രാഹുലിനെതിരേ സുപ്രിംകോടതിയില്‍ ഹാജരായ അഭിഭാഷകയെ കോണ്‍സല്‍ സ്ഥാനത്തുനിന്ന് നീക്കി
ജെയ്പൂര്‍: റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരേ ബി.ജെ.പി എം.പി മീനാക്ഷി ലേഖിക്കുവേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ അഭിഭാഷകയെ രാജസ്ഥാന് സര്‍ക്കാര്‍ സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്നതില്‍നിന്ന് നീക്കി. സുപ്രിംകോടതിയില്‍ സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്ന കോണ്‍സല്‍ രുചി കോഹ്ലിയെയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാറ്റിയത്. ഇവരെ സ്ഥാനത്തുനിന്ന് നീക്കിയതായി നിയമ-നീതിന്യായ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി മഹാവീര്‍ പ്രസാദ് ശര്‍മ അറിയിച്ചു.
കേസിന്റെ എല്ലാ രേഖകളും ഉടന്‍ തന്നെ അഡിഷനല്‍ അഡ്വക്കറ്റ് ജനറല്‍ മനീഷ് സിങ്വിക്ക് കൈമാറാനും രുചി കോഹ്ലിക്ക് നല്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അവരെ തല്‍സ്ഥാനത്ത് നീക്കുന്നതിന് പ്രത്യേകം കാരണങ്ങളൊന്നും ഇതുസംബന്ധിച്ച് പുറത്തിറക്കിയ കത്തില്‍ പറഞ്ഞിട്ടില്ല. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ വിധി വന്നതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് ആരോപിച്ചാണ് മീനാക്ഷി ലേഖി ഇക്കഴിഞ്ഞ 12ന് സുപ്രിംകോടതിയെ സമീപിച്ചത്. ഏപ്രില്‍ 22ന് ഇക്കാര്യത്തില്‍ മറുപടി നല്കാന് സുപ്രിംകോടതി രാഹുല്‍ ഗാന്ധിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി സുപ്രിംകോടതിയില്‍ ഹാജരാകുന്ന അഭിഭാഷക സ്വകാര്യ അന്യായത്തിനായി ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."