മലങ്കര ഡാമില്‍ മാലിന്യം തള്ളി; ടാങ്കര്‍ ലോറിയും ഡ്രൈവറും പിടിയില്‍
കാഞ്ഞാര്‍: മലങ്കര അണക്കെട്ടില്‍ മാലിന്യം തള്ളിയ ടാങ്കര്‍ ലോറിയും ഡ്രൈവറും പൊലിസ് പിടിയില്‍. അറക്കുളം കാവുംപടിയില്‍ പടിഞ്ഞാറേയില്‍ രാജീവ് (37) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 10 ഓടെയാണ് മലങ്കര ജലാശയത്തിലേക്ക് ടാങ്കര്‍ ലോറിയില്‍ നിന്നും മാലിന്യം തള്ളിയത്. പകല്‍ മുഴുവന്‍ സംശയാസ്പദമായ രീതിയില്‍ കണ്ട ടാങ്കര്‍ ലോറി നിരീക്ഷിച്ച സമീപവാസികളായ യുവാക്കള്‍ മാലിന്യം ഒഴുക്കുന്നതു കണ്ട് കാഞ്ഞാര്‍ പൊലിസില്‍ വിവരമറിയിച്ചു. വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തിയപ്പോഴേക്കും ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. തല്‍സമയത്ത് തന്നെ ടാങ്കര്‍ ലോറി കസ്റ്റഡിയിലെടുത്തു. മാവേലിക്കര നൂറനാട് എസ്.എസ്. മന്‍സില്‍ മുനീര്‍ (27) എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറിയാണിത്.
തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഡ്രൈവറെ രാത്രിയില്‍ തന്നെ കസ്റ്റഡിയിലെടുത്തു. നിരവധി ശുദ്ധജല പദ്ധതിയും ജലനിധി പദ്ധതിയും ഉള്‍പ്പടെ പതിനായിരക്കണക്കിനാളുകള്‍ കുടിവെള്ളമായി ഉപയോഗിക്കുന്ന മലങ്കര ജലാശയത്തിലാണ് മാലിന്യം തള്ളിയത്. മൂന്ന് അറയുള്ള ടാങ്കര്‍ ലോറി നിറയെ മാലിന്യവുമായാണ് എത്തിയത്. മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതു കണ്ട ഉടനെ തന്നെ തടയാന്‍ സാധിച്ചതിനാല്‍ മുഴുവന്‍ മാലിന്യവും ഇവര്‍ക്ക് ജലാശയത്തില്‍ തള്ളാന്‍ സാധിച്ചില്ല.
വിവിധ സ്ഥലങ്ങലില്‍ നിന്നും മാലിന്യം എടുക്കുന്ന ഇവര്‍ ആലപ്പുഴയിലുള്ള സംസ്‌കരണ പ്ലാന്റിലാണ് മാലിന്യം സംസ്‌കരിക്കുന്നതെന്നു പറയുന്നു. എന്നാല്‍ ഇവര്‍ അടിമാലിയില്‍ നിന്നും മാലിന്യം കയറ്റി അറക്കുളത്ത് എത്തുകയായിരുന്നു. കാഞ്ഞാര്‍ സി.ഐ ഷിന്റോ, പി. കുര്യന്‍, എസ്.ഐമാരായ അലി, ജോണ്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഡ്രൈവറെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."