തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷന്‍ വളവില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരുക്കേറ്റു
പള്ളിക്കല്‍: ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഒരു കുട്ടിയുള്‍പ്പെടെ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് സ്വദേശികളായ സന്ധ്യ (29), സൗമ്യ (26). എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാലക്കടുത്തെ പൊലിസ് സ്റ്റേഷന്‍ വളവില്‍ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം നടന്നത്. അപകടം നടന്ന ഉടനെ തൊട്ടടുത്ത തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനില്‍ നിന്നും എത്തിയ എസ്.ഐ ടി കണ്ടന്‍കുട്ടി, അഡി.എസ്.ഐ വി.യു അബ്ദുല്‍ അസീസ്, സി.പി.ഒ പ്രഭീഷ് എന്നിവര്‍ ചെര്‍ന്ന് പൊലിസ് ജീപ്പില്‍ കയറ്റിയാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. തൃശൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുന്ന കാറും രാമനാട്ടുകര ഭാഗത്ത് നിന്നും എല്‍.പി.ജി ഗ്യാസ് സിലിണ്ടറുമായി ചേളാരി ഐ.ഒ.സി പ്ലാന്റിലേക്ക് പോകുന്ന ലോറിയും തമ്മില്‍ വളവില്‍ കൂട്ടിയിടിക്കുകയായിരുന്നു. വളവില്‍ അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് എതിരേ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ഇവിടെ അപകടങ്ങള്‍ തുടര്‍കഥയായിട്ടും കണ്ണ് തുറക്കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ല. ദേശീയപാത സര്‍വകലാശാല മുതല്‍ കാക്കഞ്ചേരി വരെയുള്ള ഭാഗങ്ങളില്‍ മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ നടന്ന അപകടങ്ങളില്‍ നിരവധി മരണങ്ങളും അനേകം പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപകടം കുറയ്ക്കുന്നതിനായി സര്‍വകലാശാല മുതല്‍ ചെട്ട്യാര്‍മാട് വരെയുള്ള ഭാഗങ്ങളിലെ കൊടും വളവ് നിവര്‍ത്തി റോഡ് നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായി നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടിട്ടും ആവശ്യം പരിഗണിക്കാന്‍ അധികൃതര്‍ തയാറായില്ല.
റോഡിന്റെ ഇരു വശങ്ങളിലും സര്‍വകാലാശാലാ കാംപസില്‍ പെട്ട സ്ഥലം കാടു പിടിച്ചു കിടക്കുകയാണ്. വളവ് നിവര്‍ത്തി റോഡ് നിര്‍മിക്കാന്‍ ഈ സര്‍ക്കാര്‍ സ്ഥലത്ത് ഒരു കെട്ടിടം പോലും പൊളിച്ചു മാറ്റേണ്ട സാഹചര്യവും ഇല്ല. ഏറെ വീതിയുള്ള റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകാത്തത് ഏറെ പ്രതിഷേധാര്‍ഹമാണെന്ന് പൊലിസ് അധികാരികളും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."