ആരിഫിനെതിരേ വ്യക്തിഹത്യ: യു.ഡി.എഫ് മാപ്പു പറയണം: എല്‍.ഡി.എഫ്
ആലപ്പുഴ: ഇടത് സ്ഥാനാര്‍ഥി എ.എം ആരിഫിനെതിരേ വ്യക്തിഹത്യ നടത്തുന്ന യു.ഡി.എഫ് നേതാക്കള്‍ പരസ്യമായി മാപ്പുപറയണമെന്ന് എല്‍.ഡി.എഫ് കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് പി. തിലോത്തമനും സെക്രട്ടറി സി.ബി ചന്ദ്രബാബുവും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കശ്മീര്‍ ടു കേരള ഫൗണ്ടേഷന്‍ എന്ന സംഘടന 2016 ലാണ് രാജ്യത്തെ മികച്ച എം.എല്‍.എ എന്ന നിലയില്‍ ആരിഫിന് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്ന പി.ജെ കുര്യനായിരുന്നു പുരസ്‌ക്കാരം നല്‍കിയത്.
റിട്ട. ജസ്റ്റിസ് കമാല്‍പാഷ, ജമ്മുകശ്മീര്‍ ഗവര്‍ണര്‍ മുഹമ്മദ് ഗുരു എന്നിവരും വേദിയിലുണ്ടായിരുന്നു. ഇതേവേദിയില്‍ വച്ചാണ് മഹിളാകോണ്‍ഗ്രസ് നേതാവും കൊല്ലം ഡി.സി.സി പ്രസിഡന്റുമായ ബിന്ദു കൃഷ്ണയും പുരസ്‌ക്കാരം വാങ്ങിയത്. മുന്‍ വര്‍ഷങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതാവ് പി.വി ഗംഗാധരനും കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനും ഈ പുരസ്‌ക്കാരം വാങ്ങിയിട്ടുണ്ട്. ഇതെല്ലാം തട്ടിപ്പ് പരിപാടിയാണോ എന്ന് യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കണം.
പ്രമുഖ സംരംഭകരായ ലീലാഗ്രൂപ്പിന്റെ ഉടമ ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍ നേതൃത്വം നല്‍കിയിരുന്ന ഈ സംഘടന പല പ്രമുഖ വ്യക്തികളേയും ആദരിച്ചിട്ടുണ്ട്. പരാജയഭീതി മൂലമാണ് യു.ഡി.എഫ് നേതാക്കള്‍ സ്ഥാനാര്‍ഥിയെ തേജോവധം ചെയ്യുന്നത്. എല്‍.ഡി.എഫ് ആഗ്രഹിക്കുന്നത് ആരോഗ്യപരമായ സംവാദമാണെന്നും നേതാക്കള്‍ പറഞ്ഞു. എല്‍.ഡി.എഫിന്റെ പ്രചാരണ സാമഗ്രികളെ സംബന്ധിച്ച് കൃത്യമായി തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് നല്‍കാറുണ്ട്. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും സഹായിക്കുന്ന തെരഞ്ഞെടുപ്പ് സര്‍വേകള്‍ വെറും തട്ടിപ്പാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായിരുന്നു സര്‍വേ. എന്നാല്‍ ഫലം വന്നപ്പോള്‍ എല്‍.ഡി.എഫ് ഉജ്ജ്വല വിജയം നേടി. ആരിഫ് മികച്ച വിജയം നേടുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."