തിരയില്‍പ്പെട്ട് വിദ്യാര്‍ഥിനിയെ കാണാതായി; ഒപ്പമുണ്ടായിരുന്ന യുവാവിനെ രക്ഷപ്പെടുത്തി
കൊല്ലം: കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ടു വിദ്യാര്‍ഥിനിയെ കാണാതായി. ഒപ്പമുണ്ടായിരുന്ന യുവാവിനെ മത്സ്യത്തൊഴിലാളികളും ബീച്ചിലെ ലൈഫ് ഗാര്‍ഡുകളും ചേര്‍ന്നു രക്ഷപ്പെടുത്തി.
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയും കൊല്ലം നല്ലില സ്വദേശിനിയുമായ രാധിക (19)യെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുനലൂര്‍ സ്വദേശി ബിപിനിനെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1.45നാണ് സുഹൃത്തുക്കളായ ഇവര്‍ കൊല്ലം ബീച്ചിലെത്തിയത്.
കൂറ്റന്‍ തിരമാലയില്‍ ഇരുവരും അകപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ബഹളംവച്ചതിനെ തുടര്‍ന്നു മത്സ്യതൊഴിലാളികളും ബീച്ചിലെ ലൈഫ് ഗാര്‍ഡുകളും ചേര്‍ന്നു ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബിപിനിനെ രക്ഷിക്കുന്നതിനിടയില്‍ രാധിക മുങ്ങിത്താഴുകയായിരുന്നു. തുടര്‍ന്ന് പൊലിസും സ്ഥലത്തെത്തി. തീരദേശ പൊലിസും ലൈഫ് ഗാര്‍ഡുകളും രാത്രിയിലും കടലില്‍ തിരച്ചില്‍ തുടരുകയാണ്.
അടുത്തിടെയാണ് കടല്‍ കാണാനെത്തിയ കൊട്ടിയം സ്വദേശികളായ ദമ്പതികള്‍ തിരയില്‍പെട്ടു മരിച്ചത്. കര്‍ശന നിര്‍ദേശങ്ങളും അപകട സൂചനാ ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബീച്ചില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും ഇതൊക്കെ അവഗണിക്കാറാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."