മുല്ലാ നസ്‌റുദ്ദീനും വൈക്കം മുഹമ്മദ് ബഷീറും തമ്മില്‍
സ്ഥലകാല വ്യത്യാസമില്ലാതെ ഏവര്‍ക്കും സുപരിചിതനാണ് മുല്ലാ നസ്‌റുദ്ദീന്‍. മുല്ല നസ്‌റുദ്ദീന്‍, നസ്‌റുദ്ദീന്‍ മുല്ല, ജുഹാ, ഹോജ എന്നിങ്ങനെ, വ്യത്യസ്ത സ്ഥലങ്ങളില്‍ നസ്‌റുദ്ദീന്‍ അറിയപ്പെട്ടത് വൈവിധ്യങ്ങളായ നാമങ്ങളിലായിരുന്നു. തുര്‍ക്കി മംഗോളി ഭരണത്തിന് കീഴിലായ സാഹചര്യത്തിലാണ് സൂഫിയും ദാര്‍ശനികനും സാഹിത്യകാരനുമായ ഹോജയുടെ ജീവിത കാലഘട്ടം. അദ്ദേഹം ജീവിച്ച നൂറ്റാണ്ടിനെ കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ പക്ഷാന്തരമുണ്ട്. 1208 ഹോര്‍ത്തു എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം എന്നാണ് ഭൂരിപക്ഷ ചരിത്രങ്ങളും രേഖപ്പെടുത്തുന്നത്. ചെറുപ്പകാലത്തുതന്നെ ബുദ്ധികൂര്‍മ്മതകൊണ്ടും മതചിട്ടയോടുകൂടിയ ജീവിതരീതി കൊണ്ടും നാട്ടുകാര്‍ക്കിടയില്‍ സുപ്രസിദ്ധനായിരുന്നു ഹോജ. മത വിഷയങ്ങള്‍ പഠിക്കുകയും മനസിലാക്കുകയും ചെയ്ത ഹോജ നാട്ടിലെ പ്രസിദ്ധനായ സൂഫിവര്യന്‍ ജലാലുദ്ദീന്‍ റൂമിയുടെ ആത്മീയ വഴികളില്‍ തത്പരനായിരുന്നു. ജലാലുദ്ദീന്‍ റൂമിയും ഗുരു ഷംസ് തബ്രീസിയും സ്വീകരിച്ച ധാര്‍മിക വഴികളെ പിന്‍പറ്റിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മുഴുവനും. ഹോജ ജീവിതകാലത്ത് റൂമിയെ കണ്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഓരോ മനുഷ്യരെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജീവിതകാലത്തും അതിനപ്പുറം ഹോജ നിറഞ്ഞുനിന്നു. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ അപക്വതകള്‍ക്കെതിരെ തന്റെ കൊച്ചു കൊച്ചു കഥകള്‍ ആയുധങ്ങളാക്കി അദ്ദേഹം പോരാടി. സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന അരാജകത്വങ്ങള്‍ക്കെതിരെയും അബോധ സമീപനങ്ങള്‍ക്കെതിരെയുമുള്ള പരിഹാസമായും പരിഹാരമായും ഹോജാ കഥകള്‍ ഇന്നും നിലനില്‍ക്കുന്നു. വെള്ള താടിയും തുര്‍ക്കികള്‍ ഉപയോഗിക്കുന്ന 'കാവുക' തലപ്പാവും ധരിച്ച് കുതിരപ്പുറത്ത് സവാരി നടത്തല്‍ മുല്ലയുടെ ദിനചര്യയില്‍ പെട്ടതായിരുന്നു. ചരിത്രകാരന്മാര്‍ അദ്ദേഹത്തെ പ്രസ്തുത രീതിയില്‍ വച്ചതായി ഒട്ടനേകം സ്ഥലങ്ങളില്‍ കാണാം. 1284 നാണ് അദേഹത്തിന്റെ മരണം സംഭവിച്ചത് എന്ന് അനുമാനിക്കപ്പെടുന്നു. അക്ഷഹീറില്‍ മുല്ലയുടെ ഖബര്‍ സ്ഥിതി ചെയ്യുന്നിടത്ത് സന്ദര്‍ശകര്‍ക്ക് സ്വാഗതമോതുന്നത് അദ്ദേഹത്തിന്റെ ചില വരികളാണ്.
