കാലാവധിക്ക് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയ പള്ളപ്രം ദേശീയപാത മെയ് ഒന്നിന് തുറന്നുകൊടുക്കും
പൊന്നാനി: കരാര്‍ പ്രകാരമുള്ള കാലാവധിക്ക് മുന്‍പ് നിര്‍മാണം പുര്‍ത്തിയാക്കിയ പള്ളപ്രം ദേശീയപാതയുടെ ഉദ്ഘാടനം മെയ് ഒന്നിന്. കരാര്‍ പ്രകാരം ജൂണില്‍ പൂര്‍ത്തിയാകേണ്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ തന്നെ പൂര്‍ത്തീകരിച്ച് ഏപ്രില്‍ ആദ്യവാരം തന്നെ ദേശീയപാത ഗതാഗതത്തിനായി തുറന്ന് കൊടുത്തിരുന്നു.
മെയ് ഒന്നിനാണ് പാതയുടെ ഔദ്യോഗിക ഉദ്ഘാടനം. കനോലി കനാലിന് കുറുകെയുള്ള പാലമാണ് പാതയുടെ പ്രത്യേകത. ഏഴ് മീറ്റര്‍ ഉയരത്തിലുള്ള സ്പാനുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിച്ചാണ് അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്.
പള്ളപ്രം മുതല്‍ ആനപ്പടി വരെയുള്ള ഭാഗത്തെ അപ്രോച്ച് റോഡിന്റെയും പാലത്തിന്റെയും ടാറിങ് നേരത്തെ പൂര്‍ത്തിയായിരുന്നു. 35. 75 കോടി രൂപ ചിലവിലാണ് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2015 സെപ്തംബറിലാണ് പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. കരാര്‍ കാലാവധിക്ക് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയതിനാല്‍ നിര്‍മാണം നടത്തിയ കമ്പനിക്ക് സര്‍ക്കാര്‍ പാരിതോഷികം സമ്മാനിക്കും.
240 മീറ്റര്‍ നീളമുള്ള പാലത്തിന് 12 മീറ്റര്‍ വീതിയുണ്ട്. പാത യാഥാര്‍ഥ്യമായതോടെ കൊച്ചി-കോഴിക്കോട് റൂട്ടില്‍ 40 കിലോമീറ്റര്‍ ലാഭിക്കാം. മെയ് ഒന്നിന് രാവിലെ പതിനൊന്ന് മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാരകന്‍ ഉദ്ഘാടനം നിര്‍വഹിക്കും. അപ്രോച്ച് റോഡ്, അണ്ടര്‍ പാസ്, കനാലിന് കുറുകെയുള്ള പാലം എന്ന രീതിയിലാണ് പള്ളപ്രം ദേശീയപാത നിര്‍മിച്ചിട്ടുള്ളത്.
ഇതാദ്യമായാണ് സംസ്ഥാനത്ത് വലിയൊരു പദ്ധതി കരാര്‍ കാലാവധിക്ക് മുന്‍പ് പൂര്‍ത്തിയാക്കുന്നത്. പെരുമ്പാവൂര്‍ ഇ കെ കെ കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മ്മാണച്ചുമതല. പാലത്തിലും അപ്രോച്ച് റോഡുകളിലുമായുള്ള വൈദ്യുതീകരണ പ്രവൃത്തികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."