അര്‍ബുദം ബാധിച്ച വയോധിക നാട്ടുകാര്‍ക്ക് നൊമ്പരക്കാഴ്ചയാകുന്നു
അന്തിക്കാട്: വന്‍ കുടലില്‍ അര്‍ബുദം ബാധിച്ച വയോധിക നാട്ടുകാര്‍ക്ക് നൊമ്പര കാഴ്ചയാകുന്നു. അന്തിക്കാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ അമ്പാച്ചിറ സ്വദേശി കല്ലയില്‍ പരേതനായ രാമന്റെ ഭാര്യ സീത (76) യാണ് വന്‍കുടലില്‍ അര്‍ബുദം ബാധിച്ച് രോഗത്തോട് മല്ലടിക്കുന്നത്.
സീതക്ക് രണ്ട് മക്കളുണ്ട്. മകന് 20 വര്‍ഷം മുന്‍പ് നാടു വിട്ടു പോയതോടെ ഇവരുടെ ജീവിതം ദുരിതത്തിലായി.
പിന്നീട് സീത വീടുകളില്‍ പോയി പ്രസവ ശുശ്രൂഷ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയതും മകള്‍ കോമളയുടെ വിവാഹം നടത്തി കൊടുത്തതും.
ഏറെ വൈകാതെ മകളുടെ ഭര്‍ത്താവ് മരണപ്പെട്ടു. ഇതിനിടെ സീത അര്‍ബുദം ബാധിച്ച് കിടപ്പിലായി.
പൂര്‍ണ ആരോഗ്യവതിയായിരുന്ന ഇവര്‍ക്ക് വന്‍ കുടലിനായിരുന്നു അര്‍ബുദം ബാധിച്ചത്. ഇവരെ പരിപാലിക്കുന്നതിന് വേണ്ടി അയ്യന്തോള്‍ ഹൗസിങ് ബോര്‍ഡിന്റെ പുല്ലഴിയിലെ ഹോസ്റ്റല്‍ വാര്ഡന് ആയിരുന്ന മകള്‍ക്ക് മാസങ്ങളോളം ലീവെടുക്കേണ്ടി വന്നതോടെ ആ ജോലിയും പോയി.
സീതക്ക് സംസ്ഥാന സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന ക്ഷേമ പെന്ഷന് കൊണ്ട് മാത്രമാണ് ഈ കുടുംബത്തിന്റെ ദൈനംദിന ജീവിതം മുന്നോട്ട് പോകുന്നത്.
കൊടും ചൂടില്‍ വീട്ടില്‍ ഒരു ഫാന്‍ പോലുമില്ലാതെ ഉരുകി വിയര്‍ത്ത കുടുംബത്തിനു പള്‍സ് അന്തിക്കാടിന്റെ സാംസ്കാരിക പ്രവര്‍ത്തകര്‍ ഫാന്‍ എത്തിച്ചു കൊടുത്തു.
അന്തിക്കാട് എസ്.എച്ച്.ഒ എ മുഹമ്മദ് ഹനീഫ സീതക്ക് 3500 രൂപ വിഷുക്കൈനീട്ടവും നല്കി.
ഇവരുടെ വീട്ടില്‍ വച്ചു നടന്ന ലളിതമായ ചടങ്ങില്‍ പള്‍സ് സെക്രട്ടറി കവിത ഷജില്‍, ഷാബിതനൗഷാദ്, അബ്ബാസ് വീരാവുണ്ണി, പി.കെ കലേഷ്, ഷീനരാജന്‍, എന്‍.ടി ഷജില്‍, ടി.എസ് നവീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."