കണ്ടോ?കണ്ടല്‍
അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീര്‍ണമായ ആവാസവ്യവസ്ഥകള്‍ ആണ് കണ്ടല്‍കാട് (Mangrove forest). കണ്ടല്‍മരങ്ങളും അവയുടെ കൂടെ വളരുന്ന കണ്ടലിതര സസ്യങ്ങളും ഈപ്രദേശങ്ങളില്‍ ഇടതിങ്ങി വളരുന്നു. വേലിയേറ്റ സമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതവുമായ അന്തരീക്ഷവുമായി ബന്ധപ്പെടുന്ന തണ്ണീര്‍ത്തടങ്ങളിലെ ചതുപ്പു നിലങ്ങളിലാണ് കണ്ടല്‍ക്കാടുകള്‍ വളരുന്നത്. 80 രാജ്യങ്ങളിലായി ഏകദേശം 1.4 കോടി ഹെക്റ്റര്‍ പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു.
എങ്ങനെ
കണ്ടലുകള്‍
പുഴയും കടലും ചേരുന്നയിടങ്ങളിലെ ഉപ്പുകലര്‍ന്ന വെള്ളത്തില്‍ വളരുന്ന ഇത്തരം ചെടികള്‍ ഓരുവെള്ളത്തില്‍ വളരാനാവശ്യമായ പ്രത്യേകതകള്‍ ഉള്ളവയാണ്. വലിയ തിരമാലകളില്ലാത്ത ഇവിടങ്ങളില്‍ നദികളില്‍നിന്ന് ഒഴുകിയെത്തുന്ന ഫലഭൂയിഷ്ഠമായ എക്കലും കടലില്‍നിന്നു വേലിയേറ്റത്തില്‍ കയറിവരുന്ന ധാതുലവണങ്ങളും കണ്ടലുകളെ ഭൂമിയിലെ ഏറ്റവും മികച്ച ആവാസവ്യവസ്ഥകളിലൊന്നാക്കുന്നു. എല്ലാ നീര്‍ക്കെട്ടുകളിലും കണ്ടലുകള്‍ കാണാറില്ല. ആഴം കുറഞ്ഞതും വളക്കൂറുള്ളതും ഉപ്പിന്റെ അംശമുള്ളതുമായ ജലത്തിലാണ് സാധാരണ കാണപ്പെടുന്നത്. വേലിയേറ്റവും വേലിയിറക്കവുമുള്ള പ്രദേശങ്ങള്‍ മറ്റൊരനുകൂല ഘടകമാണ്.
സവിശേഷതകള്‍
ചിലയിനങ്ങള്‍ ശിഖരങ്ങളില്‍നിന്നു താഴേക്കു വളര്‍ന്ന് മണ്ണില്‍ താണിറങ്ങുന്ന താങ്ങുവേരുകള്‍ ആണ്. വേലിയേറ്റ-ഇറക്കങ്ങളില്‍ മണ്ണില്‍ പിടിച്ചുനില്‍ക്കാന്‍ താങ്ങുവേരുകള്‍ സഹായിക്കുന്നു. കടലാക്രമണങ്ങളേയും മണ്ണൊലിപ്പിനേയും തടയാന്‍ കണ്ടല്‍കാടുകള്‍ക്ക് കഴിവുണ്ട്. സുനാമിയെ നേരിടാനും കണ്ടല്‍മരങ്ങള്‍ പ്രാപ്തരാണ്. കണ്ടല്‍മരങ്ങള്‍ ഉപ്പുവെള്ളത്തിലും ചെളിത്തട്ടിലും നില്‍ക്കുന്നതിനാല്‍ വേരുകള്‍ക്ക് ആവശ്യമായ പ്രാണവായു ലഭിക്കാറില്ല. സൂര്യപ്രകാശത്തിനു നേരെ വളരുന്ന സൂചിവേരുകള്‍ അന്തരീക്ഷത്തില്‍നിന്ന് ഓക്‌സിജന്‍ വലിച്ചെടുത്ത് ഉപയോഗിക്കാന്‍ പര്യാപ്തമാണ്. സൂചിവേരുകളില്‍ ധാരാളം വായു അറകളുണ്ട്. അറകള്‍ ജലത്തിനുപരിതലത്തിലേക്കായിരിക്കും തുറന്നിരിക്കുക. അങ്ങനെ വായുലഭ്യതയുടെ കുറവിനെ നേരിടാനും കണ്ടലുകള്‍ക്കു സാധിക്കും.
