കര്‍ശന നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍പെട്ട സ്ഥാനാര്‍ഥികളുടെ ഒളിച്ചുകളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൈയോടെ പിടികൂടി. സ്ഥാനാര്‍ഥികളുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചു.
സ്ഥാനാര്‍ഥികള്‍ മണ്ഡലം സ്ഥിതി ചെയ്യുന്ന ജില്ലയില്‍ പ്രചാരമുള്ള പത്രങ്ങളിലും ചാനലുകളിലും കേസ് വിവരം പരസ്യപ്പെടുത്താത്തതും ചില സ്ഥാനാര്‍ഥികള്‍ തീരെ പ്രചാരമില്ലാത്ത പത്രങ്ങളില്‍ പരസ്യം നല്‍കുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഇടപെടല്‍. സ്ഥാനാര്‍ഥികള്‍ തങ്ങളുടെ പേരില്‍ നിലനില്‍ക്കുന്ന ക്രിമിനല്‍ കേസുകള്‍ മണ്ഡലങ്ങള്‍ സ്ഥിതി ചെയ്യുന്ന ജില്ലകളില്‍ ഏറ്റവും പ്രചാരമുള്ള മൂന്നു പത്രങ്ങളില്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മൂന്നു തവണ പരസ്യം നല്‍കിയിരിക്കണമെന്നും കൂടാതെ മൂന്നു ചാനലുകളില്‍ ഏഴു സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യം നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.
പരസ്യം നല്‍കുന്ന ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പെടുത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം പ്രായോഗികമല്ലെന്ന നിലപാടിലാണ് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍. 75 ലക്ഷം രൂപയാണ് സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക. പരസ്യത്തിനുള്ള ചെലവും ഇതില്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ചെലവിനു പണമുണ്ടാവില്ലെന്നാണ് പാര്‍ട്ടികളുടെ ആക്ഷേപം.
എന്നാല്‍, സുപ്രിംകോടതിയുടെ ഉത്തരവില്‍ ഇളവു നല്‍കാന്‍ തെരഞ്ഞടുപ്പ് കമ്മിഷനു കഴിയില്ലെന്നും സ്ഥാനാര്‍ഥികള്‍ക്ക് പുറമെ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളുടെ പേരിലുള്ള കേസ് വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി. വോട്ടെടുപ്പിനു ശേഷം 30 ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
സ്ഥാനാര്‍ഥികളുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തി തങ്ങളുടെ മണ്ഡലത്തിലെ വോട്ടര്‍മാരെ അറിയിക്കണമെന്ന് സ്ഥാനാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ സ്ഥാനാര്‍ഥി കോടതിയലക്ഷ്യം നേരിടേണ്ടി വരും. ജയിച്ചാലും തോറ്റാലും തെരഞ്ഞെടുപ്പ് കേസുമായി സുപ്രിംകോടതിയില്‍ കയറിയിറങ്ങേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."