റിലയന്‍സ് സ്വന്തമാക്കാന്‍ സഊദി അരാംകോ ശ്രമം നടത്തുന്നു; ജൂണില്‍ കരാറെന്ന് സൂചന
ജിദ്ദ: ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനിയാണ് സഊദി എണ്ണ കമ്പനിയായ അരാംകോ. ഇന്ത്യയിലെ പ്രമുഖ കമ്പനിയാണ് റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ്. റിലയന്‍സ് സ്വന്തമാക്കാന്‍ അരാംകോ നീക്കം നടത്തുന്നുവെന്നാണ് പുതിയ വിവരം. റിലയന്‍സിന്റെ ഓഹരികള്‍ ഘട്ടങ്ങളായി അരാംകോ വാങ്ങും. മാസങ്ങള്‍ക്ക് മുമ്പാണ് അരാംകോ തങ്ങളുടെ താല്‍പ്പര്യം മുന്നോട്ട് വച്ചത്. സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ ഇന്ത്യയിലെത്തിയ വേളയില്‍ ബിസിനസ് ചര്‍ച്ചകളിലെ പ്രധാന വിഷയവും ഇതായിരുന്നു. റിലയന്‍സ് ചെയര്‍മാനും ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ മുകേഷ് അംബാനിയെ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയപ്പോള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കണ്ടിരുന്നു. അരാംകോയുടെ നീക്കം വിജയകരമായാല്‍ വ്യവസായ ലോകത്ത് വന്‍ മാറ്റങ്ങളായിരിക്കും സംഭവിക്കുക.
അതേ സമയം റിലയന്‍സിന്റെ 25 ശതമാനം ഓഹരി വാങ്ങാനാണ് സഊദി അരാംകോയുടെ നീക്കം. ഇതിന്റെ ചര്‍ച്ചകള്‍ വേഗത്തിലായി എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് മാസം മുമ്പാണ് അരാംകോ തങ്ങളുടെ ആഗ്രഹം ആദ്യം അറിയിച്ചത്. പിന്നീട് ചര്‍ച്ചകള്‍ പലവട്ടം നടന്നു. ഈ വര്‍ഷം ജൂണില്‍ അരാംകോയും റിലയന്‍സും കരാറിലെത്തുമെന്നാണ് വിവരം. 1500 കോടി ഡോളറിന്റെ കരാറാണ് ഒപ്പുവയ്ക്കുക. റിലയന്‍സിന്റെ എണ്ണശുദ്ധീകരണ ശാലയും പെട്രോകെമിക്കല്‍സും ഉള്‍പ്പെടുന്ന ബിസിനസ് 6000 കോടി ഡോളറിന്റെ മൂല്യമുള്ളതാണ്.
ഊര്‍ജ മേഖലയില്‍ തുടങ്ങി, ചില്ലറ വ്യാപാര രംഗത്തേക്കും ടെലികോം രംഗത്തേക്കും വ്യവസായ ലോകം വളര്‍ത്തിയ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. റിലയന്‍സിന് തങ്ങളുടെ ഓഹരികള്‍ വില്‍ക്കാര്‍ താല്‍പ്പര്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."