കുണ്ടൂര്‍ കുത്തിയതോട് പാലം നിര്‍മാണം: തടസങ്ങള്‍ നീക്കാന്‍ ധാരണ
മാള: കുണ്ടൂര്‍ കുത്തിയതോട് പാലം നിര്‍മാണ തടസങ്ങള്‍ നീക്കാന്‍ ധാരണ. കുഴൂര്‍ പഞ്ചായത്ത് ഹാളില്‍ നടത്തിയ ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. പാലം നിര്‍മാണത്തിനും അപ്രോച്ച് റോഡിനുമായി ഏറ്റെടുക്കേണ്ട സ്ഥലത്തെ വീടുകളില്‍ ഉടമയുമായി പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ നേരില്‍ ബന്ധപ്പെട്ട് സംസാരിക്കും. പാലത്തിനപ്പുറത്തുള്ള എറണാകുളം ജില്ലയിലെ കുന്നുകര പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവര്‍ ഉള്‍പ്പെടെ സംയുക്ത യോഗം വിളിക്കും. കുണ്ടൂര്‍ കുത്തിയതോട് പാലം നിര്‍മാണം ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സംസ്ഥാനത്തെ വിവിധ പാലങ്ങള്‍ക്കൊപ്പം കുണ്ടൂര്‍ കുത്തിയതോട് പാലവും ഇടം പിടിച്ച വാര്‍ത്ത ആഹ്ലാദത്തോടെയാണ് പ്രദേശവാസികള്‍ കേട്ടത്.
കുഴൂര്‍ പഞ്ചായത്തിലെ കുണ്ടൂര്‍ കടവില്‍ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ കുണ്ടൂരിന്റെ മറുകരയായ കുത്തിയതോട് പ്രദേശത്ത് പാലം നിര്‍മാണത്തിനും റോഡ് വികസനത്തിനും ഭൂമി ലഭിക്കാത്തത് തടസമാകുകയായിരുന്നു. വി.ആര് സുനില്‍കുമാര്‍ എം.എല്‍.എയുടെ ഇടപെടല്‍ മൂലമാണ് ഇപ്പോള്‍ തടസ്സങ്ങള്‍ നീങ്ങിയത്.
പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ മാള, കൂഴൂര്‍ മേഖലയില്‍ നിന്നുള്ളവര്‍ക്ക് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് എളുപ്പം എത്തിച്ചേരാനാകും.നിലവില്‍ മറുകര കടക്കാന്‍ കിലോമീറ്ററുകള്‍ കറങ്ങി കണക്കന് കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിനെ ആശ്രയിക്കേണ്ടതുണ്ട്. തൃശൂര്‍ എറണാകുളം ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന കടവാണിത്. ഇവിടെ നിന്നും ചാലാക്ക മെഡിക്കല്‍ കോളജ്, ചെങ്ങമനാട് എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിചേരാനാവും. മാളയില്‍ നിന്നും എറണാകുളം ജില്ലയിലെ ആലുവയിലേക്കുള്ള എളുപ്പമാര്‍ഗമായി ഇത് മാറുകയും ചെയ്യും.
അഡ്വ.വി.ആര്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, ജില്ലാപഞ്ചായത്ത് മെമ്പര്‍ നിര്‍മല്‍ സി .പാത്താടന്‍, എന്നിവരും മറ്റു ജനപ്രതിനിധികളും പൊതുമരാമത്തു ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."