'കുടിവെള്ള പദ്ധതികള്‍ക്കു വേഗത പോരാ' കൂടുതല്‍ ഇടപെടലുകള്‍ വേണമെന്നു ജില്ലാ വികസന സമിതി
മലപ്പുറം: ജില്ലയില്‍ കനത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കു കുടിവെള്ളം ഉറപ്പുവരുത്തുന്നതിനു കൂടുതല്‍ ഇടപെടലുകള്‍ വേണമെന്നും അടിയന്തര യോഗം വിളിച്ചുചേര്‍ത്തു സ്ഥിതിഗതികള്‍ പരിശോധിക്കണമെന്നും ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ അടിയന്തര യോഗംചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എം.എല്‍.എമാര്‍ നിര്‍ദേശിച്ചത്.
ജില്ലയില്‍ 450 വാട്ടര്‍ കിയോസ്‌ക്കുകള്‍ നിര്‍മിക്കുന്നതിനു സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ദുരന്ത നിവാരണ വിഭാഗം യോഗത്തെ അറിയിച്ചു. ഇവയുടെ പ്രവര്‍ത്തന ചുമതല നിര്‍മിതി കേന്ദ്രത്തെയാണ് ഏല്‍പിച്ചിരിക്കുന്നത്. ഇതില്‍ 56 എണ്ണത്തിന്റെ പ്ലാറ്റ്‌ഫോം പണി പൂര്‍ത്തീകരിച്ചതായി നിര്‍മിതി കേന്ദ്ര അറിയിച്ചിട്ടുണ്ട്. മറ്റുള്ളവയുടെ നിര്‍മാണം നടക്കുകയാണ്. ഗ്രാമപഞ്ചായത്തുകള്‍ക്ക് 10 ലക്ഷം രൂപവരെ തനത് ഫണ്ടുപയോഗിച്ചു കുടിവെള്ള വിതരണം നടത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. നഗരസഭകള്‍ക്ക് 15 ലക്ഷം രൂപവരെ ചെലവഴിക്കാം.
എന്നാല്‍, സാമ്പത്തിക വര്‍ഷാരംഭമായതിനാല്‍ ഇത്രയും തുക ചെലവഴിക്കാന്‍ ലഭ്യമല്ലാത്തതു കുടിവെള്ള വിതരണത്തെ ബാധിക്കുന്നതായി എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി. നജില്ലയില്‍ ആര്‍.എം.എഫ് ഫണ്ട് വരള്‍ച്ചാ പദ്ധതികള്‍ക്കു വിനിയോഗിക്കുന്നതിന് അനുമതി വേണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. 54 കോടി രൂപ ആര്‍.എം.എഫ് ഫണ്ടിലുള്ളതായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗം അറിയിച്ചു. ഈ തുകയില്‍നിന്ന് എക്‌സപേര്‍ട്ട് കമ്മിറ്റികള്‍ അംഗീകരിച്ച 14 പദ്ധതികള്‍ അംഗീകാരത്തിനായി നല്‍കിയിട്ടുണ്ട്. എന്നാല്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടാത്ത എക്‌സ്‌പേര്‍ട്ട് കമ്മിറ്റി ഇത്തരം പദ്ധതികളെക്കുറിച്ചു തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്നും എം.എല്‍.എമാര്‍ അഭിപ്രായപ്പെട്ടു.
എം.എല്‍.എമാരായ വി. അബ്ദുര്‍റഹ്മാന്‍, ടി.വി ഇബ്രാഹീം, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി.കെ ബഷീര്‍, പി. ഉബൈദുല്ല, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അഷ്‌റഫ് കോക്കൂര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ നാസര്‍, എ.ഡി.എം അനില്‍ കുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ശ്രീലേഖ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."