രാമക്ഷേത്രം ചരിത്രത്തിന്റെ അവസാനമല്ല
അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ചുകളഞ്ഞിടത്ത് രാമക്ഷേത്രമുയരുമ്പോള്‍ ഇതേ സംബന്ധിച്ച് ഇനിയൊരു ചര്‍ച്ചപോലും അപ്രസക്തമാവുകയാണ്. ഇന്ത്യയിലെ പരമോന്നത നീതിപീഠം തന്നെയും രാമക്ഷേത്രത്തെ പിന്തുണയ്ക്കുമ്പോള്‍ മറ്റൊരു അത്ഭുതവും നമ്മള്‍ പ്രതീക്ഷിച്ചിട്ടുമില്ലല്ലൊ. പിന്നെയെന്തിന് ഭൂമിപൂജയെച്ചൊല്ലി ഈ കോലാഹലം. സംഘ്പരിവാര്‍ ആഗ്രഹിച്ചപോലെത്തന്നെ അവരാക്ഷേത്രം പടുത്തുകെട്ടും. ക്ഷേത്രം നിര്‍മിക്കാനായി പൂജിച്ച ഭൂമിക്കടിയില്‍ മതേതര ഭാരതത്തിന്റെ കരച്ചില്‍ മാത്രം ബാക്കിയാവും. ആ നിലവിളി ഏറ്റുവാങ്ങാന്‍ ഭാവി ഭാരതത്തിന്റെ എത്ര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാണും എന്നുപോലും നിശ്ചയമില്ല. അത്രമേല്‍ യാഥാര്‍ഥ്യങ്ങള്‍ നമ്മെ ആശങ്കപ്പെടുത്തുന്നുണ്ട്. അവസാന നിമിഷംവരെ മതേതര ഭാരതവും ഇസ്‌ലാംമത വിശ്വാസികളും കോടതിയില്‍നിന്നെങ്കിലും നീതികിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. സമീപകാല കോടതിവിധികളെക്കുറിച്ച് അറിയാഞ്ഞല്ല. എന്നാലും ഒരു പ്രതീക്ഷ. ബാബരി മസ്ജിദ് നില്‍ക്കുന്ന ഭൂമിയ്ക്ക് പുറത്ത് രാമക്ഷേത്രം നിര്‍മിക്കാനും കര്‍സേവകര്‍ പരുക്കേല്‍പ്പിച്ച പള്ളി പുനര്‍നിര്‍മിച്ച് മായാത്ത മതേതര പൈതൃക സ്മാരകമായി നിലനിര്‍ത്താനുമുള്ള ഒരു പാക്കേജെങ്കിലും ബഹുമാനപ്പെട്ട കോടതി മുന്നോട്ടുവച്ചിരുന്നെങ്കില്‍ നാമത് സന്തോഷത്തോടെ ഏറ്റുവാങ്ങുമായിരുന്നു. കഴിഞ്ഞതൊക്കെ മറക്കുമായിരുന്നു. എന്നാല്‍, മതേതര പൈതൃകത്തിന് തീരാകളങ്കം ചാര്‍ത്തിക്കൊണ്ട് വിധി ഏകപക്ഷീയമായിപ്പോയി. രാമനോ രാമക്ഷേത്രമോ ഒന്നുമല്ലല്ലോ പ്രശ്‌നം. ഇന്ത്യന്‍ മുസല്‍മാന് നീതികിട്ടിയില്ല എന്നതാണ്. മുസല്‍മാന്‍ രാമനെയും ആദരിക്കുന്നുണ്ട്. ഇതര മതപ്രവാചകന്മാരെയൊക്കെ ആദരിക്കുന്നതാണ് ഇസ്‌ലാമിന്റെ രീതി. ആരാധനക്കേ വിലക്കുള്ളൂ. ആദരവിനില്ല.
