അനധികൃത മണലെടുപ്പ്: ഓര്‍ച്ച പാലം റോഡ് താഴ്ന്നു
നീലേശ്വരം: നീലേശ്വരം മാര്‍ക്കറ്റ്-ഓര്‍ച്ച തീരദേശ റോഡ് താഴ്ന്നു. പുഴയിലെ അനധികൃത മണലെടുപ്പാണു കാരണമെന്നാണ് ആരോപണം. ഓര്‍ച്ച പാലം റോഡില്‍ പുഴയ്ക്കു തൊട്ടുള്ള ഭാഗമാണു താഴുന്നത്. റോഡിന്റെ മധ്യം മുതല്‍ പുഴയുടെ അരികിനോടു ചേര്‍ന്നുള്ള റോഡിന്റെ ഭാഗം നീളത്തില്‍ പിളര്‍ന്നു താഴ്ന്ന നിലയിലാണുള്ളത്. ചിലയിടങ്ങളില്‍ റോഡില്‍ തിട്ടകളും രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം വേഗതയില്‍ വരുന്ന വാഹനങ്ങള്‍ അരികു നല്‍കുന്ന സമയത്ത് നിയന്ത്രണം വിടുന്ന സ്ഥിതിയുമുണ്ട്.
2013 ജനുവരിയില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞാണ് ഓര്‍ച്ച പാലവും മെക്കാഡം റോഡും ഗതാഗതത്തിനു തുറന്നു കൊടുത്തത്.
അഞ്ചു വര്‍ഷത്തെ ഗ്യാരണ്ടിയും റോഡിനുണ്ട്. പുഴയുടെ അരികുകളില്‍ ഇന്റര്‍ ലോക്ക് പാകുകയും കരിങ്കല്ലു കെട്ടി ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിര്‍മാണ ഘട്ടത്തില്‍ റോഡും അരികിലെ ഇന്റര്‍ലോക്കും തമ്മില്‍ വിടവുണ്ടായിരുന്നില്ല. ഇന്നു മൂന്നിഞ്ചോളം വിടവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദിവസവും ബസുള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
ഒരു മാസം മുന്‍പ് ഇവിടെ ഓട്ടോറിക്ഷ അപകടത്തില്‍ പെട്ടിരുന്നെങ്കിലും ഭാഗ്യം കൊണ്ടുമാത്രമാണു പുഴയില്‍ വീഴാതിരുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് തൊട്ടടുത്ത കോട്ടപ്പുറത്തുണ്ടായതു പോലുള്ള സംഭവം ഇവിടെയും ആവര്‍ത്തിക്കുമോ എന്ന ഭീതിയിലാണു യാത്രക്കാരും ജനങ്ങളും. പുഴയ്ക്ക് ആഴം കൂടുതലുള്ള ഭാഗമായതു കൊണ്ടുതന്നെ അപകട സാധ്യതയും ഏറെയാണ്.
മാര്‍ക്കറ്റ് ജങ്ഷനില്‍ നിന്ന് അഴിത്തല വരെയുള്ള ഈ റോഡ് തീരദേശവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. റോഡിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."