പൊതുവിദ്യാലയം പുതുമകളാല്‍ സമൃദ്ധം
ചെറുവത്തൂര്‍: വിസ്മയച്ചുമര്‍ മുതല്‍ വൈവിധ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന പഠനാന്തരീക്ഷം ഒരുക്കി പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ പുതുമകള്‍ ഏറെ. പുതിയ അധ്യയന വര്‍ഷത്തെ ഏറെ ആകര്‍ഷകമാക്കി തീര്‍ക്കാന്‍ ഓരോ വിഷയത്തിനും അനുയോജ്യമായ പഠനാന്തരീക്ഷം ഒരുക്കി കുട്ടികളില്‍ കൂടുതല്‍ പഠന താല്‍പര്യം ഉണര്‍ത്താനുള്ള പരിപാടികളുമായാണ് അധ്യാപകര്‍ക്കുള്ള പരിശീലനം സമാപനത്തിലേക്കു കടക്കുന്നത്.
കൗതുകം വിരിയുന്ന കരകൗശല വസ്തുക്കള്‍ കൊണ്ട് നിറയുന്നതാകും ഓരോ ക്ലാസിലും ഓരോ വിഷയത്തിലും ഒരുക്കുന്ന വിസ്മയച്ചുമരുകള്‍. കളിപ്പാട്ടങ്ങളും പൂക്കളും പൂമ്പാറ്റകളും വണ്ടുകളുമൊക്കെ ചുമരുകളെ വര്‍ണാഭമാക്കും. മ്യൂസിയങ്ങളും നാടകങ്ങളും ദൃശ്യ ഗണിതവും ഈ പുതുമയ്ക്കു മാറ്റു കൂട്ടും. കരകൗശല വൈദഗ്ദ്യമുള്ള അധ്യാപകരും സര്‍വശിക്ഷാ അഭിയാന്‍ പുതുതായി നിയമിച്ച സ്‌പെഷലിസ്റ്റ് അധ്യാപകരും കൂടി ഇത്തരം പരിശീലനങ്ങളില്‍ സജീവമാണ്. കുട്ടികളില്‍ അന്വേഷണാത്മക ചിന്ത വളര്‍ത്തുന്നതിനും പഠനം രസകരമാക്കുന്നതിനും ഊന്നല്‍ നല്‍കുന്നതാണ് ഇത്തവണത്തെ പരിശീലനം. അന്വേഷണാത്മക ശാസ്ത്ര ക്ലാസില്‍ അധ്യാപകന്റെ സ്ഥാനം കണ്ടെത്തികൊണ്ടാണ് അടിസ്ഥാന ശാസ്ത്ര പരിശീലനം.
കുട്ടികളുടെ ലബോറട്ടറി, മാതൃകാ ശാസ്ത്ര ക്ലാസുകള്‍, പരിസ്ഥിതി സൗഹൃദ പഠനോപകരണ നിര്‍മാണം, ജൈവവൈവിധ്യ ഉദ്യാനത്തെ എങ്ങനെ പഠനത്തില്‍ ഉപയോഗപ്പെടുത്താം തുടങ്ങിയ അന്വേഷണങ്ങളും പരിശീലനത്തിന്റെ ഭാഗമാണ്.
ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂളില്‍ നടന്നു വരുന്ന ചെറുവത്തൂര്‍ ഉപജില്ലാതല പരിശീലനത്തിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ടി.എം സദാനന്ദന്‍, ഡയറ്റ് ഫാക്കല്‍റ്റി കെ. രാമചന്ദ്രന്‍ നായര്‍, ചെറുവത്തൂര്‍ ബി.പി.ഒ കെ. നാരായണന്‍, ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപിക സി.എം മീനാകുമാരി, ചാത്തംകൈ ജി.യു.പി സ്‌കൂള്‍ അധ്യാപകന്‍ എം.വി പ്രകാശന്‍ എന്നിവരും ബി.ആര്‍.സി പരിശീലകരും വിവിധ വിദ്യാലയങ്ങളില്‍ നിന്നു മികവു തെളിയിച്ച അധ്യാപകരുമാണു പരിശീലനം നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."