'ചിരിക്കൂ... നിങ്ങള്‍ ലോകത്തിന്റെ നടുവിലാണ്... '
പൂന്തോട്ടങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ഖബറിടവും അതിന്റെ സമീപത്ത് തന്നെയുള്ള അദ്ദേഹത്തിന്റെ ഒട്ടനേകം കഥകള്‍ കൊത്തിവച്ച പാര്‍ക്കും ഇന്നും വശ്യമനോഹരമായി നിലകൊള്ളുന്നു.
ബേപ്പൂര്‍ സുല്‍ത്താന്റെ
വേറിട്ട വഴികള്‍
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ ഒരു സാധാരണ കുടുംബത്തിലാണ് ബഷീറിന്റെ ജനനം. സാഹസികവും കൗതുകവും നിറഞ്ഞ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാനായി കള്ളവണ്ടി കയറി. ഗാന്ധിയെ തൊട്ട നിമിഷത്തെ പിന്നീട് ബഷീര്‍ അഭിമാനത്തോടെ ഓര്‍ക്കുന്നുണ്ട്. ചെറുപ്പകാലത്തുതന്നെ സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായ ബഷീര്‍ കൊളോണിയല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും അറസ്റ്റുചെയ്യപ്പെടുകയും ചെയ്തു. കാരാഗൃഹ വാസത്തിലാണ് ബഷീറിന്റെയുള്ളില്‍ ഒരു സാഹിത്യകാരന്‍ ഉടലെടുക്കുന്നതും വളര്‍ന്ന് പന്തലിക്കുന്നതും. തടവറയിലെ ഏകാന്തതയില്‍ നിന്നും പിറവിയെടുത്ത കൃതികള്‍ അനല്‍പമായ അക്ഷരങ്ങളുടെ ഭാവിയിലേക്കുള്ള വാതായനമായി മാറുകയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ തീപ്പൊരി പ്രബന്ധങ്ങള്‍ എഴുതുന്ന സാഹചര്യത്തില്‍ ബഷീറിന്റെ തൂലികാനാമം 'പ്രഭ' എന്നായിരുന്നു. യൗവന കാലഘട്ടത്തില്‍ ബഷീര്‍ സഞ്ചാരിയായിരുന്നു. ഉത്തരേന്ത്യയിലെ സൂഫികള്‍ക്കൊപ്പവും ആഫ്രിക്കയിലെ തെരുവോരങ്ങളിലും അറേബ്യന്‍ ഭൂഖണ്ഡങ്ങളിലും 50 വര്‍ഷത്തിലേറെ ബഷീര്‍ ചുറ്റി സഞ്ചരിച്ചു. തനിച്ച സന്യാസം കൊണ്ട് മാത്രം ജീവിതം കഴിച്ചുകൂട്ടുന്നത് ലോകത്തോട് ചെയ്യുന്ന കഠിനമായ ക്രൂരതയാണെന്ന് തിരിച്ചറിഞ്ഞ ബഷീറിന് ചുറ്റുപാടുമുള്ള വിശപ്പും വേദനയും അനുഭവിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കാന്‍ സാധിച്ചില്ല. നിലാരംബ രുടെയും അശരണരുടെയും ജീവിതചിത്രങ്ങള്‍ ലോകര്‍ക്ക് ബോധ്യപ്പെടുത്തി അദ്ദേഹം മുഖ്യധാരയിലേക്ക് കടന്നുവന്നു. അതുവരെ നിലനിന്നിരുന്ന സര്‍ഗ്ഗശൈലികള്‍ക്കതീതമായി മനുഷ്യഭാഷയില്‍ ബഷീര്‍ എഴുതി. 1908 ജനിച്ച ജനിച്ച ബഷീര്‍ 86 വര്‍ഷത്തെ ജീവിതത്തിനുശേഷം 1994 ജൂലൈ 5ന് വിടപറഞ്ഞു.
സാഹിത്യം, സമൂഹം,
പ്രതിരോധം
വിദൂര നൂറ്റാണ്ടുകളില്‍ ജീവിച്ചവരാണ് മുല്ല നസ്‌റുദീനും വൈക്കം മുഹമ്മദ് ബഷീറുമെങ്കിലും അവര്‍ നേരിടേണ്ടി വന്ന സാമൂഹിക ചുറ്റുപാടുകള്‍ സംസാമ്യമായിരുന്നു.
