മുന്‍ തലമുറയിലുള്ളവര്‍ ഒരുക്കിയ ദാരു ശില്‍പങ്ങള്‍ അരനൂറ്റാണ്ടിനു ശേഷം പ്രദര്‍ശനത്തിന്
തൃക്കരിപ്പൂര്‍: മുത്തച്ഛന്മാര്‍ ഒരുക്കിയ ദാരു ശില്‍പങ്ങള്‍ അരനൂറ്റാണ്ടിനു ശേഷം പ്രദര്‍ശനത്തിന്. പിലിക്കോട് കോതോളി കന്നി രാശി തറവാട് കളിയാട്ടത്തിന്റെ ഭാഗമായാണ് മനോഹരമായ കൊത്ത് പണിയില്‍ തീര്‍ത്ത ശില്‍പങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. 30 വര്‍ഷത്തിനു ശേഷം നടക്കുന്ന കളിയാട്ടത്തിന്റെ ഭാഗമായാണു പ്രദര്‍ശനം ഒരുക്കിയത്.
മണ്‍മറഞ്ഞു പോയ കണ്ണന്‍ കേരള വര്‍മ്മ, കുഞ്ഞപ്പ രവിവര്‍മ്മന്‍, കുഞ്ഞമ്പു ആചാരി, കുഞ്ഞമ്പു വയല്‍ എന്നിവര്‍ അഞ്ചു പതിറ്റാണ്ടു മുമ്പ് ആധുനിക യന്ത്രങ്ങളുടെ സഹായമില്ലാതെ ഉളി കൊണ്ടു മരത്തില്‍ കൊത്തിയ ചെറുതും വലുതുമായ നൂറോളം ശില്‍പങ്ങളാണു പ്രദര്‍ശിപ്പിച്ചത്.
ഉപ്പു കുറുക്കല്‍ സമരത്തിനായി പയ്യന്നൂരിലെത്തിയ ഗാന്ധിജിക്ക് ഉപഹാരമായി നല്‍കിയ ശ്രീരാമകൃഷ്ണ പരമഹംസന്റെ ശില്‍പം കണ്ണന്‍ കേരള വര്‍മ്മ പണിതതായിരുന്നു. നിരവധി മഹാന്മാര്‍ക്കു ശില്‍പങ്ങള്‍ നിര്‍മിച്ചു നല്‍കിയിരുന്നത് ഈ തറവാട്ടുകാരായിരുന്നു. നരസിംഹം, പാമ്പ്, ലക്ഷ്മി, ഭഗവതി, കതിവെന്നൂര്‍ വീരന്‍, മത്സ്യ കന്യക, ബാലി, അന്നപൂര്‍ണേശ്വരി, വൈരജാതന്‍ തുടങ്ങി നൂറോളം തെയ്യക്കോലങ്ങളും ജീവന്‍ തുടിക്കുന്ന ദാരു ശില്‍പങ്ങളുമാണ് പ്രദര്‍ശനത്തിനുളളത്. 1979ല്‍ കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗത്തിനു വേണ്ടി കുഞ്ഞപ്പ രവി വര്‍മ്മ നിര്‍മിച്ചു നല്‍കിയ ഒരാള്‍ വലിപ്പമുളള കതിവന്നൂര്‍ വീരന്‍ ശില്‍പത്തിന്റെ ചിത്രവും ഉള്‍പെടെ നൂറോളം ചരിത്ര ചിത്രങ്ങളുടേയും പ്രദര്‍ശനം കാണാന്‍ നിരവധി പേരത്തി. മധു കോതോളി, കെ വി നരേന്ദ്രന്‍, വേണു, കെ വി കേശവന്‍, കെ.വി സജിത്ത്, അനില്‍കുമാര്‍ എന്നിവരുടെ ശില്‍പവും ചിത്രവും പ്രദര്‍ശനത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."