'പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കില്ല'; ആവേശമായി രാഹുലിന്റെ തിരുവമ്പാടി തെരഞ്ഞെടുപ്പ് പ്രചാരണ യോഗം
തിരുവമ്പാടി: നരേന്ദ്ര മോദിയെ പോലെ താന്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ വലിയ ബുദ്ധിമുട്ട് നേരിടുമ്പോള്‍ പൊള്ളയായ വാഗ്ദാനം നല്‍കി അവരെ വഞ്ചിക്കുകകയാണ് മോദി ചെയ്യുന്നതെന്നും തിരുവമ്പാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അനില്‍ അംബാനിക്ക് എത്ര കോടി രൂപയും ലോണ്‍ ലഭിക്കുന്നുണ്ട്. അത് തിരിച്ചടക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തെ ജയിലിലടക്കില്ല. പക്ഷേ കര്‍ഷകരുടെ സ്ഥിതി മറിച്ചാണ്. വയനാട്ടിലെ സഹോദരിമാര്‍ക്ക് ഞാന്‍ സഹോദരനാണ്. ഇവിടുത്തെ കര്‍ഷകര്‍ക്ക് ഞാന്‍ മകനാണ്. യുവാക്കള്‍ക്ക് ഞാന്‍ സുഹൃത്താണ്. ഈ ബന്ധം ആര്‍ക്കും തുടച്ചുനീക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒത്തൊരുമയോടെയും സ്‌നേഹത്തോടെയും ജീവിക്കുന്ന സ്ഥലമാണിത്. ഇതാണ് രാജ്യമെന്ന് നരേന്ദ്രമോദി തിരിച്ചറിയണം. ഇവിടെ മത്സരിക്കാന്‍ സാധിച്ചത് ഒരു അംഗീകരമായി ഞാന്‍ കാണുന്നു. തനിക്ക് മത്സരിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് വയനാടെന്നും രാഹുല്‍ പറഞ്ഞു. ദക്ഷിണേന്ത്യയുടെ ശബ്ദമാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
രാത്രിയാത്രാ നിരോധനം, വന്യമൃഗ ശല്യം, മെഡിക്കല്‍ രംഗത്തെ സൗകര്യമില്ലായ്മ തുടങ്ങിയ വയനാട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, സാദിഖലി ശിഹാബ് തങ്ങള്‍, എം.കെ രാഘവന്‍ എം.പി, എം.കെ മുനീര്‍ എം.എല്‍.എ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, ജന.സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി മില്ലി മോഹന്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി . സിദ്ദീഖ്, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ടി.എം ജോസഫ്, എന്‍. സുബ്രഹ്മണ്യന്‍, സി.പി ചെറിയ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
ശ്രദ്ധേയമായി സിദ്ദീഖും സേവാദളും
തിരുവമ്പാടി: ചരിത്രം സൃഷ്ടിച്ച രാഹുല്‍ ഗാന്ധിയുടെ തിരുവമ്പാടി സന്ദര്‍ശനത്തില്‍ ശ്രദ്ധേയമായി സിദ്ദീഖും സേവാദളും. പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിനായി സേവന സന്നദ്ധരായ നൂറുകണക്കിന് സേവാദള്‍ പ്രവര്‍ത്തകരും സ്ഥലത്ത് രാവിലെ മുതല്‍ തന്നെ എത്തിച്ചേര്‍ന്നിരുന്നു.
പര്‍ദയിട്ട വനിതകളടക്കമുള്ളവര്‍ വലിയ ആവേശത്തോടെ കൂറ്റന്‍ കൊടികള്‍ പിടിച്ച് മുന്‍ നിരയില്‍ തന്നെ ഇരുന്നത് മലയോര മേഖലയെ സംബന്ധിച്ച് പുതിയ കാഴ്ച തന്നെയായിരുന്നു. സ്റ്റേജിലെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ച് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് പ്രവര്‍ത്തകരെ ആവേശഭരിതരാക്കുന്നതിനായി ഇടക്കിടക്ക് മൈക്കിന്റെ അടുത്തെത്തി കുറഞ്ഞ വാക്കുകളില്‍ പ്രസംഗിച്ചതും പ്രവര്‍ത്തകര്‍ ആവേശത്തോടെ സ്വീകരിച്ചു.
ഹെലികോപ്റ്റര്‍ കണ്ടതോടെ ഇളകി മറിഞ്ഞ് പ്രവര്‍ത്തകര്‍
തിരുവമ്പാടി: ഉച്ചയ്ക്ക് സ്റ്റേജിന് കിഴക്കുവശത്തായി ഹെലികോപ്റ്റര്‍ കണ്ടതോടെ പ്രവര്‍ത്തകര്‍ ഇളകിമറിഞ്ഞു. തുടര്‍ന്ന് 1.20 ഓടെ തിരുവമ്പാടി കറ്റിയാട്ടെ കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ പദ്ധതി പ്രദേശത്ത് തയാറാക്കിയ പ്രത്യേക ഹെലിപ്പാഡില്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധി, തന്നെ കാത്തിരുന്ന തിരുവമ്പാടിയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനും വോട്ടഭ്യര്‍ഥിക്കുന്നതിനുമായി പ്രത്യേകം സജ്ജമാക്കിയ സ്റ്റേജില്‍ 1.25 ന് എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടുകയായിരുന്നു. തന്റെ 35 മിനുട്ട് നേരത്തെ പ്രസംഗത്തിനുശേഷം തന്നെ കാത്തിരുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അല്‍പനേരം ചെലവഴിച്ചാണ് രാഹുല്‍ വണ്ടൂരിലേക്ക് തിരിച്ചത്.
വിതരണം ചെയ്തത് 50,000 പാക്ക് സൗജന്യ സംഭാരം
തിരുവമ്പാടി: രാഹുല്‍ ഗാന്ധിയുടെ തിരുവമ്പാടിയിലെ പ്രചാരണത്തോടനുബന്ധിച്ച് 50000 പാക്ക് സംഭാരമാണ് സംഘാടകര്‍ സൗജന്യമായി വിതരണം ചെയ്തത്. കനത്ത ചൂടില്‍ രാവിലെ മുതല്‍ രാഹുല്‍ ഗാന്ധിയെ കാത്തിരിക്കുന്ന പ്രവര്‍ത്തകര്‍ക്ക് ഇത് വലിയ ആശ്വാസമായി.50,000ത്തോളം പാക്കുകള്‍ വിതരണം ചെയ്തതായി ഡി.സി.സി സെക്രട്ടറി ബാബു പൈക്കാട്ടില്‍ പറഞ്ഞു.
രാഹുലിന് അവകാശ പത്രിക നല്‍കി
തിരുവമ്പാടി: കര്‍ഷക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും കര്‍ഷകരെ സഹായിക്കാന്‍ നടപടികള്‍ വേണമെന്നും അവശ്യപ്പെട്ട് സംയുക്ത കര്‍ഷക സമിതിയും എ.കെ.സി.സി യും ചേര്‍ന്ന് വയനാട് ലോക്‌സഭാ നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് അവകാശ പത്രിക നല്‍കി.തിരുവമ്പാടിയില്‍ വച്ച് ഫാ. ആന്റണി കൊഴുവനാല്‍, ഡോ. ചാക്കോ കാളംപറമ്പില്‍, അഡ്വ.ബിജു പറയനിലം, ബേബി പെരുമാലില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പത്രിക നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."