അര നൂറ്റാണ്ടിനിടക്ക് മലബാറിലിത് രണ്ടാമത്തെ വിമാന ദുരന്തം; ചേളാരിക്കാര്‍ക്കിത് മറ്റൊരു നടുക്കത്തിന്റെ ഓര്‍മ്മ
പള്ളിക്കല്‍: പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട കരിപ്പൂരിലെ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ വെള്ളിയാഴ്ചയുണ്ടായ വിമാന ദുരന്തത്തിന്റെ നടക്കത്തിലാണ് കേരളം. എന്നാല്‍ ഇവിടെ നിന്നും പത്ത് കിലോമീറ്ററുകള്‍ക്കപ്പുറത്തെ ചേളാരിക്കാര്‍ക്കിത് മറ്റൊരു വിമാന ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു. പലരും മറന്ന് പോയ ആ വിമാന ദുരന്തം 1969 ജനുവരി 17 ന് ഒരു വള്ളിയാഴ്ച തന്നെയായിരുന്നു.
ചേളാരിയിലെ പഴയ എയര്‍സ്ട്രിപ്പില്‍ ദി ഹിന്ദു പത്രത്തിന്റെ ഡെക്കോട്ട വിമാനാമണ് (Douglas C-47A-50-DL)അന്ന് തകര്‍ന്നു വീണത്. വിമാനം രാവിലെ 6.45 നു ചേളാരിയിലെ എയര്‍ സ്ട്രിപ്പിനു സമീപത്തെ വയലിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തില്‍ പൈലറ്റ് മെഹ്ത്തയും, സഹപൈലറ്റ് റെഡ്ഢിയും മരിച്ചിരുന്നു.
മാവൂരിലെ ഗ്രാസിം അഥവാ ഗ്വാളിയോര്‍ റയോണ്‍സിലേക്കുള്ള യാത്ര എളുപ്പമാക്കാന്‍ 1962 ല്‍ ബിര്‍ളാ കമ്പനി ബിര്‍ളയുടെ സ്വകാര്യാവശ്യത്തിന് വിമാനമിറക്കാന്‍ നിര്‍മ്മിച്ചതായിരുന്നു ചേളാരിയിലെ എയര്‍സ്ട്രിപ്പ്. കമ്പനിയുടെ അനുമതിയോടെ ദി ഹിന്ദുവിന്റെ പത്രമിറക്കാനായും ചേളാരി എയര്‍സ്ട്രിപ്പ് ഉപയോഗിച്ചിരുന്നു. ദിവസവും രാവിലെ ആറേകാലോടെ പത്രവുമായി ഹിന്ദുവിന്റെ ഡെക്കോട്ട വിമാനം ചേളാരിയിലെത്തും.
കോഴിക്കോട്, കണ്ണൂര്‍, തലശ്ശേരി, വടകര എന്നിവിടങ്ങളിലേക്കുള്ള 3250 ഓളം കോപ്പികളുമായാണ് ദിവസേന വിമാനം ചേളാരിയില്‍ എത്താറുള്ളത്. പതിവു പോലെ 1969 ജനുവരി 17 ന് രാവിലെ 6.15 ഓടെ ചേളാരിയിലെത്തിയ വിമാനം പത്രക്കെട്ടുകള്‍ ഇറക്കി 6.45 ഓടെ തിരിച്ചു പറക്കുന്നതിനിടെ എഞ്ചിന്‍ തകരായായതിനെ തുടര്‍ന്ന് വിമാനം ഒരു വശത്തേക്ക് ചിറക് കുത്തിവീഴുകയായിരുന്നു. വിമാനം വീണ് ഒരു മണിക്കൂറോളം കാഴ്ച മറക്കുന്ന തരത്തിലുള്ള പൊടി പടലം അന്തരീക്ഷത്തിലുയര്‍ന്നതിനാല്‍ ഒരു മണിക്കൂറിന് ശേഷമാണ് രക്ഷാ പ്രവര്‍ത്തകര്‍ക്ക് പരിസരത്തേക്ക് എത്താന്‍ സാധിച്ചതെന്ന് പഴമക്കാരായ ദൃസാക്ഷികള്‍ പറയുന്നു.