കേമന്മാര്‍
80 രാജ്യങ്ങളിലായി ഏകദേശം 1.4 കോടി ഹെക്റ്റര്‍ പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ ഉണ്ട്. ഭൂമിശാസ്ത്രപരമായി കണ്ടല്‍ക്കാടുകള്‍ രണ്ട് മേഖലകളിലാണ് കാണപ്പെടുന്നത്. ഇന്ത്യയുള്‍പ്പടെയുള്ള ഇന്തോ -പസിഫിക് മേഖലയും അമേരിക്കയും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരങ്ങള്‍ ഉള്‍പ്പെടുന്ന ആഫ്രോ -അമേരിക്കന്‍ മേഖലയും. ഇന്ത്യയില്‍ ഏകദേശം 6740 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ ഉണ്ട്. ഇതില്‍ 88 ശതമാനവും അന്തമാന്‍- നിക്കോബാര്‍ ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ തീരപ്രദേശത്താണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാട് ഇന്ത്യയിലാണ്.
വളരുന്നത് ഇങ്ങനെ
മാതൃസസ്യങ്ങളിലായിരിക്കുമ്പോള്‍ തന്നെ വിത്തുകള്‍ മുളയ്ക്കുന്നു. താഴോട്ടു വളരുന്നതിനാല്‍ കുഞ്ഞു സസ്യങ്ങളുടെ ഭാരം വര്‍ധിക്കും. ഭൂഗുരുത്വം മൂലം തനിയേ വേര്‍പെട്ട് ചെളിയിലും മറ്റും വീണുറയ്ക്കുകയും സ്വതന്ത്രമായി വളരാന്‍ തുടങ്ങുകയും ചെയ്യുന്നു.
കേരളത്തില്‍ ഇന്നു കണ്ടുവരുന്ന കണ്ടല്‍വര്‍ഗ സസ്യങ്ങള്‍ അറിയപ്പെടുന്നത് പ്രധാനമായും മൂന്ന് കുടുംബങ്ങളിലാണ്. ഇവയില്‍ പ്രധാനപ്പെട്ടത് റൈസോഫോറേഷ്യേ, അവിസേന്നേഷ്യേ, സോണറേറിയേഷ്യേ എന്നിവയാണവ.
ജൈവവൈവിധ്യം
കണ്ടല്‍വനങ്ങള്‍ ജൈവവൈവിധ്യ കലവറയാണെന്നു പറയാം. കണ്ടല്‍ കാടുകളില്‍ ഒതളം പോലുള്ള സസ്യങ്ങളേയും കാണാം. വള്ളികളും അടിക്കാടും ഇവയുടെ പ്രത്യേകതയാണ്. സൂര്യതുഷാരം പോലുള്ള ഇരപിടിയന്‍ ചെടികളും ഈ കാടിനുള്ളില്‍ സാധാരണമാണ്. നീര്‍നായ്ക്കളും വിവിധയിനം ഉരഗങ്ങളും കണ്ടല്‍കാടുകളില്‍ സസുഖം വാഴുന്നു. ദേശാടനത്തിനായി എത്തുന്ന കൊക്കുവര്‍ഗത്തില്‍പെടുന്ന പക്ഷികളില്‍ മിക്കതും പ്രജനനത്തിനായി കണ്ടല്‍വനങ്ങളെ തിരഞ്ഞെടുക്കുന്നു.
നീര്‍പക്ഷികളായ ചെന്നെല്ലിക്കോഴി, കുളക്കോഴി, ചിന്നക്കൊക്ക്, തുത്തെരിപ്പന്‍, ചിന്നക്കൊച്ച, മഴക്കൊച്ച, കരിങ്കൊച്ച മുതലായ പക്ഷികളെ കണ്ടല്‍ക്കാടുകളില്‍ സ്ഥിരമായി കാണാം. നീര്‍ക്കാക്ക, ചേരക്കോഴി, പാതിരാകൊക്ക് മുതലായവയാകട്ടെ കണ്ടല്‍ക്കാടുകളിലാണ് കൂട്ടമായി ചേക്കേറുന്നതും കൂടുകെട്ടി അടയിരിക്കുന്നതും.
കണ്ടല്‍കാടുകളുടെ വേരുകള്‍ക്കിടയില്‍ മാത്രം കാണപ്പെടുന്ന കൊഞ്ചുകളും മത്സ്യജാതികളും തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കണ്ടല്‍മരങ്ങളുടെ വേരുപടലം നാനാജാതി സൂക്ഷ്മജീവികളുടേയും(ഉദാ:പ്ലാങ്ക്ടണ്‍) മത്സ്യങ്ങളുടേയും പ്രജനനകേന്ദ്രവും ആവാസകേന്ദ്രവുമാണ്. കണ്ടല്‍മരങ്ങളുടെ വേരുകള്‍ ഒഴുക്കില്‍നിന്നും മറ്റുജീവികളുടെ ആക്രമണങ്ങളില്‍നിന്നും ചെറുജീവികളെ കാത്തുരക്ഷിക്കുന്നു.
