ഉ.കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു
സിയൂള്‍: മേഖലയില്‍ യുദ്ധ സാധ്യത നിലനില്‍ക്കെ ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ദക്ഷിണ കൊറിയന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പരീക്ഷണം പരാജയമായിരുന്നുവെന്നും സൈന്യം അറിയിച്ചു. ഉത്തര കൊറിയയുടെ രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് തുടര്‍ച്ചയായി പരാജയപ്പെടുന്നത്. മധ്യദൂര മിസൈലായ കെ.എന്‍ 17 ആണ് വിക്ഷേപിച്ചതെന്നാണ് സംശയിക്കുന്നത്.
ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ആണ് മിസൈല്‍ പരീക്ഷണം സംബന്ധിച്ച പ്രസ്താവന ഇറക്കിയത്. ദക്ഷിണ പ്യോങ്യാങ് പ്രവിശ്യയില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു വിക്ഷേപണം. എന്നാല്‍ മിനുട്ടുകള്‍ക്കകം മിസൈല്‍ പൊട്ടിത്തെറിച്ചു. പരീക്ഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ യു.എന്‍ രക്ഷാസമിതി സംഭവം ചര്‍ച്ച ചെയ്തു. ഉത്തര കൊറിയയുടെ നടപടി മോശമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
അതിനിടെ, യു.എസ്.എസ് കാള്‍ വിന്‍സണ്‍ മേഖലയിലെത്തി. പടക്കപ്പലിനൊപ്പം മറ്റ് നാല് യുദ്ധക്കപ്പലുകളുമുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ യു.എസ് നേവി പുറത്തുവിട്ടു. യു.എസ് പസഫിക് കമാന്‍ഡന്റ് വക്താവ് കമാന്‍ഡര്‍ ഡേവ് ബെന്‍ഹാം ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചു. എന്നാല്‍ മിസൈല്‍ ഉത്തര കൊറിയയുടെ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് എത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജപ്പാന് സര്‍ക്കാറും മിസൈല്‍ പരീക്ഷണത്തെ അപലപിച്ചു. അന്താരാഷ്ട്ര സമൂഹത്തോടുള്ള വ്യക്തമായ വെല്ലുവിളിയാണ് പരീക്ഷണമെന്ന് ലണ്ടനിലുള്ള ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."