ബാബരി മസ്ജിദിനെ തര്‍ക്കമന്ദിരമാക്കി മാറ്റി പിന്നീട് പൊളിച്ചടുക്കുംവരെ എത്രയെത്ര കലാപങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യംവഹിച്ചു. തീപടര്‍ന്ന ജനപഥങ്ങള്‍ കത്തിച്ചാമ്പലായ വീടും സ്വത്തും. മരിച്ചുവീണവര്‍... ആര്‍ക്കും ഒന്നും പകരം കൊടുക്കാനാവില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മറഞ്ഞിരുന്ന ഫാസിസം ഹുങ്കാരം മുഴക്കി തെരുവിലേക്കിറങ്ങി. കാവിഭീകരത ഉന്മാദം പൂണ്ട് നൃത്തം ചെയ്തു. എല്ലാ ധര്‍മസംഹിതകളും കാറ്റില്‍ പറത്തി സന്യാസികളും പ്രത്യക്ഷപ്പെട്ടു. ബുദ്ധന്റെയും ഗാന്ധിജിയുടെയും ഭാരതം ലോകത്തിനു മുന്‍പില്‍ അപമാന ഭാരത്താല്‍ തലകുനിച്ചു. ഇനി ഏത് പള്ളിയിലേക്കാവും സംഘ്പരിവാര്‍ വിരല്‍ചൂണ്ടുക എന്നതാണ് നമ്മെ ഭയപ്പെടുത്തുന്നത്. കാശിയും മധുരയുമൊക്കെയാണ് അടുത്ത ലക്ഷ്യമെന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞല്ലൊ. അങ്ങനെ വന്നാല്‍ ഇതിനേക്കാള്‍ ദയനീയമാവും നമ്മുടെ പ്രതിരോധങ്ങള്‍. മതേതര പ്രസ്ഥാനങ്ങള്‍ അത്രയ്ക്ക് ദുര്‍ബലമാവുകയാണ് ഇന്ത്യയില്‍. ഇനിയുള്ള നാളുകളില്‍ ഇന്ത്യയെന്ന മഹാപൈതൃകത്തിന്റെ നിലനില്‍പ്പുതന്നെയും ആശങ്കപ്പെടുത്തുന്നതാണ്.
ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം രൂപപ്പെട്ടുവന്ന ഒരു ഹിന്ദുത്വ ബോധമുണ്ട്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ആ പൊതുബോധത്തിലേക്ക് മിക്കവാറും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അടുത്തുകൊണ്ടിരിക്കയാണ്. വിയോജിപ്പുകള്‍ കൂടുതല്‍ ദുര്‍ബലമാവുന്നു. പണിയാന്‍ പോകുന്ന രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടെന്താണ് എന്നാണ് കോണ്‍ഗ്രസ് വിരുദ്ധര്‍ ചോദിക്കുന്നത്. ആ ചോദ്യം അവിടെ നില്‍ക്കട്ടെ. പ്രതിപക്ഷത്ത് വേറെയുമുണ്ടല്ലോ രാഷ്ട്രീയ പാര്‍ട്ടികള്‍. അവരുടെയൊക്കെ നിലപാടെന്താണ് ? ഒരു നിലപാടുമില്ല. രാമക്ഷേത്രത്തിനെതിരേ നിലപാടെടുത്ത് ഹിന്ദുവോട്ട് പ്രതികൂലമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെന്നല്ല മതേതരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും തീരുമാനിക്കില്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ധാര്‍മിക രാഷ്ട്രീയമല്ല. അധികാര രാഷ്ട്രീയമാണ്. ഇനിയുള്ള കാലം രാമക്ഷേത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നതാവില്ലേ നല്ലതെന്ന് കമല്‍നാഥിനെപ്പോലുള്ളവര്‍ വിചാരിക്കുന്നുണ്ട്. ഭൂമിപൂജയ്ക്ക് ക്ഷണിക്കാത്തതില്‍ അവര്‍ പരിഭവിക്കുന്നതും അതുകൊണ്ടാണ്. ഭൂമിപൂജാ ദിവസം കുടുംബസമേതം ഹനുമാന്‍ ശ്ലോകം ചൊല്ലാന്‍ കമല്‍നാഥ് തീരുമാനിക്കുന്നു. സി.പി.എമ്മിന് എന്താണാവോ നിലപാട്. രാമക്ഷേത്രം ട്രസ്റ്റ് പണിതുകൊള്ളട്ടെ. സര്‍ക്കാരുകള്‍ ഇടപെടരുത് എന്ന് മാത്രമല്ലേ? രാമക്ഷേത്രം അവരും അംഗീകരിച്ചു കഴിഞ്ഞു എന്നര്‍ഥം.
കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് രണ്ട് ധാരകള്‍ അതിലുണ്ട്. ഒന്ന്, രാമഭക്തന്‍ കൂടിയായ മഹാത്മാഗാന്ധിയുടേതാണ്. സത്യഗ്രഹവും പ്രാര്‍ഥനയും അദ്ദേഹം ഒന്നിച്ചുകൊണ്ടുപോയി. മറ്റേധാര യുക്തിവാദിയായ നെഹ്‌റുവിന്റേതാണ്. ആ ധാര മെലിഞ്ഞുപോയി. അത് ഇനിയും മെലിയും. ഇന്ത്യന്‍ പൊതുബോധം കൂടുതല്‍ മതാത്മകമായി മാറുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍പോലും വൈരുധ്യാത്മക ഭൗതികവാദം ഉപേക്ഷിക്കുന്നു. മത, ജാതി സമവാക്യങ്ങള്‍ക്കൊപ്പമാണ് അവരും തെരഞ്ഞെടുപ്പുകളെ നേരിടുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തണലില്‍ വളര്‍ന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് തീര്‍ത്തും ദുര്‍ബലമായതിന്റെ സാമൂഹിക സാഹചര്യം അതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് അയഞ്ഞ ഘടനയാണ്. ആ പാര്‍ട്ടിയില്‍ മതാചാരങ്ങള്‍ പാലിച്ച് ജീവിക്കാം. മത, ജാതി വിശ്വാസങ്ങള്‍ പരസ്യപ്പെടുത്താം. വ്യക്തികള്‍ക്ക് സ്വന്തം അഭിപ്രായം രേഖപ്പെടുത്താം. ഒരു ആള്‍ക്കൂട്ടം പോലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അതിന്റെ ഗുണവും ദോഷവും അതിനുണ്ട്. ഒരു കാര്യത്തിലും കൂടിയാലോചനകളിലൂടെ ഏകാഭിപ്രായം രേഖപ്പെടുത്തുന്ന രീതിയും അതിനില്ല. നേതാക്കന്മാരുടെ ചുറ്റും രൂപപ്പെടുന്ന ചെറിയ ചെറിയ സംഘങ്ങളുടെ കൂട്ടായ്മയാണത്. കമല്‍നാഥിന്റെ ഫേസ്ബുക്ക് ഭിത്തിയില്‍ രൂക്ഷവിമര്‍ശനം രേഖപ്പെടുത്താനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. രാമക്ഷേത്രത്തെ സംബന്ധിച്ച് അതിരൂക്ഷ വിമര്‍ശനം രേഖപ്പെടുത്തിയതും ഒരു കോണ്‍ഗ്രസ് നേതാവുതന്നെ. ടി.എന്‍ പ്രതാപന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. പ്രതാപന്റെ സ്വരത്തില്‍ ഒരു സി.പി.എം നേതാവുപോലും സംസാരിച്ചിട്ടില്ല. കെ. മുരളീധരന്‍ തികഞ്ഞ ഈശ്വരഭക്തനാണ്. മുരളീധരന്റെ പ്രസ്താവന വളച്ചൊടിച്ച് ആക്രമിക്കുന്നതും ശരിയല്ല. അദ്ദേഹം പറഞ്ഞത് നേരല്ലേ? രാമക്ഷേത്രം പണിയുന്നതല്ലല്ലോ കുഴപ്പം. പള്ളി പൊളിച്ച് ക്ഷേത്രം പണിതതല്ലേ? അതല്ലേ ഇന്ത്യന്‍ മുസല്‍മാനെ വേദനിപ്പിച്ചത്. അരക്ഷിതരാക്കിയത്. അതല്ലേ മുരളീധരനും പറഞ്ഞുവച്ചത്. കുറുക്കന്റെ കൗശലമില്ലാത്തവരാണ് പൊതുവെ കോണ്‍ഗ്രസ് നേതാക്കള്‍. അതിനാല്‍ പ്രസ്താവനകളുടെ കെണിയില്‍ അവര്‍ ചെന്നുവീഴും.
അയല്‍വാസിയായ ആര്‍.എസ്.എസ് നേതാവ് മക്കളുടെ കല്യാണത്തിനു ക്ഷണിച്ചാല്‍ നാം പോകാറുണ്ടല്ലോ. വധൂവരന്മാര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്യും. ഇതിനര്‍ഥം ആര്‍.എസ്.എസിന്റെ പ്രത്യായശാസ്ത്രം അംഗീകരിക്കുന്നു എന്നല്ലല്ലൊ. പ്രിയങ്കാഗാന്ധിയുടെ രാമക്ഷേത്ര ആശംസയെ തല്‍ക്കാലം നമുക്കങ്ങനെ കാണാം. അതിലുമപ്പുറം തീവ്രഹിന്ദുത്വ നിലപാടിലേക്ക് പോയാല്‍ നമുക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉപേക്ഷിക്കാം. അപ്പോഴും ഒരു ചോദ്യം ഉയര്‍ന്നുവരും. എല്ലാവരെയും തള്ളിക്കളഞ്ഞ് നാം എങ്ങോട്ട് പോവും? ഇടത്- മതേതര പാര്‍ട്ടികള്‍ക്ക് വീഴ്ച വരുമ്പോള്‍ അവരെ വിമര്‍ശിച്ച് തിരുത്തി വംശീയ- ഫാസിസത്തിനെതിരേ ഐക്യനിര ഉണ്ടാക്കുകയല്ലേ വേണ്ടത്? പൂര്‍ണമായും അവരെ നിരാകരിക്കുയല്ലല്ലൊ.
ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ട ഘട്ടത്തില്‍ വേദന കടിച്ചമര്‍ത്തി ആത്മസംയമനം പാലിക്കാനാണ് മുസ്‌ലിംലീഗ് അണികളോട് ആഹ്വാനം ചെയ്തത്. പേരില്‍ മുസ്‌ലിം എന്നുണ്ടെങ്കിലും അതൊരു മതേതര പാര്‍ട്ടിയാണ്. മറ്റ് വിമര്‍ശനങ്ങള്‍ക്കൊപ്പം ഈ യാഥാര്‍ഥ്യം അംഗീകരിച്ചേ മതിയാവൂ. തീവ്ര നിലപാടുകള്‍ കൈക്കൊള്ളാനും കലാപങ്ങള്‍ക്ക് ആഹ്വാനം നല്‍കാനും എളുപ്പമാണ്. അതിന്റെ പരുക്കും നഷ്ടവും മുസല്‍മാന്‍ തന്നെ വഹിക്കേണ്ടിവരും. മുറിവുണങ്ങാന്‍ കാലമേറെയെടുക്കും. ആത്മസംയമനമെന്നത് കീഴടങ്ങലോ പരാജയം ഏറ്റുവാങ്ങലോ അല്ലെന്ന് പ്രവാചകനില്‍നിന്നു പഠിക്കേണ്ട പാഠങ്ങളാണ്. ഇന്ത്യയിലെ ഓരോ വര്‍ഗീയ കലാപവും സംഘ്പരിവാറിന്റെ വളര്‍ച്ചക്കാണ് കാരണമായത് എന്നും മറക്കരുത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷം അതിതീവ്ര നിലപാടുകള്‍ കൈക്കൊണ്ട മുസ്‌ലിം സംഘടനകള്‍ എവിടെയെത്തി എന്നും ആലോചിക്കാം. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളും ദലിതുകളും മതേതര വിശ്വാസികളും വല്ലാത്തൊരു നിസ്സഹായാവസ്ഥയിലാണ്. എവിടെയും നീതി കിട്ടുന്നില്ല എന്ന ഭീതി അതിവേഗം പടരുന്നു. എന്നുവച്ച് നമുക്ക് ഓടിപ്പോകാന്‍ വയ്യല്ലൊ.
ഗാന്ധിജിയുടെ രാമന്റെ ക്ഷേത്രമല്ല അയോധ്യയില്‍ പടുത്തുയര്‍ത്താന്‍ പോകുന്നതെന്ന് നട്ടെല്ലുനിവര്‍ത്തി പറയാന്‍ കെല്‍പ്പുള്ള എത്ര രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇന്ത്യയിലുണ്ട്. ചെറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടേക്കും. വലിയ വോട്ട് ബാങ്ക് ലക്ഷ്യംവയ്ക്കുമ്പോള്‍ അവരും മൗനികളാവും. ഭയാനകമായി പടരുന്ന ഹിന്ദുത്വ പൊതുബോധം സര്‍വരെയും നിസ്സഹായരാക്കി എന്നതല്ലേ നേര്. ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ഭാവി ഇന്ത്യ കൂടുതല്‍ ഇരുളടഞ്ഞതാവും. എന്നാലും നമുക്ക് പോരാട്ടം തുടര്‍ന്നേ പറ്റൂ.
കൊവിഡ് കാരണം തെരുവിലിറങ്ങി പ്രക്ഷോഭം നയിക്കാന്‍ പറ്റാതായി. എല്ലാ ജനാധിപത്യ സംവാദങ്ങളും മരവിച്ച് നില്‍ക്കുന്നു. ഭരണകൂട ഭീകരതയ്ക്ക് കൊവിഡ് ഒരനുഗ്രഹമായി. പൗരത്വഭേദഗതി നിയമത്തിനെതിരേയുള്ള സമരങ്ങള്‍ അര്‍ഥപൂര്‍ണമായി മുന്നേറുന്ന സന്ദര്‍ഭത്തിലായിരുന്നല്ലൊ മഹാമാരിയുടെ വരവ്. രാമക്ഷേത്ര വിഷയത്തില്‍ ഇനി നമുക്കൊന്നും ചെയ്യാനുമില്ല. എന്നാലും പ്രതീക്ഷ കൈവിട്ടുകൂട. നമുക്ക് ഈ മണ്ണില്‍ ആത്മബോധത്തോടെ ജീവിച്ചേ മതിയാവൂ. രാമക്ഷേത്രം ചരിത്രത്തിന്റെ അവസാനമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."