തിരുവാലി -എടവണ്ണ റോഡ് നിര്‍മാണത്തിനെതിരേ നാട്ടുകാര്‍
വണ്ടൂര്‍: തിരുവാലി-എടവണ്ണ റോഡ് നിര്‍മാണത്തിനെതിരേ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ മൂന്നു കോടി രൂപ ചെലവഴിച്ചാണ് ജാമിഅ മുതല്‍ തിരുവാലി വരെയുള്ള നാലു കിലോമീറ്റര്‍ റോഡ് നിര്‍മാണം ഒരുവര്‍ഷം മുന്‍പ് പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ചത്.
എന്നാല്‍ റോഡ് നിര്‍മാണം അടങ്കലില്‍ കാണിച്ച രീതിയിലല്ല നടന്നിരിക്കുന്നതെന്നും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നുമാരോപിച്ചാണ് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുന്നത്. റോഡ് വീതി കൂട്ടി,നിവര്‍ത്താന്‍ കഴിയുന്ന വളവുകളെല്ലാം നിവര്‍ത്തി നല്‍കുമെന്ന ഉറപ്പ് പൊതുമരാമത്തധികൃതര്‍ പാലിച്ചില്ലെന്നാണ് പ്രധാനമായും ഇവരുടെ ആരോപണം.
നിരവധി വളവുകളുള്ള റോഡില്‍ അപകടങ്ങള്‍ തുടര്‍കഥയാവുകയാണ്. പാതയോര വീതി ഏറെയുള്ള റോഡില്‍ അധികൃതര്‍ മനസുവച്ചിരുന്നെങ്കില്‍ വളവുകളുടെ എണ്ണം കുറക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. റോഡ് നിര്‍മാണത്തിനായി മുറിച്ചു മാറ്റിയ മരങ്ങളുടെ വേരുകളടക്കമുള്ളവ അപകടകരമായ രീതിയില്‍ ഇപ്പോഴും പാതയോരത്ത് കിടക്കുകയാണ്.
നിര്‍മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനകം ഇത് നീക്കം ചെയ്യാമെന്ന ഉറപ്പ് അധികൃതര്‍ നല്‍കിയിരുന്നു.
പാതയോരത്തെ മണ്ണു നിറക്കലിലും അപൂര്‍ണതകളേറെയാണ്. പലഭാഗത്തും മരക്കുറ്റികള്‍ കുഴിച്ചെടുത്ത സ്ഥലങ്ങള്‍ വലിയ കുഴികളായി കിടക്കുകയാണ്. കാടു മൂടികിടക്കുന്നതു മൂലം അപരിചിത വാഹനങ്ങള്‍ പാതയോരത്ത് കുടുങ്ങുന്നത് പതിവു കാഴ്ചയാണ്. എന്നാല്‍ അടങ്കലില്‍ കാണിച്ചതിനേക്കാളും മികച്ച രീതിയില്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നാണ് പൊതുമരാമത്ത് എ.ഇ പറയുന്നത്. വളവുകള്‍ പരമാവധി ചെയ്യാന്‍ കഴിയാവുന്ന രീതിയില്‍ ചെയ്തിട്ടുണ്ടെന്നും മരക്കുറ്റികള്‍ മാറ്റാന്‍ കഴിയാത്തത് കത്തിച്ചു കളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."