പീക്കണ്ടല്‍ (പ്രാന്തന്‍ കണ്ടല്‍)
Rhizophora mucronata എന്നാണ് ശാസ്ത്രീയനാമം. റൈസോഫെറേഷ്യേ കുടുംബത്തില്‍പെട്ട കണ്ടല്‍ച്ചെടിയാണിത്. കേരള വനംവകുപ്പ് കേരളത്തില്‍ വച്ചുപിടിപ്പിക്കുന്ന കണ്ടല്‍ച്ചെടികളിലൊന്നിതാണ്. ചെറിയ ആല്‍മരം പോലെ ചതുപ്പില്‍ തായ്‌വേരുകള്‍ താഴ്ന്നിറങ്ങി വളരുന്നു. 15 മീറ്റര്‍ ഉയരത്തില്‍ വളരാറുണ്ട്. പച്ച നിറത്തിലുള്ള ഇലകള്‍ പഴുത്താല്‍ മഞ്ഞനിറമാണ്. ഇടതൂര്‍ന്നു നില്‍ക്കുന്ന ഇലച്ചാര്‍ത്താണ്. വേരുകള്‍ കുടപോലെ വളര്‍ന്നു പന്തലിച്ച് നില്‍ക്കുന്നു. ഈ വേരുകളും ചെടിയും ചേര്‍ന്ന് കാറ്റിനെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. പൂക്കള്‍ക്ക് വെള്ളനിറമാണ്. പച്ച നിറത്തിലുള്ള നീണ്ടകായ്കള്‍ തൂങ്ങി നില്‍ക്കുന്നു. ഈ വിത്തുകള്‍ താഴെ വീണാല്‍ ചെളിയില്‍ കുത്തി നില്‍കും. അതേയിടത്തുതന്നെ വളരാനും ഇവയ്ക്കാകും.
വള്ളിക്കണ്ടല്‍
Rhizophora apiculata എന്നാണ് ശാസ്ത്രീയനാമം. 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ ചെടിയെയാണ് യഥാര്‍ഥത്തില്‍ കണ്ടല്‍ എന്നു വിളിക്കുന്നത്. പ്രാന്തന്‍ കണ്ടലിന്റെ അടുത്ത ബന്ധുവാണ്. തായ്‌വേരുകള്‍ ആല്‍മരെത്തപ്പോലെ ശാഖകളെ താങ്ങി നിര്‍ത്തുന്നു. കൂര്‍ത്ത ഇലകള്‍ക്ക് പച്ച നിറമാണ്. തടിക്ക് വ്യാവസായിക പ്രാധാന്യമുണ്ട്. ടാനിന്‍, ചായങ്ങള്‍, പശ എന്നിവ തടിയില്‍നിന്നു വേര്‍തിരിച്ചെടുക്കാം.
കുറ്റിക്കണ്ടല്‍
Bruguiera cylindrica. റൈസോഫൊറേസിയ കുടുംബത്തില്‍പെട്ട ചെടിയാണിത്. 20 അടിയോളം ഉയരത്തില്‍ വളരുന്നു. നാലോളം ജാതി ചെടികള്‍ ഇന്ത്യയിലുണ്ട്. പച്ച നിറത്തിലുള്ള കമ്പുകളും തിളങ്ങുന്ന തടിയുമാണിതിന്റെ പ്രത്യേകത. മേയ്,ഓഗസ്റ്റ് മാസങ്ങളില്‍ പൂക്കുന്ന ഇവയ്ക്ക് വെളുത്ത പൂക്കളാണ്. പൂമ്പാറ്റകളാണ് പരാഗണം നടത്തുന്നത്.
പൂക്കണ്ടല്‍
മിര്‍സിനേസിയാ കുടുംബത്തില്‍പെട്ട ഒരു ചെറുകണ്ടല്‍മരമാണ് പൂക്കണ്ടല്‍ (Aegiceras corniculatum). ഇന്ത്യയിലെയും മറ്റു തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെയും തീരപ്രദേശങ്ങളില്‍ കണ്ടുവരുന്നു. കേരളത്തിലും വ്യാപകമായി കണ്ടുവരുന്ന ഇവയുടെ വെളുത്ത മണമുള്ള പൂക്കള്‍ തേനീച്ചകളെ ധാരാളമായി ആകര്‍ഷിക്കുന്നതു കൊണ്ട് പൂക്കണ്ടല്‍, തേന്‍ കണ്ടല്‍ എന്നും വിളിക്കപ്പെടുന്നു.
