ഫോണ്‍ ചോര്‍ത്തിയെന്ന് സച്ചിന് പക്ഷം; ഇല്ലെന്ന് പൊലിസ്
ജയ്പൂര്‍: രാജസ്ഥാനില്‍ ഈ മാസം 14ന് നിയമസഭാ സമ്മേളനം ചേരാനിരിക്കേ, പുതിയ രാഷ്ട്രീയ വിവാദങ്ങളുയരുന്നു.
മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കോണ്‍ഗ്രസ് സര്‍ക്കാരിനുമെതിരേ ആരോപണവുമായി സച്ചിന് പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത പക്ഷമാണ് രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ എം.എല്‍.എമാരുടെ ഫോണ്‍ ചോര്‍ത്തുന്നെന്നാണ് ആരോപണം. എന്നാല്‍, ഇതു നിഷേധിച്ച് പൊലിസ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
അശോക് ഗെലോട്ടിനൊപ്പം ദിവസങ്ങളായി ജൈസല്‍മീറിലെ റിസോര്‍ട്ടില്‍ കഴിയുന്ന ഔദ്യോഗികപക്ഷത്തെ എം.എല്‍.എമാരുടെയടക്കം ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് വിമതരുടെ ആരോപണം.
റിസോര്‍ട്ടില്‍ ജാമറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും എം.എല്‍.എമാര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിച്ചിട്ടുണ്ടെന്നും സച്ചിന് പക്ഷം ആരോപിക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാരും പൊലിസും ഇതൊക്കെ തള്ളുകയാണ്. രാജസ്ഥാനില്‍ സച്ചിന് പൈലറ്റടക്കമുള്ള വിമത എം.എല്‍.എമാര്‍ക്കെതിരായ അയോഗ്യതാ നടപടികളില്‍ തീരുമാനമെടുക്കുന്നതില്‍നിന്ന് നിലവില്‍ സ്പീക്കറെ ഹൈക്കോടതി വിലക്കിയിരിക്കുകയാണ്.
ഇതിനെതിരേ സ്പീക്കറും ചീഫ് വിപ്പും സുപ്രിംകോടതിയെ സമീപിച്ചിട്ടുമുണ്ട്.
ഇതിനിടയിലാണ് ഈ മാസം 14ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ എം.എല്‍.എമാരെ വരുതിയിലാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സച്ചിന് പൈലറ്റ് പക്ഷം പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറു ബി.എസ്.പി എം.എല്‍.എമാരെ വിലക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.പിയും ഒരു ബി.ജെ.പി എം.എല്‍.എയും വെവ്വേറെ സമര്‍പ്പിച്ച ഹരജികളും ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഈ ഹരജി ഈ മാസം 11ന് പരിഗണിക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."