കക്കാടംപൊയിലില്‍ തൊഴുത്തില്‍ കെട്ടിയ പശുവിനെ കടുവ കൊന്നു
തിരുവമ്പാടി: കക്കാടംപൊയിലില്‍ താഴേക്കാട് പാമ്പിന്കാവില് തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നു തിന്നു. പൂവത്തിങ്കല്‍ സന്തോഷിന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. ആക്രമിച്ചതിന്റെ പിറ്റേദിവസവും കടുവയെ കണ്ടതായി വീട്ടുകാരും പരിസരവാസികളും പറഞ്ഞു.
കഴിഞ്ഞ ദിവസം ആനയോട് ഭാഗത്ത് കൃഷിയിടത്തില്‍ കെട്ടിയിരുന്ന മൂരിക്കിടാവിനെ അജ്ഞാത ജീവി കൊന്നിരുന്നു. കടുവയാണെന്ന് ഉറപ്പില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വന്യജീവിയെ കണ്ടെത്താന്‍ കാമറ സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.
ഒരാഴ്ച മുന്‍പ് അകമ്പുഴ ഭാഗത്ത് കടുവയെ കണ്ടതായി പരാതി ഉയര്‍ന്നിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങള്‍ കടന്നുകയറുന്നത് നിത്യസംഭവമായിട്ടും ഉത്തരവാദപ്പെട്ടവര്‍ കണ്ട ഭാവം നടിക്കുന്നില്ലെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. മലയോര മേഖലയില്‍ ജനങ്ങള്‍ അനുഭവിക്കുന്ന അപകടകരമായ സാഹചര്യത്തില്‍ എന്ത് നിലപാട് എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് മോഹന വാഗ്ദാനങ്ങളുമായി എത്തുന്ന സ്ഥാനാര്‍ഥികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തമാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."