തണ്ണീര്‍പന്തല്‍ ഈ മാസം 20ന് പ്രവര്‍ത്തനം ആരംഭിക്കും
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ വഴിയോര വിശ്രമ കേന്ദ്രമായ പുത്തൂരിലെ 'തണ്ണീര്‍ പന്തല്‍' 20ന് പ്രവര്‍ത്തനം തുടങ്ങും. കഴിഞ്ഞ ഫെബ്രുവരി 26ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇതുവരെയും ആരംഭിച്ചിരുന്നില്ല.
കരാര്‍ നല്‍കുന്നതിലും വൈദ്യുതി ലഭിക്കുന്നതിലുമുണ്ടായ കാലതാമസമാണ് തടസമായത്. കൊട്ടാരക്കര ശാസ്താംകോട്ട റോഡില്‍ പുത്തൂര്‍ പാങ്ങോട് ജങ്ഷനില്‍ പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നാണ് തണ്ണീര്‍പന്തല്‍ ഒരുക്കിയിരിക്കുന്നത്. പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന ഭൂമി ഇതിനായി വിട്ടുനല്‍കി. ജില്ലാ പഞ്ചായത്ത് അംഗം എസ്. പുഷ്പാനന്ദന്റെ ശ്രമഫലമായി അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് വേറിട്ട വഴിയോര വിശ്രമകേന്ദ്രം നിര്‍മ്മിച്ചത്. കെട്ടിട നിര്‍മ്മാണത്തിന് 20 ലക്ഷം രൂപയും മറ്റ് സൗകര്യങ്ങളൊരുക്കാന്‍ 5 ലക്ഷവും ചെലവായി. ജില്ലാ പഞ്ചായത്തിന്റെ ചുമതലയില്‍ ജില്ലയില്‍ ആറിടത്ത് തണ്ണീര്‍പന്തല്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതില്‍ ആദ്യം പൂര്‍ത്തിയായത് പുത്തൂരിലാണ്. പ്രവര്‍ത്തനം തുടങ്ങുന്നതോടെ വഴിയാത്രക്കാര്‍ക്ക് വലിയ അനുഗ്രഹമായി മാറും. നേരത്തേ ഉദ്ഘാടനം നടന്നതിനാല്‍ ആഘോഷങ്ങളില്ലാതെ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നടത്തിപ്പ് ചുമതല നല്‍കിയിരിക്കയാണ്. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നിരീക്ഷണമുണ്ടാകും. ദീര്‍ഘദൂര യാത്രക്കാര്‍ക്കാണ് തണ്ണീര്‍പ്പന്തല്‍ കൂടുതല്‍ പ്രയോജനപ്പെടുക. സമീപത്തെ പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടുത്തി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ ഫോണ്‍ നമ്പരുകള്‍ കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കും. യാത്രക്കാര്‍ വിളിച്ചാലുടന്‍ പൊലിസിന്റെ സേവനം ലഭിക്കും വിധമാണ് ക്രമീകരണം. വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍, റെസ്റ്ററന്റ്, ടോയ്‌ലറ്റ് സംവിധാനങ്ങള്‍, മുലയൂട്ടല്‍ കേന്ദ്രം, എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടര്‍, ടി.വി കാണാനുള്ള സൗകര്യം എന്നിവയാണ് ഇവിടെ ഒരുക്കുന്നത്. എ.ടി.എം കൗണ്ടര്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്. മറ്റ് സംവിധാനങ്ങളൊക്കെ സജ്ജമായിക്കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ വൈദ്യുതി കണക്ഷനും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."