പണം കൈപ്പറ്റിയിട്ടും കരാറുകാര്‍ വീട് പൂര്‍ത്തിയാക്കിയില്ല
കാട്ടിക്കുളം: അടുത്ത കാലം വരെ കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി കോളനിയിലെ കുട്ടപ്പന്റെ (70) താമസം ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ കൂരയിലായിരുന്നു. മഴക്കാലമായതോടെ തണുപ്പ് അസഹനീയമായി. കൂടാതെ കാട്ടാനശല്യവും. രക്ഷയില്ലാതെ വീട്ടുകാര്‍ കുട്ടപ്പനെ തകര്‍ന്നു വീഴാറായ കൂരയില്‍ നിന്ന് എടുത്ത് തൊട്ടു മുകളിലുള്ള പുതിയ വീട്ടില്‍ കിടത്തി. അവിടെയോ? കക്കൂസില്ല, വൈദ്യുതിയില്ല, വീട്ടില്‍ അടുക്കളയുമില്ല.
തിരുനെല്ലി പഞ്ചായത്ത് 11-ാം വാര്‍ഡിലെ താമസക്കാരനാണ് കുട്ടപ്പന്‍. കൂലിപ്പണിയെടുത്തുകൊണ്ടിരിക്കെ തളര്‍ന്നു വീണ കുട്ടപ്പനെ മകന്‍ വിജയന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊണ്ടുപോയി ചികിത്സിച്ചു. തലച്ചോറിലെ ഞരമ്പ് പൊട്ടിയതാണ്. തളര്‍ന്നു കിടക്കുകയാണ് കുട്ടപ്പന്‍.
മലമൂത്ര വിസര്‍ജനം കിടന്ന കിടപ്പില്‍. 'വീടിന്റെ പണി പൂര്‍ത്തീകരിച്ചു തരാന്‍ പല തവണ കരാറുകാരനോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. പക്ഷെ ഒരു കാര്യവുമില്ല. മഴക്കാലമായതോടെ വീണ്ടും ട്രൈബല്‍ ഓഫിസറെ കണ്ടു. വീട് പണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഒച്ചപ്പാടുണ്ടാക്കുമെന്ന് പറഞ്ഞപ്പോള്‍ എല്ലാം ശരിയാക്കാമെന്ന പതിവ് പല്ലവി '- കുട്ടപ്പന്റെ മകന്‍ വിജയന്‍ പറഞ്ഞു.
വേട്ടകുറുമ വിഭാഗത്തില്‍ പെട്ട കുട്ടപ്പന് പി.വി.ടി.ജി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുവര്‍ഷം മുമ്പാണ് വീട് അനുവദിച്ചത്.
മൂന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ വിഹിതം. കുട്ടപ്പന്റെ വീട്ടില്‍ വൈദ്യുതി, കക്കൂസ്, അടുപ്പ് തുടങ്ങിയ സൗകര്യങ്ങളില്ല. എല്ലാറ്റിനും വീട്ടുകാര്‍ അടുത്ത വീടിനെ ആശ്രയിക്കണം. കിട്ടിയ പണമെല്ലാം കരാറുകാരനെ ഏല്‍പ്പിച്ചതായി വിജയന്‍ പറഞ്ഞു.
ഇതിനിടെ കരാറുകാരനെ സഹായിക്കാനായി വീട് പണി മുഴുവനായി പൂര്‍ത്തീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് ട്രൈബല്‍ അധികൃതര്‍ നല്‍കിയതായി സംശയമുണ്ടെന്നും വിജയന്‍ പറഞ്ഞു.
വൈദ്യുതി കൂടിയില്ലാത്തതിനാല്‍ രാത്രിയാകുമ്പോള്‍ പേടി കൂടും- മീനാക്ഷി പറഞ്ഞു .ടാറിട്ട വഴിയില്‍ നിന്ന് 500 മീറ്ററോളം ദൂരം നടവഴിയാണ് കോളനിയിലേക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."