പള്ളിക്കലില്‍ ശോഭാ സുരേന്ദ്രന്റെ പ്രചാരണ വാഹനം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി
കല്ലമ്പലം: ആറ്റിങ്ങല്‍ ലോക്സഭാ എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പര്യടന വാഹനം സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടെയാക്കി. മടവൂര്‍ പള്ളിക്കല്‍ ജങ്ഷനില്‍ പ്രസംഗിക്കാന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പര്യടന വാഹനത്തിലെത്തിയ ശോഭാസുരേന്ദ്രനെയാണ് ഇവിടെ പ്രസംഗിക്കുവാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് 50 ഓളം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞത്. എന്നാല്‍ ശോഭാസുരേന്ദ്രന് പ്രസംഗിക്കാതെ മടങ്ങില്ലെന്ന് പറഞ്ഞ് പ്രസംഗം ആരംഭിച്ചതോടെ ശോഭാസുരേന്ദ്രനെ ആക്രമിക്കാന്‍ ശ്രമിച്ച സി.പി.എം പ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷമായി. ആലംകോട് ദാനശീലന് ഉള്‍പ്പെടെ നിരവധി ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായി ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
കൂടുതല്‍ പൊലിസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. പൊലിസ് ശോഭാ സുരേന്ദ്രനെ അടുത്ത പര്യടന സ്ഥലമായ മൂതല എത്തിച്ചെങ്കിലും അവിടെയും സമാന അനുഭവമുണ്ടായി. പൊലിസിന്റെ സമയോചിതമായ ഇടപെടല്‍മൂലം ഇരു പാര്‍ട്ടികളും പിരിഞ്ഞുപോയി. എന്നാല്‍ പ്രകോപനപരമായ പ്രസംഗത്തില്‍ നിന്ന് വിലക്കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിനു തുനിഞ്ഞതെന്നും സി പി എം പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."