15 ദിവസത്തിനകം പട്ടാളം അധികാരം കൈമാറണം
പുറത്താക്കപ്പെട്ട പ്രസിഡന്റിനെ ജയിലിലടച്ചു
ഖാര്‍ത്തൂം: 15 ദിവസത്തിനകം രാജ്യത്ത് സൈനികേതര സര്‍ക്കാര്‍ രൂപീകരിച്ച് അവര്‍ക്ക് അധികാരം കൈമാറണമെന്നും അല്ലാത്തപക്ഷം സഖ്യത്തില്‍നിന്ന് പുറത്താക്കുമെന്നും സുദാന് ആഫ്രിക്കന്‍ യൂനിയന്റെ അന്ത്യശാസനം. കഴിയുന്നത്ര വേഗം സുദാനില്‍ സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആഫ്രിക്കന്‍ യൂനിയന്‍ സമാധാന സുരക്ഷാ കൗണ്‍സില്‍ നിര്‍ദേശിച്ചു. സുദാനില്‍ ഭരണാധികാരി ഉമര്‍ അല്‍ ബഷീറിനെ പുറത്താക്കി സൈന്യം തല്‍ക്കാലത്തേക്ക് അധികാരം പിടിച്ചെടുക്കുകയായിരുന്നു. രാജ്യത്തെ വിലക്കയറ്റവും റൊട്ടിയുടെ വിലയും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട പ്രസിഡന്റിനെതിരേ ജനം തെരുവിലിറങ്ങുകയും പ്രസിഡന്റിനെ പട്ടാളം അധികാരഭ്രഷ്ടനാക്കുകയും ചെയ്തു. എന്നാല്‍ സൈന്യം ജനാധിപത്യ സര്‍ക്കാരിന് അധികാരം കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ ഇപ്പോഴും സമരരംഗത്ത് തുടരുകയാണ്.
എത്യോപ്യന്‍ പ്രധാനമന്ത്രി എബി അഹ്മദ് സുദാനിലെ പട്ടാള ഭരണാധികാരികളെ സന്ദര്‍ശിച്ച് പിന്തുണ ഉറപ്പു നല്‍കിയിരുന്നു. പ്രക്ഷോഭക്കാര്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് പട്ടാള ഭരണസമിതിയിലെ അംഗം പ്രതികരിച്ചത്. ഇതിന് ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും എടുക്കുമെന്ന് പട്ടാള കൗണ്‍സില്‍ മേധാവി ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ പറയുന്നു. അതേസമയം മൂന്നുമാസത്തേക്ക് അക്രമാസക്തമായ സമരപരിപാടികള്‍ നിര്‍ത്തിവയ്ക്കുന്നതായി ജനകീയ സമരത്തെ നയിക്കുന്ന സുദാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്‌മെന്റ് നേതാവ് അബ്ദുല്‍ അസീസ് അല്‍ ഹിലു അറിയിച്ചു. ജനകീയ ഭരണകൂടത്തിന് അധികാരം കൈമാറാനാണ് ഇത്രസമയം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് ഡോക്ടര്‍മാരും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും അംഗങ്ങളായ പ്രക്ഷോഭക്കാര്‍ ഇന്നലെ അവരുടെ കോട്ടണിഞ്ഞ് ഖാര്‍ത്തൂമിലെ പ്രധാന ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.
അതേസമയം സ്ഥാനഭ്രഷ്ടനായ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ പട്ടാളം ഇന്നലെ ജയിലിലേക്കു മാറ്റി. ഇതുവരെ കനത്ത സുരക്ഷയില്‍ വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം. പ്രസിഡന്റിന്റെ വസതിയില്‍നിന്ന് ഖാര്‍ത്തൂമിലെ കോബാര്‍ ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ബഷീറിന്റെ സഹായികളായ നിരവധി പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പുറത്താക്കപ്പെട്ട സുദാന്‍ പ്രസിഡന്റിന് അഭയം നല്‍കാന്‍ തയാറാണെന്ന് ഉഗാണ്ട അറിയിച്ചു. എന്നാല്‍ വംശഹത്യയും യുദ്ധകുറ്റവും ചുമത്തി ബഷീറിനെ വിചാരണ ചെയ്യാന്‍ കൈമാറണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഈജിപ്തിലെ പട്ടാള ഭരണകൂടത്തിന്റെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി സുദാനിലെ പട്ടാള കൗണ്‍സിലിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. റഷ്യ സുദാനിലെ പട്ടാള കൗണ്‍സിലിനെ അംഗീകരിക്കുന്നതായി അറിയിച്ചു. അതേസമയം അധികാരം ജനകീയ സര്‍ക്കാരിന് എത്രയും പെട്ടെന്ന് കൈമാറണമെന്ന സമരക്കാരുടെ ആവശ്യത്തെ അംഗീകരിക്കുന്നതായി ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെല മെര്‍ക്കല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."