തെരഞ്ഞെടുപ്പ് വേളയില്‍ സംഘര്‍ഷസാധ്യത; കല്യോട്ട് അതിജാഗ്രത വേണമെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട്
കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പിനുശേഷം കല്യോട്ടും പെരിയയിലും രൂക്ഷമായ സംഘര്‍ഷത്തിന് സാധ്യത. ഈ സാഹചര്യത്തില്‍ അതീവജാഗ്രത വേണമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കി. കല്യോട്ടെ രണ്ട് ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിലുണ്ട്. തെരഞ്ഞെടുപ്പിനുശേഷം വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. പെരിയ ഇരട്ടക്കൊലക്കുശേഷം കല്യോട്ട് പ്രദേശങ്ങളിലേക്കെത്തിയ പി. കരുണാകരന് എം.പി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളെ ഒരു സംഘം തടഞ്ഞതിലും വിവിധ നേതാക്കളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും അക്രമിച്ചതിലും വോട്ടെണ്ണലിനുശേഷം തിരിച്ചടിയുണ്ടാകുമെന്നാണ് ഇന്റലിജന്‍സ് നല്കുന്ന മുന്നറിയിപ്പ്. പെരിയ ഇരട്ടക്കൊല ആസൂത്രണം ചെയ്തതില്‍ നേതൃത്വത്തിനുപങ്കില്ലെന്ന് പറയുമ്പോഴും പിന്നീട് പ്രതികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത് സി.പി.എമ്മിലെ ചില നേതാക്കളാണെന്ന് ആരോപണമുണ്ടായിരുന്നു.
കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ പി. കരുണാകരന് ഉള്‍പ്പെടെയുള്ള നേതാക്കളെ തടയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് തിരിച്ചടി നല്‍കിയേ തീരൂവെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ അഭിപ്രായം.
അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തു നില്‍ക്കണമെന്ന നിര്‍ദേശം നേതൃത്വത്തിലെ ചിലര്‍ അണികള്‍ക്ക് നല്കിയിട്ടുള്ളതായി ഇന്റലിജന്സിനുവിവരം ലഭിച്ചുകഴിഞ്ഞു. പാര്‍ട്ടിപ്രവര്‍ത്തകരുടെ വാട്സ് ആപ് ഗ്രൂപ്പുകളിലും ഇതുസംബന്ധിച്ച സൂചനകളുണ്ട്. ഈ കാരണംകൊണ്ടു തന്നെ പെരിയ, കല്യോട്ട് ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പിനുശേഷവും പൊലിസ് സുരക്ഷ തുടരണമെന്നും ഇന്റലിജന്‍സിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."