അപകടത്തില്‍ വിമാനത്തില്‍ നിന്നും വയലിലേക്ക് തെറിച്ചുവീണ പൈലറ്റുമാരില്‍ സഹപൈലറ്റ് റെഡ്ഢി സംഭവസ്ഥലത്ത് വെച്ചും, പൈലറ്റ് മെഹ്തയില്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചതെന്ന് അപകടത്തിന് ദൃസാക്ഷിയായിരുന്ന ഹിന്ദു പത്രത്തിന്റെ അന്നത്തെ സബ് ഏജന്റ് ചേളാരിക്കാരന്‍ ബാവാക്ക സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും ഡോക്ടര്‍മാരെത്തി പൈലറ്റുമാരുടെ മൃതദേഹം സംഭവസ്ഥലത്ത് തന്നെ ടെന്റ് കെട്ടി പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
തകര്‍ന്ന വിമാനം ഒരുമാസത്തോളം സംഭവസ്ഥലത്ത് കിടന്നു. പിന്നീട് യന്ത്രഭാഗങ്ങള്‍ അഴിച്ച് വേര്‍പെടുത്തിയാണ് ചേളാരിയില്‍നിന്നും കൊണ്ടുപോയത്. ചേളാരിക്കാരനായ ആലിക്കുട്ടിഹാജിയുടെ 92 ഏക്കര്‍ സ്ഥലം വിലക്കെടുത്താണ് 1962 ല്‍ ബിര്‍ളാ കമ്പനി ചേളാരിയില്‍ ഒരു സ്വകാര്യ മിനി വിമാനത്താവളം നിര്‍മിച്ചത്. എട്ട് കിലോമീറ്റര്‍ നീളത്തിലുള്ള റണ്‍വേയായിരുന്ന ഈ മിനി വിമാനത്താവളത്തിന്.
ദേശീയപാതയുടെ കിഴക്ക് ഭാഗത്തായി ഇറങ്ങുന്ന വിമാനം പാത മുറിച്ച കടന്ന് പടിഞ്ഞാറോട്ട് കുതിച്ച് ലാന്റ് ചെയ്യുന്ന രീതിരയിലായിരുന്നു റണ്‍വേയുടെ നിര്‍മ്മാണം. വിമാനം ലാന്റ് ചെയ്യുന്ന സമയം ഇരുപത് മിനിറ്റോളം ദേശീയപാതയുടെ ഇരുവശവും ചങ്ങലയിട്ട് പൂട്ടിയാണ് റോഡ് ഗതാതം നിയന്ത്രിച്ചിരുന്നത്.
അപകടത്തിനുശേഷം ഹിന്ദുവിന്റെ വിമാനം ചേളാരിയില്‍ വന്നിട്ടില്ലെങ്കിലും കരിപ്പൂര്‍ വിമാനത്താവളം വരുന്നതുവരെ ചേളാരിയിലെ എയര്‍സ്ട്രിപ്പ് പ്രവര്‍ത്തിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിനുമുന്‍പ് ബിര്‍ളയുടെ ഈ സ്വകാര്യ വിമാനത്താവളം ഏറ്റെടുത്ത് കോഴിക്കോട് വിമാനത്താവളമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ഉയര്‍ത്തി ഇന്ത്യന്‍ എയര്‍ലൈന്‍സ് ഇതിനെ എതിര്‍ത്തതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. ചേളാരി വിമാനത്താവളം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ബോട്ടിലിംഗ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. യൂണിറ്റിന്റെ എതിര്‍വശം ദേശീയപാതക്ക് അപ്പുറം തകര്‍ന്ന എയര്‍സ്ട്രിപ്പിന്റെ ഭാഗങ്ങള്‍ ഇപ്പോഴും കാണാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."