നാട് വരളുമ്പോള്‍ കിണറുകളില്‍ വെള്ളം ഉയര്‍ന്നു
തളിപ്പറമ്പ്: കടുത്ത വേനല്‍ചൂടില്‍ നാടെങ്ങും കിണറുകള്‍ വറ്റിവരളുമ്പോള്‍ തളിപ്പറമ്പ് കോടതിക്കു സമീപത്തെ കിണറുകളില്‍ ശക്തിയില്‍ വെള്ളം ഉയര്‍ന്നു വരുന്നതു നാട്ടുകാര്‍ക്കു കൗതുക കാഴ്ചയായി. ഇന്നലെ രാവിലെയാണു തളിപ്പറമ്പ് കോടതിക്കു പിറകിലെ വീട്ടുകിണറുകളില്‍ അത്ഭുത പ്രതിഭാസം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കടുത്ത വേനലില്‍ വെള്ളം വറ്റിപ്പോയ ആറു കിണറുകള്‍ ഇപ്പോള്‍ ജല സമൃദ്ധമാണ്. ആദ്യം സാധാരണ ഉറവപോലെ വളരെ ശക്തികുറഞ്ഞ ജലപ്രവാഹമാണ് ഉണ്ടായത്. പിന്നീടു ജലപ്രവാഹത്തിന്റെ ശക്തികൂടി 50 അടി താഴ്ചയുള്ള കിണറില്‍ 37 അടി ഉയരത്തില്‍ വെള്ളം നിറയുകയായിരുന്നു. വിവരമറിയിച്ചതനുസരിച്ച് നഗരസഭാ സെക്രട്ടറിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. കിണര്‍ വെള്ളം രുചിച്ച് നോക്കിയപ്പോള്‍ ക്ലോറിന്റെ ചുവ അനുഭവപ്പെടുന്നുണ്ടെന്നും ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം കിണറുകളില്‍ എത്തിയതാകാമെന്നുമാണു പ്രാഥമിക നിഗമനമെന്നും നഗരസഭാ കൗണ്‍സിലര്‍ കെ. വത്സരാജ് പറഞ്ഞു. സമീപത്തൊന്നും കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിന്റെ ലക്ഷണങ്ങളില്ല. സംഭവസ്ഥലത്തിനു രണ്ടു ഭാഗത്തുകൂടി വീടുകളിലേക്കുള്ള ജലവിതരണ പൈപ്പുകളും ഒരുഭാഗത്തു കൂടി ജപ്പാന്‍ പദ്ധതിയുടെ പാപ്പിനിശ്ശേരിയിലേക്കുള്ള പ്രധാന വിതരണ ലൈനും കടന്നുപോകുന്നുണ്ട്. ഇതില്‍ ഏതു പൈപ്പാണു പൊട്ടിയതെന്നു വ്യക്തമല്ല. വാട്ടര്‍ അതോറിറ്റി അധികാരികള്‍ സ്ഥലത്തെത്തി പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."