ജ. കര്‍ണന്റെ ഉത്തരവ് ചീഫ് ജസ്റ്റിസടക്കം ആറ് ജഡ്ജിമാര്‍ക്ക് വിദേശയാത്രാ നിരോധനം
കൊല്‍ക്കത്ത: സുപ്രിം കോടതി ചീഫ് ജസ്റ്റിസടക്കം ആറ് ജഡ്ജിമാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അതോറിറ്റിക്കാണ് ജസ്റ്റിസ് കര്‍ണന്‍ നിര്‍ദേശം നല്‍കിയത്.
ഇവര്‍ക്കെതിരായ കേസ് അവസാനിക്കുന്നതുവരെ വിദേശയാത്ര അനുവദിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. തന്റെ വീടിനെ കോടതിയായി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ഏപ്രില്‍ 13ന് പട്ടികജാതി പട്ടികവര്‍ഗ നിയമപ്രകാരം സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജെ. എസ്. ഖെഹാര്‍, മറ്റ് ആറ് ജഡ്ജിമാര്‍ എന്നിവര്‍ക്കെതിരേ കര്‍ണന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് കര്‍ണന്റെ ഉത്തരവിന്റെ നിയമപ്രാബല്യത്തെകുറിച്ച് വ്യക്തതയില്ല.
സുപ്രിംകോടതി ചീഫ് ജസ്റ്റിസും മറ്റ് ആറ് ജഡ്ജിമാരും ചേര്‍ന്നായിരുന്നു കര്‍ണനെതിരായ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിച്ചത്.
മാര്‍ച്ച് 31ന് മുന്‍പ് കോടതി മുന്‍പാകെ ഹാജരാകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഏഴംഗ ഭരണഘടനാ ബെഞ്ച് അദ്ദേഹത്തിനെതിരേ നേരത്തെ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു.ഹൈക്കോടതി സിറ്റിങ് ജഡ്ജിക്കെതിരേ നടപടിയെടുക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നായിരുന്നു കര്‍ണന്റെ നിലപാട്. താന്‍ ദലിതനായതുകൊണ്ടാണ് ഇരയാക്കപ്പെടുന്നത്.
ഈ വിഷയം പാര്‍ലമെന്റിന് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിം കോടതി രജിസ്ട്രാര്‍ക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തിരുന്നു. തന്റെ ഭരണഘടനാപരമായ അധികാരങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. സുപ്രിം കോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിനാണ് കര്‍ണനെതിരേ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചത്.
രാജ്യത്തെ പരമോന്നത കോടതിയുടെ അറസ്റ്റ് വാറന്‍ഡ് തള്ളികളഞ്ഞ വിവാദ ന്യായാധിപനാണ് കര്‍ണന്‍.
തനിക്കെതിരേ നടപടിയെടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഭരണഘടനാ ബെഞ്ചിലെ ഏഴു ജഡ്ജിമാര്‍ പതിനാല് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായിരുന്നു കര്‍ണന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."