ഗ്രാമസഭായോഗസ്ഥലത്ത് കയ്യാങ്കളി: രണ്ടു പേര്‍ക്ക് പരുക്ക്
വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ഗ്രാമസഭാ യോഗത്തിനു ശേഷം പുറത്തിറങ്ങിയവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയായി. രണ്ടു പേര്‍ക്ക് പരുക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആറാട്ട് വിളയില്‍ രവി ചന്ദ്രനും, സി.പി.എം പ്രവര്‍ത്തകനായ പള്ളിപ്പറമ്പില്‍ അബ്ദുല്‍ മജീദിനുമാണ് പരുക്കേറ്റത്. ഇരുവരും ഇരിങ്ങാലക്കുട ഗവ.ആശുപത്രിയില്‍ ചികിത്സ തേടി.
അഞ്ചാം വാര്‍ഡിലെ ഗ്രാമസഭ കോറം തികയാതെ മാറ്റി വെക്കേണ്ടി വന്നതിന്റെ പേരില്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതാണെന്ന് രവി ചന്ദ്രന് ആരോപിച്ചു.
അതേസമയം, ഗ്രാമസഭ കഴിഞ്ഞ് പുറത്തിറങ്ങിയ സി.പി.എം പ്രവര്‍ത്തകയായ വാര്‍ഡ് മെമ്പറെ അസഭ്യം പറഞ്ഞ് വെല്ലുവിളിച്ചതിനെ ചോദ്യം ചെയ്ത അബ്ദുല്‍ മജീദിനെ രവി ചന്ദ്രന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു.
രവിചന്ദ്രനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. കൊടുങ്ങല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.ഐ നജീബ്, വെള്ളാങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് കെ.ഐ നജീബ് സംസാരിച്ചു. അബ്ദുല്‍ മജീദിനെ മര്‍ദിച്ചുവെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ താണിയത്തു കുന്നില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."