കര്‍ഷകര്‍ ആളിയാര്‍- പറമ്പിക്കുളം മേഖല സന്ദര്‍ശിച്ചു
പാലക്കാട്: പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിലെ ജലനിരപ്പ്, കേരളത്തിലേക്ക് ജലം ഒഴുകിവരുന്ന കനാലുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്നിവ നേരിട്ട് കണ്ട് മനസിലാക്കുന്നതിനായി പറമ്പിക്കുളം-ആളിയാര്‍ ജല സംരക്ഷണ സമിതി ഭാരവാഹികള്‍ സര്‍ക്കാര്‍പതി, പവ്വര്‍ഹൗസ്, കോണ്ടൂര്‍ കനാല്‍,ആളിയാര്‍ ഫീഡര്‍ കനാല്‍, ആളിയാര്‍ ഡാം തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പറമ്പിക്കുളം, പെരുവാരിപ്പള്ളം, തുണക്കടവ് എന്നീ ഡാമുകളിലെ ജലനിരപ്പ് കുറവായതിനാല്‍ സര്‍ക്കാര്‍ പതിയിലുള്ള ജലത്തിന്റെ ഒഴുക്ക് നിലച്ചിരിക്കുകയാണ്.
തൊട്ടടുത്ത ദിവസം മേഘലയില്‍ മഴ ലഭിച്ചതിനാല്‍ കുറച്ച് വെള്ളം സര്‍ക്കാര്‍പതിയിലേക്ക് വരുന്നതായും ആ ജലം കോണ്ടൂര്‍ കനാലിലേക്ക് പോകുന്നതായും കാണാന്‍ കഴിഞ്ഞു. പറമ്പിക്കുളം-തുണക്കടവ്, പെരുവാരിപ്പള്ളം ഡാമുകളില്‍ നിന്ന് സര്‍ക്കാര്‍പതിയില്‍ എത്തുന്ന ജലം കിഴക്കോട്ട് കോണ്ടൂര്‍ കനാലിലേക്കും, ആളിയാര്‍ ഫീഡര്‍ കനാലിലേക്കും ഒഴുകുവാന്‍ സംവിധാനങ്ങള്‍ ഉണ്ട്.
അടിയന്തരഘട്ടങ്ങളില്‍ പറമ്പിക്കുളത്ത് നിന്ന് കേരളത്തിലേക്ക് നല്‍കുന്ന ജലം ആളിയാര്‍ ഫീഡര്‍ കനാല്‍ വഴി നല്‍കുന്നതിന് പകരം വഗരൈയാറ് വഴി നല്‍കുകയാണെങ്കില്‍ ജലനഷ്ടം ഒഴിവാക്കാന്‍ കഴിയും. സര്‍ക്കാര്‍ പതിയില്‍ നിന്ന് വഗരൈയാറ് വഴി മണക്കടവിലേക്ക് 33 കീ.മീ നീളം മാത്രമേയുള്ളൂ. എന്നാല്‍ ആളിയാര്‍ ഫീഡര്‍ കനാല്‍ വഴി ജലം മണക്കടവ് വിയറില്‍ എത്തണമെങ്കില്‍ 53 കീ.മീ പിന്നിടണം.
എന്നാല്‍ വഗരൈ ആറില്‍ നാമമാത്രമായ ജലമൂറ്റല്‍ മാത്രമേ നടക്കുകയുള്ളൂ. കൂടാതെ വഗരൈയാറിന്റെ പ്രഹരശേഷി 2000ക്യൂകെ്‌സും ആളിയാര്‍ ഫിഡര്‍ കനാലിന്റെ 286 ക്യൂസെക്‌സുമാണ്. ഇപ്പോള്‍ ആളിയാര്‍ ഡാമിലും ജലം കുറവാണ്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജലം പാഴായി പോകാതെ നോക്കേണ്ടത് ജലസേചന വിഭാഗം ഉദ്യോഗസ്ഥരുടെ കടമയാണ്. പറംബിക്കുളത്തു നിന്നുള്ള ജലം കേരളത്തിന് ലഭിക്കുവാന്‍ എളുപ്പമാര്‍ഗ്ഗം സ്വീകരിക്കുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് ജലസംരക്ഷണ സമിതി കരുതുന്നു. അതിന് വേണ്ട നടപടികളുണ്ടാവണം.
ഈ ആവശ്യം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പറമ്പിക്കുളം-ആളിയാര്‍ സംയുക്തജല ക്രമീകരണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജല സംരക്ഷണ സമിതി നിവേദനം നല്‍കി.
പറമ്പിക്കുളം-ആളിയാര്‍ ജല സംരക്ഷണ സമിതി ഭാരവാഹികളായ മുതലാംതോട് മണി, അഡ്വ.പി.സി. ശിവശങ്കരന്‍, കെ.എം കരുണന്‍, കെ.കെ സുരേന്ദ്രന്‍, എസ്. അധിരഥന്‍ എന്നിവര്‍ സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."