ബലിമാംസ കൂപ്പണ്‍ വിതരണമടക്കം നാല് കരാറുകളില്‍ ഒപ്പുവച്ചു
മക്ക: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ സഊദി ഹജ്ജ്, ഉംറ മന്ത്രാലയം ആരംഭിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ തീര്‍ഥാടകര്‍ എത്തിച്ചേരുമെങ്കിലും തീര്‍ഥാടകരുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.
ഇതിനായി ഹാജിമാരുടെ സേവനങ്ങള്‍ക്കായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കനുള്ള നടപടികളാണ് നടക്കുന്നത്. ഹജ്ജ് ഒരുക്കങ്ങളുടെ മുന്നോടിയായി നടപ്പിലാക്കുന്ന വിവിധ സേവനങ്ങളുടെയും സംരംഭങ്ങളുടെയും ശില്‍പശാല മക്കയില്‍ നടന്നു. ജിദ്ദ ഹില്‍ട്ടല്‍ ഹോട്ടലില്‍ ആഭ്യന്തര ഹജ്ജ് സര്‍വീസ് കോഓര്‍ഡിനേഷന്‍ സംഘടിപ്പിച്ച ദ്വിദിന കൗണ്‍സില്‍ മക്ക അമീറും സഊദി ഹജ്ജ് സുപ്രിം കൗണ്‍സില്‍ ചെയര്‍മാനും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.
ഒരുക്കങ്ങളുടെ ഭാഗമായി ബലിമാംസ വിതരണമടക്കം നാല് കരാറുകളിലും ഒപ്പുവച്ചു. മൃഗങ്ങളെ ബലിയറുക്കുന്നതിനുള്ള അനുമതിയും വിതരണവും മുന്‍ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് (ഐ ഡി ബി) തന്നെയാണ് നടപ്പാക്കുക. ആഭ്യന്തര ഹജ്ജ് സ്ഥാപന തമ്പുകളില്‍ ബലിമാംസ കൂപണുകള്‍ വിതരണം ചെയ്യുന്നതിന് ഐ.ഡി.ബി യുമായി കരാര്‍ ഒപ്പു വെച്ചിട്ടുണ്ട്. കൂടാതെ, 'ഗ്രീന്‍ ഹജ്ജ് തമ്പ് ' പദ്ധതിക്ക് ഉമ്മുഖുറാ യൂനിവേഴ്‌സിറ്റിക്ക് കീഴിലെ ഖാദിമുല്‍ ഹറമൈന്‍ ഹജ്ജ് ഉംറ ഗവേഷണ കേന്ദ്രവുമായും യൂനിവേഴ്‌സിറ്റികളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് ജോലി നല്‍കാന്‍ ബിസിനസ് അഡ്മിസ്‌ട്രേഷന്‍ കോളജിന് കീഴിലെ ഹജ്ജ് ഉംറ വകുപ്പുമായും ഹജ്ജ് സീസണില്‍ തമ്പുകളില്‍ നിന്ന് ബാക്കിയാകുന്ന ഭക്ഷണങ്ങള്‍ സൂക്ഷിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിന് ഇക്‌റാം സൊസൈറ്റിയുമായാണ് കരാറുകളില്‍ ഒപ്പുവെച്ചത്.
ഉദ്ഘാടന ശേഷം ഹജ്ജ് സേവനവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും സംവിധാനങ്ങളും പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകള്‍ മക്ക ഗവര്‍ണര്‍ സന്ദര്‍ശിച്ചു.
മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍, ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദന്‍, ഹജ്ജ് സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മുശാത്ത്, ഹജ്ജ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറിമാര്‍, മുത്വവഫ് സ്ഥാപന മേധാവികള്‍, ആഭ്യന്തര ഹജ്ജ് സേവന സ്ഥാപന മേധാവികള്‍ എന്നിവര്‍ കൗണ്‍സിലില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."