അപകടാവസ്ഥയിലുള്ള ബദിയടുക്ക ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ് പൊളിക്കും
ബദിയടുക്ക: കാലപഴക്കം മൂലം അപകടാവസ്ഥയിലുള്ള ബദിയഡുക്ക ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ് പൊളിച്ചുമാറ്റാനും ബി.ഒ.ടി അടിസ്ഥാനത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ് പണിയാനും ബദിയഡുക്ക പഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു. നിലവിലുള്ള ബസ് സ്റ്റാന്‍ഡ് പൊളിച്ചു മാറ്റുന്നതു സംബന്ധിച്ചു പഞ്ചായത്ത് പൊതുമരാമത്ത് അസി. എന്‍ജിനിയറോട് എസ്റ്റിമേറ്റ് എടുക്കുവാന്‍ പഞ്ചായത്ത് ഭരണ സമിതി നിര്‍ദേശം നല്‍കി.
റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കെട്ടിടം പൊളിച്ചു മാറ്റുന്നതു സംബന്ധിച്ചു സര്‍ക്കാറിന്റെ അനുമതിക്കു വേണ്ടി അയച്ചു കൊടുക്കുമെന്നും ഒരു മാസത്തിനുള്ളില്‍ കെട്ടിടം പൊളിച്ചു മാറ്റുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ട് പറഞ്ഞു.
മൂന്നു പതിറ്റാണ്ടു മുമ്പ് പണിത ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ ഇരുമ്പു കമ്പികള്‍ ദ്രവിച്ച് കോണ്‍ക്രിറ്റ് പാളികള്‍ ബസ് കാത്ത് നില്‍ക്കുന്ന യാത്രക്കാരുടെ തലയില്‍ വീഴാന്‍ തുടങ്ങിയതോടെ കെട്ടിടത്തില്‍ കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്കു മുറികള്‍ ഒഴിയാന്‍ നോട്ടിസ് നല്‍കിയിരുന്നു.
എന്‍.എ നെല്ലികുന്ന് എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം പുതുക്കി പണിയുമെന്ന് മൂന്നു വര്‍ഷം പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ ചില വ്യാപാരികള്‍ കെട്ടിടം ഒഴിപ്പിക്കുന്നതു സംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചതോടെ പഞ്ചായത്ത് അധികൃതര്‍ക്കു വ്യാപാരികളെ ഒഴിപ്പിക്കാന്‍ കഴിയാതെ വന്നു. ഇതോടെ എം.എല്‍.എ ഫണ്ടില്‍ നിന്നു കെട്ടിട നിര്‍മാണമെന്ന ആശയം കടലാസില്‍ ഒതുങ്ങി. മാത്രവുമല്ല പ്രഖ്യാപിച്ച ഫണ്ട് ബദിയഡുക്ക ടൗണ്‍ വികസനത്തിനു വേണ്ടി മാറ്റി വച്ചു.
കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതരും വ്യാപാരികളും നടത്തിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വ്യാപാരികള്‍ കെട്ടിടം ഒഴിഞ്ഞിട്ടു മാസങ്ങള്‍ പിന്നിട്ടിട്ടും കെട്ടിടം പൊളിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയില്ല. എന്നാല്‍ ഈ വര്‍ഷത്തെ പഞ്ചായത്ത് ബജറ്റില്‍ ബസ് സ്റ്റാന്‍ഡ് ബി.ഒ.ടി അടിസ്ഥാനത്തില്‍ പണിയുമെന്നു ബജറ്റ് അവതരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."