സി.പി.എം വിഭാഗീയത നെന്മാറയില്‍ എം.എല്‍.എയും പഞ്ചായത്ത് പ്രസിഡന്റും നേര്‍ക്കുനേര്‍
ആലത്തൂര്‍: എം.എല്‍.എ ഉദ്ഘാടകനായുള്ള പരിപാടിയ്ക്ക് നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചാലും കാണില്ല. സി.പി.എമ്മിലെ രൂക്ഷമായ വിഭാഗീയതയാണ് ഇതിനു കാരണം. നാടൊട്ടുക്കും പുതിയ എം.എല്‍.എ.യ്ക്ക് സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചു കഴിഞ്ഞപ്പോഴും നെന്മാറയില്‍ മാത്രം പേരിന്. സി.പി.എം തന്ന ഭരിക്കുന്ന നെന്മാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇതുവരെയും എം.എല്‍.എ.യ്ക്ക് സ്വീകരണവും നല്‍കിയിട്ടില്ല.
ഇതോടെ പാര്‍ട്ടിയിലെ ഒരു വിഭാഗം നടത്തുന്ന വിഭാഗീയ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. പാര്‍ട്ടി സമ്മേളനത്തെ തുടര്‍ന്ന് അവസാനിച്ചെന്നു പറയുന്ന വിഭാഗീയതയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്.
എം.എല്‍.എ കെ ബാബുവിനെതിരെ അസംതൃപ്തരായ ഒരു വിഭാഗം പരസ്യമായാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് ഈ ഭാഗത്തെ തന്നെ ഒരു മുതിര്‍ന്ന ജില്ലാ നേതാവാണെന്നാണ് ആരോപണം.
ഇദ്ദേഹം നെന്മാറ നിയമസഭാ സീറ്റിനായി പിടിമുറിക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിനു കൂടി വിജയ സാധ്യതയുള്ള മണ്ഡലമായതിനാല്‍ പാര്‍ട്ടിക്കുള്ള വിജയസാധ്യതയും സിറ്റിംങ് എം.എല്‍.എ.യുടെ നിലപാടും മൂലം നെന്മാറക്കാരാനായ സി.പി.എമ്മിന്റെ ഏരിയ സെക്രട്ടറികൂടിയായിരുന്ന കെ ബാബുവിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.
തിരഞ്ഞെടുപ്പു വേളയിലും കെ ബാബുവിനെതിരെ വ്യക്തിപരമായും പാര്‍ട്ടിപരമായും വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നിട്ടും ശക്തമായ ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറിയതോടെയാണെ് പാര്‍ട്ടിയിലെ ഒരു വിഭാഗം എം.എല്‍.എക്കെതിരെ നീങ്ങുന്നത്. നിയോജകമണ്ഡലത്തിലെ മിക്ക ഗ്രാമപഞ്ചായത്ത് ഭരണസമിതികളും പുതിയ എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കിയിട്ടും നെന്മാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇതുവരെ സ്വീകരണവും നല്‍കിയിട്ടില്ല.
ഗ്രാമപഞ്ചായത്തിന്റെ പൊതുചടങ്ങുകളില്‍ പോലും എം.എല്‍.എ ക്ഷണിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. പ്രദേശത്തെ വര്‍ഗ ബഹുജന സംഘടനകള്‍ ഉള്‍പ്പെടെ എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയിലേക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗങ്ങളെ വിളിച്ചാല്‍ പോലും വരാത്ത സ്ഥിതയായിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു വിഭാഗം പാര്‍ട്ടി ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."