രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കുമെന്ന് തെര.കമ്മിഷന്
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിക്കാന്‍ തീരുമാനിച്ചതായി മുഖ്യതെരഞ്ഞെടുപ്പു കമ്മിഷനര്‍ നസിം സെയ്ദി.
ഇന്നലെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സുതാര്യതയുണ്ടാക്കാനായി വിവി പാറ്റ് മെഷിന് ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പഴയ രീതിയിലുള്ള ബാലറ്റ് സംവിധാനം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 16 രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പു സംബന്ധിച്ച് ജനങ്ങളുടെ വിശ്വാസ്യതക്കുവേണ്ടിയാണ് അവര്‍ പഴയ ബാലറ്റ് സംവിധാനത്തെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ ഇതിനുപകരം സുതാര്യമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ വി.വി പാറ്റ് മെഷിന് ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇതിനുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് കമ്മിഷനര്‍ അറിയിച്ചു. 15 ലക്ഷം വിവിപാറ്റ് മെഷിനുകള്ക്കാണ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. രാജ്യത്തെ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്സും ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യയുമാണ് വിവിപാറ്റ് മെഷിനുകള്‍ നിര്‍മിച്ചു നല്‍കുന്നത്. അടുത്തവര്‍ഷം സെപ്തംബറില്‍ ഇവ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."