ആ സല്യൂട്ട് ഔദ്യോഗികമല്ല; അനുമതിയില്ലാതെ വൈറല്‍ ആദരം നടത്തിയ പൊലിസുകാരനെതിരെ നടപടിക്ക് സാധ്യത
മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ കാവല്‍ മാലാഖമാര്‍ക്ക് നല്‍കിയ ആദരവ് പൊലിസുകാരന് വിനയായേക്കും. വകുപ്പുതല മേധാവികളറിയാതെ നടത്തിയ ആദരവില്‍ ഇയാള്‍ക്കെതിരെ നടപടിയുണ്ടാവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ മുന്നില്‍ നിന്ന പ്രദേശവാസികള്‍ക്കുള്ള അഭിനന്ദനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രവഹിക്കുന്നതിനിടെയാണ് സല്യൂട്ടുമായി പൊലിസുകാരന്‍ രംഗത്തെത്തിയത്. ക്വാറന്റൈനില്‍ കഴിയുന്ന രക്ഷാ പ്രവര്‍ത്തകര്‍ക്ക് യൂനിഫോമിലാണ് ഇദ്ദേഹം ആദരമര്‍പ്പിക്കാനെത്തിയത്. ഇതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
ചിത്രം വ്യാജമാകാനാണ് സാധ്യതയെന്നായിരുന്നു ജില്ലാ പൊലിസ് മേധാവിയുള്‍പ്പെടെയുള്ളവരുടെ ആദ്യ പ്രതികരണം. ഒപ്പം സത്യം കണ്ടെത്താന്‍ അന്വേഷണവും നടത്തി. അന്വേഷണത്തിനൊടുവില്‍ ആദരം നടത്തിയത് ഒറിജിനല്‍ പൊലിസ് തന്നെയാണെന്ന് കണ്ടെത്തി. കണ്‍ട്രോള്‍ റൂമില്‍ നിന്നും സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ പൊലിസുകാരനാണ് ഔദ്യോഗിക തീരുമാനപ്രകാരമല്ലാതെ ഈ വൈറല്‍ ആദരം നടത്തിയത്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊണ്ടോട്ടി സിഐ യോട് ജില്ലാ പൊലിസ് മേധാവി ആവശ്യപ്പെട്ടിട്ടുമുണ്ട്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ആദരം നടത്തി വൈറല്‍ ആയ പൊലിസുകാരനെതിരെ വകുപ്പ് തല നടപടിയുമുണ്ടായേക്കും.
സണ്ണി വെയ്ന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി ചലച്ചിത്ര താരങ്ങളടക്കമുള്ള നിരവധി പേരാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."