അവരുടെ ജീവനും വിലയുണ്ട്: രാജമലയിലെ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷം രുപ ധനസഹായം നല്‍കണമെന്ന് ചെന്നിത്തല
മൂന്നാര്‍: രാജമല ദുരന്തത്തിന് ഇരയായവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം ഇന്ന് രാവിലെ പെട്ടിമുടി ദുരന്തബാധിത മേഖല സന്ദര്‍ശിച്ചു. കരിപ്പൂരില്‍ 10 ലക്ഷവും രാജമലയില്‍ 5 ലക്ഷവും പ്രഖ്യാപിച്ചത് വിവേചനമാണെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് രമേശ് ചെന്നിത്തല സര്‍ക്കാര്‍ ധനസഹായം തുല്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി പെട്ടിമുടി സന്ദര്‍ശിക്കണമെന്നും മുഖ്യമന്ത്രി വരാത്തതില്‍ നാട്ടുകാര്‍ക്ക് ഉള്‍പ്പെടെ വലിയ അതൃപ്തിയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ ഘട്ടത്തില്‍ വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല, നാട്ടുകാരുടെ വികാരമാണ് പങ്കുവെയ്ക്കുന്നത്. തെരച്ചില്‍ ഊര്‍ജിതമാക്കി എല്ലാവരെയും വേഗം കണ്ടെത്തണമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം ഒന്നടങ്കം ദുരന്തത്തിനിരയായവരുടെ നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. മുഖ്യമന്ത്രി പെട്ടിമുടി സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് ഇടുക്കി എംപി പറഞ്ഞു.
അതേ സമയം പെട്ടിമുടിയില്‍ തിരച്ചില്‍ തുടരുകയാണ്. ഇതുവരെ 29 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ശക്തമായ മഴതുടരുന്നതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാവുകയാണ്. തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിക്കുമെന്ന് റീജീണല്‍ ഓഫീസര്‍ ഷിജു കെ കെ വ്യക്തമാക്കി. ഇടുക്കിയിലെ സേനയ്ക്ക് കൂടാതെ കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ നിന്ന് പ്രത്യേക സംഘം സ്ഥലത്ത് എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."