അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ
തിരുവമ്പാടി: യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ അനുസ്മരിച്ച് ക്രൈസ്തവസമൂഹം ഇന്ന് പെസഹ ആഘോഷിക്കുന്നു. അന്ത്യഅത്താഴത്തിനു മുന്‍പ് യേശു തന്റെ ശിഷ്യരുടെ പാദം കഴുകിയതിനെ അനുസ്മരിച്ച് ഇന്ന് ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. ക്രൈസ്തവ ഭവനങ്ങളില്‍ ഇന്ന് കുരിശപ്പവും പാലും ഒരുക്കും.
കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ ഇന്ന് വൈകിട്ട് ആറിന് ആരംഭിക്കുന്ന ദിവ്യബലിക്കിടെ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിക്കും. കോഴിക്കോട് രൂപതയ്ക്കു കീഴിലെ മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിലും കണ്ണൂര്‍ റോഡ് സിറ്റി സെന്റ് ജോസഫ്‌സ് ദേവാലയത്തിലും ഇന്ന് വൈകിട്ട് അഞ്ചിനും കല്ലായ് സെന്റ് പാട്രിക്‌സ് ചര്‍ച്ചിലും വെള്ളിമാടുകുന്ന് ഹോളി റെഡീമര്‍ ചര്‍ച്ചിലും വൈകിട്ട് 5.30നും ആണ് തിരുക്കര്‍മങ്ങള്‍. ചടങ്ങുകള്‍ക്കുശേഷം ആരാധന ഉണ്ടാകും.
താമരശേരി മേരിമാതാ കത്തീഡ്രലില്‍ ഇന്ന് രാവിലെ 7.30ന് ആരംഭിക്കുന്ന പെസഹാ തിരുക്കര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തില്‍ ഇന്ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ വികാരി ഫാ. ജോസ് വടക്കേടം. രാവിലെ ഒന്‍പത് മുതല്‍ അഞ്ചുവരെ വാര്‍ഡ് അടിസ്ഥാനത്തില്‍ ആരാധന. അഞ്ചുമുതല്‍ ആറുവരെ പൊതു ആരാധന. കട്ടിപ്പാറ തിരുക്കുടുംബ ദൈവാലയത്തില്‍ രാവിലെ 7.30ന് പെസഹാ തിരുക്കര്‍മങ്ങള്‍ വികാരി ഫാ. ജോസഫ് കൂനാനിക്കല്‍ നേതൃത്വം നല്‍കും.
ചമല്‍ സെന്റ് ജോര്‍ജ് ദൈവാലയത്തില്‍ രാവിലെ 7.30ന് ആരംഭിക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. കുര്യാക്കോസ് മുഖാല കാര്‍മികത്വം വഹിക്കും. തലയാട് സെന്റ് ജോര്‍ജ് ദൈവാലയത്തില്‍ രാവിലെ 7.30ന് തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. അമല്‍ കൊച്ചുകൈപ്പേല്‍ കാര്‍മികത്വം വഹിക്കും. തിരുവമ്പാടിയില്‍ പെസഹാ കര്‍മങ്ങള്‍ക്ക് ഫാ.ജോസ് ഓലിയക്കാട്ടിലും കൂടരഞ്ഞിയില്‍ ഫാ. റോയ് തേക്കുംകാട്ടിലും പുന്നക്കലില്‍ ഫാ. സജി മങ്കരയും പുല്ലൂരാംപാറയില്‍ ജോണ്‍ കളരിപറമ്പിലും ആനക്കാംപൊയിലില്‍ ഫാ. അഗസ്റ്റിന്‍ ആലുങ്കലും നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."