്‍ കമ്മിറ്റിയും പ്രശ്‌നം സാമൂഹികക്ഷേമ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. അങ്കണവാടി സൂപ്പര്‍വൈസര്‍ പേരാമ്പ്ര സി.ഡി.പി.ഒക്കു റിപ്പോര്‍ട്ടും കൈമാറിയിട്ടുണ്ട്. തുടര്‍ന്ന് ബന്ധപ്പെട്ട സാങ്കേതികവിഭാഗങ്ങളോട് രേഖാമൂലം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എന്നാല്‍ കെട്ടിടം സുരക്ഷിതമാണെന്ന് ആര്‍ക്കും ഉറപ്പു നല്‍കാനാവാത്ത സാഹചര്യത്തില്‍ പ്രശ്‌നം ഇപ്പോള്‍ കോഴിക്കോട് എന്‍ജിനീയറിങ് കോളജിനു നല്‍കിയിരിക്കുകയാണ്. ഇവരെത്തി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതിനനുസരിച്ചു മാത്രമേ കെട്ടിടം ഉപയോഗിക്കാനാകൂ.
ലക്ഷങ്ങള്‍ വകയിരുത്തി കെട്ടിട പുനഃരുദ്ധാരണ പ്രവൃത്തി നടത്തുന്നതിനു മുന്‍പ് അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റിയോട് ആലോചന നടത്താത്തതാണ് ഇപ്പോഴുള്ള പ്രശ്‌നത്തിനു കാരണമെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഇതോടെ ആദ്യമുണ്ടായിരുന്ന ക്ലാസ്മുറിയും ഉപയോഗ ശൂന്യമായിരിക്കുകയാണ്. ചക്കിട്ടപാറ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി വിഷയം നേരത്തെ പരാതി രൂപത്തില്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇതോടെയാണ് കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ചും കെട്ടിടത്തിന്റെ ഉറപ്പിനെക്കുറിച്ചുമെല്ലാം ചര്‍ച്ചയായിത്തുടങ്ങിയത്.അതിനിടെ കെട്ടിടത്തിനു യാതൊരു ബലക്ഷയവുമില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി. കെട്ടിടത്തിന്റെ മേലെയുള്ള പുതിയ ഹാളില്‍ 120 ഓളം പേര്‍ പങ്കെടുത്ത വാര്‍ഡ് ഗ്രാമസഭ നടന്നിട്ടുണ്ടെന്നും ബലക്ഷയം സംഭവിച്ചതായി അറിവില്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനില്‍ പറഞ്ഞു.
എന്നാല്‍ അവധിദിവസമാണ് ഗ്രാമസഭ നടന്നതെന്നും കുട്ടികളുള്ള സമയത്ത് പരിപാടി സംഘടിപ്പിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകില്ലെന്നുമാണ് ഒരുവിഭാഗം വാദിക്കുന്നത്.
അതേസമയം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിര് നി ല്‍ക്കുന്നവരാണ് അങ്കണവാടിയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതെന്നും നാട്ടുകാര്‍ക്കിടയില്‍ ആശങ്ക പ്രചരിപ്പിക്കുന്നതെന്നും വാര്‍ഡ് പ്രതിനിധി കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."