കൊച്ചു കഥകളുടെ രാജാവായിരുന്നു ഹോജ. അധികാരത്തിന്റെ ഇച്ഛാശക്തികള്‍ക്കെതിരെയും ദുര്‍വാശികള്‍ക്കെതിരെയും ഹോജാ കഥകള്‍ നിലകൊണ്ടു. അഹങ്കാരം, കാപട്യം, പൊങ്ങച്ചം, മതമൗലികത എന്നിവകളെ വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം എതിര്‍ത്തു.
'എനിക്ക് താങ്കള്‍ എത്ര വിലയിടും എന്ന് ചോദിച്ച രാജാവിനോട് ഹോജയുടെ മറുപടി ഇരുപത് സ്വര്‍ണ നാണയം എന്നായിരുന്നു. എന്റെ അരപ്പട്ടക്ക് പോലും ഇരുപത് സ്വര്‍ണ നാണയത്തിന്റെ വിലയുണ്ടല്ലോ എന്ന് പുച്ഛഭാവത്തില്‍ പ്രതികരിച്ച രാജാവിനോട് ഹോജ തിരിച്ചടിച്ചത് ഇങ്ങനെ:
അരപ്പട്ടകൂടി ഞാന്‍ വിലയിട്ടപ്പോള്‍ പരിഗണിച്ചിരുന്നു'.
ആഴമേറിയ ആശയങ്ങളുടെ അനന്തതയിലേക്കാണ് തന്റെ ചെറുകഥയിലൂടെ മുല്ല നസ്‌റുദീന്‍ അനുവാചകരെ ക്ഷണിച്ചത്. അദ്ദേഹം കൊളുത്തിവച്ച ചിരിയുടെ ചെറുവെട്ടം വെളിച്ചം വീശിയത് ചിന്തകളുടെ വിശാലമായ ലോകത്തേക്കായിരുന്നു. അതുകൊണ്ട് തന്നെയാണ് സ്ഥല കാല ഭേദമന്യേ ഹോജാ കഥകള്‍ സ്വീകാര്യത നേടിയതും. ഇന്ത്യന്‍ ചെറുകഥകള്‍ക്കിടയില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മുല്ല കഥകളിലും അറബ് സാഹിത്യത്തിലെ ജുഹാ കഥകളിലും മധ്യപൗരസ്ത്യ സാഹിത്യത്തിലെ കൊച്ചു കഥകളുടെ സൂത്രകാരന്‍ ബഹ്ലൂലിന്റെ കഥകളിലും വലിയ തലപ്പാവും താടിയുമുള്ള നായകകഥാപാത്രം ചിത്രീകരിക്കപ്പെട്ടതിന്റെ പ്രേരകം ഹോജാ കഥകളായിരുന്നു. വ്യത്യസ്തങ്ങളായ രാജ്യങ്ങളില്‍ സാദൃശ്യമായ കഥകള്‍ പിറവിയെടുത്തപ്പോഴും അതിനെ അതിജയിച്ച് ലോകസാഹിത്യത്തിന്റെ മുഖ്യധാരയില്‍ ഇടം പിടിക്കാന്‍ ഹോജാ കഥകള്‍ക്ക് കഴിഞ്ഞു എന്നതാണ് പരമാര്‍ഥം. ആക്ഷേപഹാസ്യത്തിലൂടെ ഹാസ്യ സാഹിത്യത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ ഹോജാ കഥകള്‍ ധൈഷണിക ഉദ്ദീപനങ്ങള്‍ ഉള്‍ക്കൊണ്ട സാമൂഹിക പ്രതിരോധവും, യാഥാര്‍ഥ്യങ്ങള്‍ക്കു മേല്‍ അടിയുറച്ച മറുപടികളുമായി ലോകത്ത് നിറഞ്ഞുനില്‍ക്കുന്നു. ഹോജാ സാഹിത്യത്തോട് കൂട്ടിവായിക്കേണ്ട സാഹിത്യ രീതിയാണ് ബഷീറിന്റേത്.
