അര്‍ഹരായവര്‍ക്കെല്ലാം ഒരു മാസത്തിനകം പട്ടയം
പാലക്കാട്: ജില്ലയില്‍ അര്‍ഹരായ എല്ലാവര്‍ക്കും ഒരു മാസത്തിനകം പട്ടയം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങാന്‍ നിയമ-സംസ്‌കാരിക-പട്ടിക-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് ഉദ്യോഗസ്ഥരുമായി ജില്ലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാര്‍ നവകേരള മിഷന്റെ ഭാഗമായി നടപ്പാക്കുന്ന ' ലൈഫ്' (സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി) ഫലപ്രദമായി നടപ്പാക്കുന്നതിന് പട്ടയം അനിവാര്യമാണ്.
പട്ടയമില്ലാത്തതിന്റെ പേരില്‍ അര്‍ഹരായ ആര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കാതിരിക്കരുത്. അതിനാല്‍ ഒരുമാസത്തിനകം റവന്യൂ വകുപ്പ് പട്ടയം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ലക്ഷം വീട് കോളനികളിലും നാല് സെന്റ് കോളനികളിലും താമസിക്കുന്നവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കി സമിതിയുടെ അംഗീകാരത്തോടെ അനുവാദപത്രിക കൈമാറിയാല്‍ പട്ടയം അനുവദിക്കും. മറ്റുള്ളവര്‍ക്ക് റവന്യൂ വകുപ്പ് തന്നെ മുന്‍കൈയെടുത്ത് പട്ടയം നല്‍കും. ആദിവാസി മേഖലകളില്‍ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ഒരു സ്ഥലത്ത് തന്നെ താമസിക്കുന്ന നിര്‍ധനരായവരെ കുടിയൊഴിപ്പിക്കന്നത് മനുഷ്യത്വമല്ല-പ്രായോഗികവുമല്ല. ഇക്കാര്യങ്ങളില്‍ ഉദാരസമീപനമുണ്ടാവണം.- മന്ത്രി പറഞ്ഞു.
വരള്‍ച്ചാപ്രതിരോധ നടപടികള്‍ കൂടാതെ ജില്ലയുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിവിധ വിഷയങ്ങള്‍ മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികളുടെ കൂലി കുടിശ്ശികയായ 76 കോടി കേന്ദ്രത്തില്‍നിന്ന് ലഭ്യമാക്കാനുള്ള നടപടി, ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ക്രഷുകളിലെ ജീവനക്കാരുടെ മുടങ്ങിയ വേതനം, വിധവകളും വിവാഹ ബന്ധം വേര്‍പ്പെടുത്തിയതുമായ സ്ത്രീകള്‍ക്കുള്ള ധനസഹായം. കളിമണ്‍ പാത്ര നിര്‍മാണത്തിന് കരപ്രദേശത്ത് നിന്നും മണ്ണെടുക്കാനുള്ള അനുവാദം. കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ മന്ത്രി ആരാഞ്ഞു. ജലസേചന കനാലുകള്‍ വൃത്തിയാക്കുന്നതിന് വിശദമായ പ്രപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. വരള്‍ച്ച മുതല്‍ വെള്ളപ്പൊക്ക ദുരിതാശ്വാസം എന്നിവയ്ക്ക് കിട്ടാനുള്ള കുടിശ്ശിക, റിവര്‍ മാനെജ്‌മെന്റ് ഫണ്ടായി ആവശ്യപ്പെട്ട 3.60 കോടി രൂപ എന്നിവയുടെ തുടര്‍ നടപടി സര്‍ക്കാര്‍തലത്തില്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കണ്ണമ്പ്രയില്‍ കിന്‍ഫ്രയുടെ വ്യവസായപാര്‍ക്കിനും പാലക്കാട് മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് തുടങ്ങുന്ന മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍ സേപാര്‍ട്‌സ് ഹോസ്റ്റലിനുമുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ ജില്ലയിലെ എം.എല്‍.എ.മാര്‍ ജില്ലാകലക്ടര്‍ പി.മേരിക്കുട്ടി, ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍ , സബ് കലക്ടര്‍ പി.ബി.നൂഹ്, എ.ഡി.എം. എസ്. വിജയന്‍, വിവിധ ജില്ലാ ഓഫീസ് മേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."