HOME
DETAILS
MAL
കരളലിയിച്ച് കരിപ്പൂര്‍
backup
August 09 2020 | 05:08 AM
കോഴിക്കോട്: പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 23 പേരുടെ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 184 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 190 പേരാണ് അപകടം സംഭവിച്ച വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ച 18 പേരില്‍ 14 പേര്‍ മുതിര്‍ന്നവരും നാല് കുട്ടികളുമാണ്. പൈലറ്റും സഹപൈലറ്റും മരണപ്പെട്ടു. ഏഴു പേര്‍ പുരുഷന്‍മാരും ഏഴ് പേര്‍ സ്ത്രീകളുമാണ്. വിവിധ ആശുപത്രികളിലായി 149 പേര്‍ ചികിത്സയിലുണ്ട്. 23 പേര്‍ ആശുപത്രി വിട്ടു. 23 പേരുടെ നില ഗുരുതരമാണ്.
പരുക്കേറ്റവര്‍ 16 ആശുപത്രികളിലായാണ് ചികിത്സയില്‍ കഴിയുന്നത്. തമിഴ്‌നാട്, തെലങ്കാന സ്വദേശികള്‍ക്കും പരുക്കുണ്ട്. ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അറിയുന്നതിന് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍ 0495-2376901. സ്വകാര്യ ആശുപത്രികളിലെ പി.ആര്‍.ഒമാര്‍ വഴിയും വിവരങ്ങള്‍ ലഭ്യമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തകര്‍ന്ന ഭാഗത്തുകൂടെ കൈയിട്ടു; സാന്ത്വനത്തിന്റെ
കരസ്പര്‍ശത്തിലൂടെ ജീവിതത്തിലേക്ക്
ബദിയഡുക്ക (കാസര്‍കോട്): ലാന്‍ഡിങിനിടെ റണ്‍വേയില്‍ നിന്നും താഴേക്ക് പതിച്ചു തകര്‍ന്ന വിമാനത്തില്‍ നിന്നും വിടവില്‍ കൂടി കയ്യിട്ടു വിളിച്ച ഉടന്‍ രക്ഷകരെത്തി. സീതാംഗോളിയിലെ ബി.എസ് അബ്ദുള്‍ഖാദറിന്റെ മകന്‍ ബി.കെ അനസ് അപകടത്തിന്റെ നടുക്കുന്ന ഓര്‍മ ആശുപത്രിയില്‍ നിന്നും ബന്ധുക്കളോട് പങ്കുവെച്ചു.
വിമാനത്തിന്റെ പിന്‍വശത്തെ സീറ്റിലായിരുന്നു അനസ്. വിമാനം ലാന്‍ഡ് ചെയ്തതോടൊപ്പം തന്നെ ഭയാനകമായ ശബ്ദം കേട്ട് നോക്കുന്നതിനിടയില്‍ വിമാനത്തിന്റെ അകത്ത് നിന്നും പലരും നിലവിളിക്കുന്ന ശബ്ദം കേട്ടു. എന്താണ് സംഭവിച്ചതെന്നു പോലും തിരിച്ചറിയാന്‍ പറ്റാത്തതിനിടയില്‍ പൊട്ടിപൊളിഞ്ഞ വിമാനത്തിന്റെ ഒരു ഭാഗത്തുകൂടി കൈയ്യിട്ട് വിളിച്ചപ്പോള്‍ ആരോ വിമാനത്തില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും അനസ് പറഞ്ഞു. ഇടിയുടെ അഘാതത്തില്‍ നെഞ്ചിനും മുഖത്തും ചെറുതായി വേദനയുണ്ട്.കഴിഞ്ഞ എട്ട് വര്‍ഷമായി ദുബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു അനസ്. ഒരു വര്‍ഷം മുന്‍പ് അവധിക്കു നാട്ടിലെത്തി തിരികെ അബുദാബിയിലേക്ക് പോവുകയായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിസ പുതുക്കാന്‍ കഴിയാതെ വന്നതിനാല്‍ എല്ലാം നഷ്ടപ്പെട്ടു ദുഃഖം പേറി നാട്ടിലേക്കുള്ള തിരിച്ചു വരവിലാണ് അപകടം. എങ്കിലും കാര്യമായ പരുക്കുകള്‍ ഏല്‍ക്കാതെ ജീവന്‍ തിരിച്ചു കിട്ടിയതിലുള്ള ആശ്വാസത്തിലാണ് അനസും കുടുംബവും. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അനസ് ചികിത്സയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."