വൈക്കം മുഹമ്മദ് ബഷീര്‍ ഇല്ലാതെ മലയാളസാഹിത്യം 26 വര്‍ഷം പിന്നിടുകയാണ്. മനുഷ്യജീവിതത്തെ പച്ചയായി ആവിഷ്‌കരിക്കാന്‍ ബഷീറിനോളം സാധിച്ച മറ്റൊരു സാഹിത്യകാരന്‍ ലോകസാഹിത്യത്തില്‍ ഉണ്ടോ എന്ന് തന്നെ സംശയമാണ്. സ്വാഭാവിക ജീവിതത്തിലെ പ്രണയവും പ്രതികാരവും രോഗവും ദാരിദ്ര്യവും അനാഥത്വവും അദ്ദേഹത്തിന്റെ എഴുത്തുകളുടെ മുഖമുദ്രയായി. സാധാരണക്കാരനന്റെ സങ്കടവും നൊമ്പരവും അനുഭവങ്ങളുടെ ആടകള്‍ അണിയിച്ച് അവതരിപ്പിച്ചപ്പോള്‍ അനുവാചക വൃദ്ധം പ്രായപരിധിയില്ലാതെ ആ ആഖ്യാന മധുരിമയില്‍ ലയിച്ച് ചേര്‍ന്നു. കൊച്ചു കുട്ടികളോടും പ്രായമേറിയവരോടും ബഷീറിയന്‍ അക്ഷരങ്ങള്‍ ഒരു പോലെ സംവദിച്ചു. ഏതു തരക്കാര്‍ക്കും ഒരുപോലെ ഗ്രാഹ്യവും ആസ്വാദ്യവുമാകുന്ന സാഹിത്യ സൂത്രവാക്യമാണ് അദ്ദേഹത്തിന്റെ രചനകളെ ജനകീയമാക്കിയത്. എഴുത്തിന്റെ പരമ്പരാഗത നിയമാവലികളുടെ അതിര്‍വരമ്പുകള്‍ മറികടന്നു ബഷീര്‍ നിറഞ്ഞെഴുതി. സംവേദനക്ഷമത പരീക്ഷിക്കുന്ന 'മാജിക്കല്‍ റിയലിസം' പരീക്ഷിക്കപ്പെടുന്ന കാലത്ത് സാധാരണക്കാരന്റെ പച്ചഭാഷയിലൂടെ ബഷീര്‍ സാഹിത്യ ലോകത്തിന്റെ രാജാവായി. വരേണ്യ വും പ്രഭുത്വവും മാത്രം നിറഞ്ഞുനിന്ന ആഖ്യാനങ്ങളുടെ ചുറ്റുപാടുകളില്‍ പാവപ്പെട്ടവരും അധികൃതരും
ബഷീറിന്റെ നായകന്മാരായി. തുടര്‍ന്ന് 'ബഷീര്‍ സാഹിത്യം' എന്ന പുതിയ ശാഖ തന്നെ മലയാള സാഹിത്യ മേഖലയില്‍ വളര്‍ന്നുവന്നു. അദ്ദേഹത്തിന്റെ പ്രയോഗങ്ങള്‍ സാധാരണക്കാരന്റെ നിത്യജീവിതത്തിലെ സംസാരങ്ങളും പഴഞ്ചൊല്ലുകളുമായി. 'ബേപ്പൂരില്‍ രണ്ടേക്കര്‍ സ്ഥലത്ത് ഞാന്‍ രാജാവായി ജീവിക്കുന്നു' എന്ന നര്‍മ്മം നിറഞ്ഞ എഴുത്ത് ബഷീറിനെ ബേപ്പൂര്‍ സുല്‍ത്താനാക്കി. സന്യാസത്തില്‍ നിന്നും സാഹിത്യത്തിന്റെ ഔന്നത്യത്തിലേക്ക് നടന്നുകയറിയ ബഷീര്‍ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ വീണ്ടും ഏകാന്തതയിലേക്കും സന്യാസത്തിലേക്കും ആഴ്ന്നിറങ്ങി. ബഷീറിന്റെ സമകാലിക സാഹിത്യകാരനായ ഒ.എന്‍.വി, വര്‍ക്കി, ശിഷ്യന്‍ എം ടി വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ അവസാനകാലത്തെ ബഷീറെന്ന ഭക്തനെ കുറിച്ച് വാചാലമാകുന്നുണ്ട്. ഹാസ്യ സാഹിത്യത്തിന്റെ രസതന്ത്രത്തോടെ ലോകരുടെ ഹൃദയം കീഴടക്കിയ മുല്ലാ നസ്‌റുദ്ദീനും വൈക്കം മുഹമ്മദ് ബഷീറും അക്ഷരങ്ങളുടെ അണയാത്ത ദീപമായി ഇന്നും നമുക്കൊപ്പം ജീവിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."