രാമനാട്ടുകര നഗരസഭയുടെ പ്രവര്‍ത്തനം അവതാളത്തില്‍
ഫറോക്ക്: രാമനാട്ടുകര നഗരസഭയിലെ നെറ്റ്‌വര്‍ക്ക് സംവിധാനം തകരാറിലായത് ജനത്തെ വലയ്ക്കുന്നു. ഒരു മാസത്തിലേറെയായി തകരാറിലായ സംവിധാനം പുനസ്ഥാപിക്കാത്തതിനാല്‍ നഗരസഭയിലെത്തുന്ന ആളുകള്‍ സേവനം ലഭിക്കാതെ മടങ്ങുകയാണ്. നഗരസഭയിലെ കംപ്യൂട്ടറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സെര്‍വര്‍ സിസ്റ്റം കേടുവന്നതാണ് നഗരസഭയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചിരിക്കുന്നത്.
ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ രജിസ്‌ട്രേഷന്‍, നികുതി അടയ്ക്കല്‍ എന്നിവയെല്ലാം നഗരസഭയില്‍ മുടങ്ങി കിടക്കുകയാണ്. രണ്ടു ദിവസം മുന്‍പ് നികുതി അടയ്ക്കുന്നതിനു താല്‍ക്കാലിക സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. എന്നാല്‍ ബാക്കിയുളള ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ സെര്‍വര്‍ സംവിധാനം തകരാറിലാണെന്നു പറഞ്ഞു തിരിച്ചയക്കുകയാണ്. വിവാഹ രജിസ്‌ട്രേഷന്‍ നടക്കാത്തത് വിദേശത്ത് പോകുന്നവര്‍ക്ക് വരെ പ്രയാസമായിട്ടുണ്ട്.
അധികം പഴക്കമില്ലാത്ത സെര്‍വര്‍ സംവിധാനം തകരാറിലായത് നഗരസഭയുടെ അനാസ്ഥ മൂലമാണെന്നാണ് ആരോപണം. കാറ്റും വെളിച്ചവുമില്ലാത്ത ഇടുങ്ങിയ മുറിയിലാണ് സെര്‍വര്‍ സ്ഥാപിച്ചിരിക്കുന്നത്. മുറിക്കകത്തുണ്ടായിരുന്ന ഫാന്‍ കേടുവന്നിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ ശരിയാക്കിയിട്ടില്ല.
കൂടാതെ കേടുവന്ന ബാറ്ററികളും കംപ്യൂട്ടര്‍ സ്‌ക്രാപ്പുകളും ഈ റൂമില്‍ കുന്നു കൂട്ടിയിട്ടിരിക്കുകയാണ്. വേണ്ടത്ര വായു സഞ്ചാരമില്ലാത്തതിനലാണ് സര്‍വര്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."