ശശികലയെ സന്ദര്‍ശിക്കുന്നവരുടെ എണ്ണം കുറയുന്നു
ബംഗളൂരു: അനധികൃത സ്വത്തുസമ്പാദന കേസില്‍ കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികലയെ സന്ദര്‍ശിക്കുന്നവരുടെ എണ്ണം പരിമിതം.
സന്ദര്‍ശകരെ അവര്‍ ഒഴിവാക്കുകയാണെന്നാണ് വാര്‍ത്തയെങ്കിലും കോഴ വിവാദത്തില്‍ ദിനകരന്‍ അറസ്റ്റിലായതും പാര്‍ട്ടിയുടെ കേന്ദ്ര സ്ഥാനങ്ങളില്‍നിന്ന് അവരുടെയും ബന്ധുക്കളുടെയും സ്വാധീനം നഷ്ടമായതുമാണ് ശശികല അവഗണിക്കപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ഏപ്രില്‍ 15 മുതല്‍ ഇന്നലെവരെയുള്ള കണക്കില്‍ ബന്ധുവായ ഡോക്ടര്‍ ഉള്‍പ്പെടെ കേവലം മൂന്നുപേര്‍ മാത്രമാണ് ശശികലയെ സന്ദര്‍ശിച്ചത്.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ശശികലയുടെ അഭിഭാഷകന്‍ ഉള്‍പ്പെടെ 19 പേരാണ് സന്ദര്‍ശകരായി ജയിലിലെത്തിയിരുന്നത്.തെരഞ്ഞെടുപ്പുകമ്മിഷന് കോഴ വാഗ്ദാനം ചെയ്ത കേസില്‍ ടി.ടി.വി ദിനകരന്‍ അറസ്റ്റിലായത് ശശികലയെ തളര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം.
ദിനകരന്റെ അറസ്റ്റിനെത്തുടര്‍ന്ന് അണ്ണാ ഡി.എം.കെയില്‍ തങ്ങള്‍ക്കുള്ള സ്വാധീനതയില്‍ വലിയ തിരിച്ചടിയാണുണ്ടാക്കിയിട്ടുള്ളതെന്ന ആശങ്കയും അവര്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ചിലരുമായി പങ്കുവച്ചതായും വിവരമുണ്ട്.
അതിനിടയില്‍ ശശികലക്കൊപ്പം ജയിലില്‍ കഴിയുന്ന സഹോദര ഭാര്യ ഇളവരശിയുടെ ആരോഗ്യനില മോശമായ സാഹചര്യത്തില്‍ ഇവര്‍ ജയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇപ്പോള്‍ ശശികലമാത്രമാണ് സെല്ലിലുള്ളത്. കൂടുതല്‍ സമയവും ശശികല ചെലവഴിക്കുന്നത് ടി.വി കാണുന്നതിനുവേണ്ടിയാണെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."