ഇന്ത്യയിലെ കണ്ടല്‍കാടുകള്‍
ഇന്ത്യയില്‍ അടുത്തകാലത്ത് നടത്തിയ പഠനങ്ങളില്‍നിന്ന് ഏകദേശം 6740 ചതുരശ്ര കി.മീ പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ ഉണ്ട് എന്നാണ് കണക്കാക്കിയത്. ഇതില്‍ കൂടുതലും ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലാണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍വനമാണ് സുന്ദര്‍ബന്‍ ഡെല്‍റ്റ അഥവാ സുന്ദര്‍വനങ്ങള്‍. ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത് പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഇതു പരന്നു കിടക്കുന്നു. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടല്‍ വളരുന്നതിനാലാണ് സുന്ദര്‍ വനങ്ങള്‍ എന്ന പേരു ലഭിച്ചത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ സുന്ദര്‍വനം ഇടം നേടിയിട്ടുണ്ട്. ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍,ഗുജറാത്തിലെ കച്ച് മേഖലയിലും കണ്ടല്‍കാടുകള്‍ ധാരാളമായി കാണുന്നു.
കേരളത്തിലെ കണ്ടല്‍
40 വര്‍ഷം മുന്‍പുവരെ കേരളത്തില്‍ 700 ചതുരശ്ര കിലോമീറ്ററില്‍ കുറയാത്ത പ്രദേശത്ത് കണ്ടലുകള്‍ വളര്‍ന്നിരുന്നു. ഇന്ന് ഏകദേശം 17 ച.കി.മീറ്ററില്‍ താഴെയേ കണ്ടലുകള്‍ കാണപ്പെടുന്നുള്ളൂ. 17-ാം നൂറ്റാണ്ടിന്റെ അവസാനം വാന്‍ റീഡ് രചിച്ച ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തില്‍ മലബാര്‍ തീരങ്ങളില്‍ കണ്ടുവരുന്ന കണ്ടല്‍ സസ്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അദ്ദേഹത്തിനുശേഷം പ്രസിദ്ധീകരിച്ച നിരവധി സസ്യശാസ്ത്രഗ്രന്ഥങ്ങളില്‍ കേരളത്തിലെ കണ്ടലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ കാണുന്നത്. എറണാകുളത്തെ മംഗളവനത്തില്‍ വിവിധതരം കണ്ടല്‍ മരങ്ങളുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് കണ്ടല്‍കാടുകള്‍ കാണപ്പെടുന്നത്. കേരളത്തില്‍ പതിനെട്ടിനം കണ്ടല്‍ച്ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്. സുനാമിപോലെയുള്ള കടല്‍ ക്ഷോഭങ്ങളില്‍നിന്നു കടല്‍ത്തീരത്തെ രക്ഷിക്കുവാന്‍ കണ്ടല്‍ച്ചെടികളും കുറ്റിച്ചെടികളും വച്ചുപിടിപ്പിക്കുന്ന കേരള വനംവകുപ്പിന്റെ പദ്ധതിയാണ് ഹരിതതീരം. കേരളത്തിലെ കണ്ടല്‍വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രശസ്തനായ വ്യക്തിയാണ് കല്ലേന്‍ പൊക്കുടന്‍.
ഇന്ത്യയില്‍ കണ്ടുവരുന്ന 59 ജാതി കണ്ടല്‍ച്ചെടികളില്‍ 14 എണ്ണം കേരളത്തില്‍ കണ്ടുവരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടലുകളുമായി ബന്ധപ്പെട്ട് വളരുന്ന സസ്യങ്ങളും ചേര്‍ത്താല്‍ ഇവ ഏകദേശം 30 ഇനം വരും. ഇന്ന് തടിക്കും വിറകിനും ചതുപ്പുനിലങ്ങള്‍ മണ്ണിട്ടു നികത്തുന്നതിനുവേണ്ടിയും കണ്ടല്‍കാടുകള്‍ നശിപ്പിക്കപ്പെടുന്നു. ഇതെല്ലാം ആഗോളതലത്തില്‍ തന്നെ പരിസ്ഥിതിക്ക് കനത്ത നാശം ഉണ്ടാക്കുന്നു. ഇന്ത്യയിലെ കണ്ടല്‍വനങ്ങളെ കുറിച്ചു പഠിച്ച ദേശീയകമ്മറ്റി 32 കണ്ടല്‍മേഖലകളാണ് അടിയന്തരമായി സംരക്ഷിക്കപ്പെടേണ്ടവയായി കണ്ടെത്തിയത്.
കണ്ടല്‍വനങ്ങളുടെ
വിസ്തീര്‍ണം ജില്ലതിരിച്ച്
ജില്ല വിസ്തീര്‍ണം
(ഹെക്റ്റര്‍)
തിരുവനന്തപുരം 23
കൊല്ലം 58
ആലപ്പുഴ 90
കോട്ടയം 80
എറണാകുളം 260
തൃശൂര്‍ 21
മലപ്പുറം 12
കോഴിക്കോട് 293
കണ്ണൂര്‍ 755
കാസര്‍കോഡ് 79
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."