മലേഗാവ് പ്രതി പ്രഗ്യാസിങ് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി
ഭോപ്പാല്‍: സംഘ്പരിവാര്‍ പ്രതിസ്ഥാനത്തുള്ള മലേഗാവ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി സാധ്വി പ്രഗ്യാസിങ് താക്കൂര്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. ഇന്നലെ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു മണിക്കൂറുകള്‍ക്കുള്ളിലാണ് ഭോപ്പാലിലെ സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഗ്യാസിങിന്റെ പേര് പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ്‌വിജയ് സിങ് ആണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തുന്ന എല്ലാവരെയും ഞങ്ങള്‍ ഒരുമിച്ചുനിന്നു തോല്‍പ്പിക്കുമെന്ന് സ്ഥാനാര്‍ഥിത്വത്തിന് തൊട്ടുപിന്നാലെ പ്രഗ്യാസിങ് മാധ്യമങ്ങളോടു പറഞ്ഞു.
മധ്യപ്രദേശില്‍ കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍നിന്ന് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത ജനവികാരം നിലനില്‍ക്കുന്ന ഭോപ്പാലില്‍ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, ഉമാഭാരതി എന്നിവര്‍ മത്സരിക്കാന്‍ വിമുഖത അറിയിച്ചതോടെയാണ് പ്രഗ്യാസിങിന്റെ പേര് ബി.ജെ.പി പരിഗണിച്ചത്.
2008 സെപ്റ്റംബര്‍ 29ന് റമദാനിലാണ് മലേഗാവിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ സ്‌ഫോടനമുണ്ടാവുന്നത്. ഒന്നിലധികം സ്‌ഫോടനങ്ങളില്‍ പത്തുപേര്‍ മരിക്കുകയും 80 പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി.
കേസില്‍ പ്രഗ്യാസിങ്ങിനെതിരേ മക്കോക്ക ചുമത്തിയത് കോടതി ഒഴിവാക്കിയെങ്കിലും യു.എ.പി.എ നിലനിര്‍ത്തിയിരുന്നു. 48 കാരിയായ പ്രഗ്യാസിങ് 2017 മുതല്‍ ജാമ്യത്തിലാണ്. മുസ്‌ലിംകള്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന സ്‌ഫോടനങ്ങള്‍ക്കു പ്രതികാരം ചെയ്യുന്നതിനാണ് പ്രഗ്യാസിങ് മലേഗാവില്‍ സ്‌ഫോടനം നടത്തിയതെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് മലേഗാവ് ഉള്‍പ്പെടെയുള്ള സ്‌ഫോടനങ്ങളിലെ സംഘ്പരിവാര്‍ ബന്ധം പുറത്തുവന്നത്.
ഇതിനു പിന്നാലെ 'കാവി ഭീകരത' എന്ന പ്രയോഗം പ്രചാരത്തിലാവുകയുംചെയ്തു. കാവി ഭീകരത പ്രയോഗം ആവര്‍ത്തിച്ചുപയോഗിച്ചിരുന്ന ദ്വിഗ് വിജയ് സിങ്, സംഘ്പരിവാര്‍ പ്രതിസ്ഥാനത്തുള്ള കേസുകളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് അന്ന് കോണ്‍ഗ്രസ് സര്‍ക്കാരുകളോട് നിരന്തരം ആവശ്യപ്പെടുകയുംചെയ്തിരുന്നു. പുതിയ സാഹചര്യത്തില്‍ ഭോപ്പാലില്‍ പ്രഗ്യാസിങ്ങും ദ്വിഗ്‌വിജയ് സിങ്ങും ഒരിക്കല്‍ക്കൂടെ ഏറ്റുമുട്ടുമ്പോള്‍ 'കാവി ഭീകരത' ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."