റോഡ് പ്രവൃത്തിയിലെ അശാസ്ത്രീയത; കാലിച്ചാനടുക്കത്ത് അപകടം പതിവാകുന്നു
രാജപുരം: അശാസ്ത്രീയമായ റോഡ് നവീകരണവും ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാരണം കാലിച്ചാനടുക്കത്ത് അപകടം പതിവാകുന്നുവെന്ന് ആരോപണം. കഴിഞ്ഞ ദിവസം കാലിച്ചാനടുക്കം സ്‌കൂളിനുമുന്നില്‍ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു മാസം മുന്‍പ് ടൗണില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനും പരുക്കേറ്റിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ശാസ്താംപാറ റോഡില്‍നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരനും അപകടത്തില്‍ പെട്ടിരുന്നു. അപകടം സ്ഥിരമാകാന്‍ തുടങ്ങിയതോടെ റോഡിന്റെ അപാകതക പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം നാട്ടുകാരുടെ പ്രതിഷേധമുയരാന്‍ തുടങ്ങിയിട്ടുണ്ട്.
നവീകരണത്തിന്റെ ഭാഗമായി ടൗണില്‍ കലുങ്ക് നിര്‍മിക്കുകയും ബസ് സ്റ്റാന്‍ഡിനുസമീപം മണ്ണിട്ട് റോഡിന്റെ ഉയരം കൂട്ടുകയും ചെയ്തിരുന്നു. ആദ്യ പാളി മെക്കാഡം ടാറിടല്‍ പൂര്‍ത്തിയാവുകയും ചെയ്തു. ഇതോടെ ബസുകളടക്കം കടന്നു പോകുന്ന ഇടറോഡുകളില്‍നിന്ന് പ്രധാന റോഡിലേക്ക് കയറ്റം കൂടി. പ്രധാന റോഡിലൂടെ വാഹനങ്ങള്‍ വേഗത്തില്‍ കടന്നുപോകാന്‍ തുടങ്ങിയതോടെ തായന്നൂര്‍, മയ്യങ്ങാനം എന്നിവിടങ്ങളില്‍ നിന്നുള്ള ഇടറോഡുകളില്‍നിന്ന് പ്രധാന റോഡിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ ഏതു നിമിഷവും വലിയ അപകടം നടക്കുന്ന സ്ഥിതിയാണ്. ഇതു കൂടാതെ കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയത്തിനുസമീപം കയറ്റം കുറയ്ക്കാന്‍ മണ്ണെടുത്തതോടെ ഇവിടെയുള്ള ബസ് കാത്തിരിപ്പു കേന്ദ്രം മണ്‍തിട്ടയുടെ മുകളിലാണ്. ഇത് പൊളിച്ചുമാറ്റാനും അധികൃതര്‍ നടപടിയെടുത്തിട്ടില്ല. ശാസ്താംപാറയില്‍നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ മണ്ണ് നീക്കം ചെയ്യാത്തതിനാല്‍ കാലിച്ചാനടുക്കം ഭാഗത്ത് നിന്ന് വാഹനങ്ങള്‍ വരുന്നത് കാണാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
പള്ളി പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കാനും ഇവിടത്തെ മണ്‍തിട്ട നീക്കം ചെയ്യാനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേവാലയ അധികൃതരും നാട്ടുകാരുമടക്കം പൊതുമരാമത്ത് അസി.എക്‌സി. എന്‍ജിനീയര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയാറായിട്ടില്ല. ഉള്‍റോഡുകളില്‍നിന്ന് പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വേഗനിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുക, റോഡ് നവീകരണത്തോടെ തായന്നൂര്‍, മയ്യങ്ങാനം റോഡുകളുടെ കയറ്റം കൂടിയത് കുറയ്ക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് നാട്ടുകാരുടെ പ്രധാന ആവശ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."